Monday, July 15, 2013

കുടജാദ്രി





       

              ന്താണ് സംഭവിച്ചതെന്ന് വ്യക്തമായിരുന്നില്ല.ബൈക്ക് ഇടതുവശത്തേക്ക്  പാളി വീണു.     മീനെണ്ണയും ചെളിയും കൂടിച്ചേര്‍ന്ന വഴുക്കലില്‍ , ഞാനും ഒന്നുരുണ്ട്  നീങ്ങി. ഏതോ ഒരു വണ്ടിയുടെ വെളിച്ചത്തില്‍ മഴയില്‍ കുളിച്ചു ഞങ്ങള്‍ മൂന്നുപേര്‍ ....ബൈക്കിനടിയില്‍ പെട്ട കാല്‍ വലിച്ച് എടുത്തുകൊണ്ട് വിജേഷ് ......  " എന്താ ഇപ്പോള്‍ സംഭവിച്ചത്?"

ജീവിതത്തിലാദ്യമായി  ബൈക്കില്‍ നിന്ന് വീണ വിക്ടോറിയ കിടു കിടാ വിറച്ചുസ്വതവേ പതിഞ്ഞ ശബ്ദത്തില്‍ വിറയല്‍ മിക്സ്‌ ചെയ്ത് " ഏട്ടാ വല്ലതും പറ്റിയോ?" എന്ന് ചോദിക്കുന്നു. പെട്രോളിന്റ്റെ ഗന്ധം അന്തരീക്ഷത്തില്‍ പടരുന്നു..... 






              ചെങ്ങളായിലെ  വീട്ടില്‍ നിന്നും കുടജാദ്രിയിലെക്കുള്ള  യാത്രയിലെ അവിസ്മരണീയ നിമിഷങ്ങലാണിവ. ബൈക്ക് യാത്രയില്‍ പറ്റാവുന്ന  ഒരബദ്ധം.....വിജേഷ് ഇത്തിരി അധികം അത്മവിശ്വാസത്തിലായിരിക്കാംഞാന്‍ മുന്‍പിലെ വെള്ളക്കെട്ട് കണ്ടു ഒന്ന് ചവിട്ടിയതാ   . വിജേഷ് ചവിട്ടിയോ- ഇനി അഥവാ മീനെണ്ണയും മഴവെള്ളവും ചേര്‍ന്ന വഴുക്കുന്ന റോഡില്‍ തെന്നിയതോ! അറിയില്ല! എന്തായാലും ചോര കിനിയുന്ന കാല്‍മുട്ട് തടവികൊണ്ട്‌ എഴുന്നേറ്റപ്പോഴും നിലത്തു വീണ ബൈക്ക് നിവര്‍ത്തി വെക്കുമ്പോഴും മനസ്സില്‍ ഒരു പ്രാര്‍ത്ഥനയെ ഉണ്ടായിരുന്നുള്ളു.... യാത്ര മുടങ്ങരുതെ....മൂകംബികാ ദേവിയുടെ  അനുഗ്രഹം...യാത്ര മുടങ്ങിയില്ല. 



  ഒരു നല്ല സാഹസിക ബൈക്ക്‌യാത്രയെ കുറിച്ച് ആലോചിച്ചപ്പോള്‍ ആദ്യം മുന്‍പില്‍ വന്നത് കുടജാദ്രിയായിരുന്നു... കാട്ടുമുല്ലകള്‍പൂത്തുലഞ്ഞു നില്‍കുന്ന വനം.....
 കോട മഞ്ഞ് നിറഞ്ഞ മൊട്ടകുന്നുകള്‍..... വെല്ലുവിളിക്കുന്ന റോഡുകള്‍..........രണ്ടോ മൂന്നോ ദിവസം കൊണ്ട് പോയി വരാവുന്ന ദൂരം.. പിന്നെന്തിനു താമസിപ്പിക്കണം....     
     
            യാത്ര പ്ലാന്‍  ചെയ്തപ്പോള്‍ ഞങ്ങള്‍ കുറേപേര്‍ ഉണ്ടായിരുന്നു. സ്റ്റാര്‍ട്ട്‌ ചെയ്യാന്‍ ഞങ്ങള്‍ മുന്നുപേര്‍ ആയി ചുരുങ്ങി. സണ്‍ നെറ്റ്‌വര്‍ക്ക് ടെക്നിഷ്യന്‍ വിജേഷ് .,ഞാന്‍ ഭാര്യ വിക്ടോറിയ. എത്തി ചേരേണ്ട ദൂരവും സമയവും പ്ലാന്‍ ചെയ്തിരുന്നുവെങ്കിലും അപ്രതീക്ഷിതമായ മഴയും റോഡിലെ കുഴികളും തദ്വാരാ വന്ന അപകടവും മംഗലാപുരത്ത് ഒന്‍പതു മണിക്കെത്തി ചേരേണ്ട ഞങ്ങളെ പന്ത്രണ്ടു മണിക്ക് എത്തിച്ചു.അവിടെ റൂം അറേഞ്ച് ചെയ്തു സുഹൃത്ത് ഡോക്ടര്‍:::::: ജിബിനും കുട്ടുകാരും ഞങ്ങളെയും കാത്തിരിക്കുന്നുണ്ടായിരുന്നു.
         രാവിലെ  സുഖകരമായ ഉറക്കം കുടഞ്ഞുകളഞ്ഞു...ഇന്നലത്തെ വീഴ്ച.... വിശദീകരിക്കുന്നില്ല....കാല്കൈ കഴുത്ത് ഇരുന്നു ചെയ്യേണ്ട പ്രാഥമിക കാര്യങ്ങള്‍  ഇരുന്നതു പോലെ ചെയ്തു. അല്ലെങ്കിലും നമുക്ക് കുറച്ചു കൂടുതല്‍ കിട്ടണം...! ഞാനാണല്ലോ ക്യാപ്റ്റന്‍!...........     “വണ്ടിയിലെടുത്ത firstaid എന്തായാലും വേസ്റ്റ് ആയില്ല”. കാല്‍മുട്ടിലെ മുറിവില്‍ ഒഴിച്ച hydrogen peroxide പതഞ്ഞുയരുന്നത് തുടച്ചുകൊണ്ട് ഡോക്ടര്‍ റിജോയ് പറഞ്ഞു.

         അഞ്ചു മണിക്ക് വീണ്ടും ബൈക്കില്‍ .... 180 km ആണ് കുടജദ്രിയിലെക്കുള്ള ദൂരം. മംഗലാപുരം- ഉടുപ്പി-കൊല്ലൂര്‍ . ഒരു ചായ കുടിക്കാന്‍ വണ്ടി നിര്‍ത്തി. പിന്നെ  നേരെ കൊല്ലൂര്‍ക്ക്. അവിടെ എട്ടു മണിക്കെത്തി. അമ്പലത്തില്‍ തിരക്കായിരുന്നു. അധികസമയം  ചിലവാക്കാനില്ല. ഒരു എന്‍ഫീല്‍ഡ് ടീമും ഉണ്ടായിരുന്നു. അവര്‍ക്ക് കുടജാദ്രി മലയിലേക്ക് ബൈക്ക് കയറ്റാന്‍ ധൈര്യമില്ല.
സില്ലി ബോയ്സ്!!!!!!!!!!



     


            ആവേശത്തില്‍ നാല്‍പ്പതു കിലോമീറ്റര്‍  എളുപ്പത്തില്‍ തീര്‍ന്നു . കാട്ടുപാത  അതിന്റെ സ്വഭാവം കാണിച്ചു തുടങ്ങി.ഓഫ്‌ റോഡില്‍ മാത്രം ഓടുന്നത് പോലുള്ള ജീപ്പുകള്‍ ! എത്തി ചേര്‍ന്നത് ഒരു കവലയില്‍ ആയിരുന്നു. ഒന്ന് രണ്ടു ചായക്കടകള്‍ !കുറെ ജീപ്പുകള്‍ !!! കുറച്ചു സഞ്ചാരികള്‍ !!! ഇവിടെ വരെ ബസ്സ്‌ വരുന്നുണ്ടെന്നു ആരോ പറഞ്ഞു. ഇനിയങ്ങോട്ട് ജീപ്പ് മാത്രമേ പൊകൂ. വണ്ടി ഇവിടെ വെച്ചേക്കു  എന്ന് ജീപ്പുകാര്‍ " സ്നേഹത്തോടെ " പറയുന്നു.ഒരാള്‍ക്ക് 250 രൂപയാണ് ചാര്‍ജ് . ഒരു ജീപ്പിനു 2000 രൂപ മുതല്‍ 2500രൂപ വരെയാണ് ചാര്‍ജ്. അതില്‍ കുടജാദ്രിയിലെ ഒന്നര മണിക്കൂര്‍ വെയിറ്റിംഗ്  ചാര്‍ജ് കൂടി ഉള്‍പെടും. ബൈക്കും കൊണ്ടല്ലാതെ ഞങ്ങള്‍ മുകളിലെക്കില്ലെന്നു ഉറപ്പിച്ചാണ് പിന്നത്തെ യാത്ര . റോഡ്‌ !!!! അങ്ങനെ പറയാന്‍ മാത്രമൊന്നുമില്ല ! കാട്ടുവഴി എന്നോ മറ്റോ പറയാം . ചാടികയറിയും വഴുതിയും കയറ്റം തുടര്‍ന്നു .
     
    കഷ്ടിച്ച് ഒരു ജീപ്പിനു കടന്നു പോകാവുന്ന വീതി മാത്രമുള്ള റോഡ്‌!!!!!!.....!!!!................
 ടാക്സി ഡ്രൈവര്‍മാരുടെ പ്രത്യേക  താളത്തിലുള്ള ഹോണുകള്‍ ആണ് റോഡു ബ്ലോക്കുകള്‍ പരമാവധി ഒഴിവാക്കുന്നത്.തിരിച്ചറിയാന്‍ പറ്റാത്ത ഭാഷയിലുള്ള ഡ്രൈവര്‍മാരുടെ ശകാരമാണ് ഞങ്ങളെ സഹായിച്ചത് . സംഗതി പിടികിട്ടിയപ്പോള്‍ കുറെ ആശ്വാസമായി. സത്യത്തില്‍ ജീപ്പില്‍ പോകുന്നവരെക്കാള്‍ ആശ്വാസം ഞങ്ങള്‍ക്കാണെന്നു തോന്നും ,ചില ജീപ്പിനകത്തെ അവസ്ഥ കാണുമ്പോള്‍. ഡ്രൈവിംഗ് പഠിച്ചതിനു ശേഷം  ഏതു വണ്ടിയില്‍ കയറിയാലും വേഗം കൂടുമ്പോള്‍ എന്തെങ്കിലും അരുതായ്ക വരുമ്പോള്‍  എന്റെ കാലുകള്‍ അറിയാതെ ക്ലച്ചും ബ്രേക്കും പരതും. ആ വണ്ടിയില്‍ ആണെങ്കില്‍ പല പ്രാവശ്യം...............!നിലം മുട്ടാത്ത ഫ്രന്റ്‌ വീലുകള്‍ നിലത്തമര്‍ത്തി പിടിച്ചു വേണം ബൈക്ക് ഓടിക്കാന്‍... ഞാന്‍ ചെറുതായി കിതച്ചു തുടങ്ങിയിരുന്നു.കുറച്ചു വീതിയുള്ള ഒരു സ്ഥലത്ത് ബൈക്ക് പാര്‍ക്ക് ചെയ്തു ക്ഷീണം തീര്‍ത്തു .മുമ്പിലെ ജീപ്പില്‍ പോകുന്ന ഒരു ചെറുപ്പക്കാരനന്‍ വീഡിയോ ക്യാമറയില്‍ ഷൂട്ട്‌ ചെയ്യാന്‍ തുടങ്ങിയിരുന്നു .ഞാന്‍ വിജേഷിനെ മുന്നില്‍ കയറ്റിവിട്ടു ക്യാമറക്കാരന് വേണ്ടി നല്ലൊരു racer ആയ വിജേഷ് ഫ്രന്റ്‌ വീല്‍ ഉയര്‍ത്തിയും ചാടിച്ചുകുറച്ചു പ്രകടനങ്ങള്‍ കാണിച്ചു . 
         


      കാലാവസ്ഥ പതിയെ മാറാന്‍  തുടങ്ങി .കോടമഞ്ഞ്‌ വീഴുന്ന പുല്‍പ്പരപ്പുകള്‍ !പച്ചപ്പിന്റെ ഉത്സവം പൂക്കള്‍!! !പൂമ്പാറ്റകള്‍ ,                     വര്‍ഷത്തില്‍ എട്ടുമാസവും പെയ്യുന്ന മഴയുടെ ധാരാളിത്തം ജന്മം നല്‍കുന്ന നീരുറവകള്‍......................തണുപ്പ് ..... യാത്രയുടെ ക്ഷീണം മുഴുവന്‍ മാറി.ബൈക്ക് നിര്‍ത്തി .വണ്ടിക്കു വന്നുചേര്‍ന്ന കുറച്ചു അറ്റകുറ്റപണികള്‍ തീര്‍ത്തും  കുറെ അധികം ഫോട്ടോ എടുത്തും ഞങ്ങള്‍ അവിടം ശരിക്കും ആസ്വദിച്ചു 

















പിന്നീടങ്ങോട്ടുള്ള യാത്ര സത്യത്തില്‍ ചിലരാത്രികളില്‍ ഞാന്‍ കാണുന്ന പേടിസ്വപ്നങ്ങളെ ഓര്‍മിപ്പിച്ചു .താഴെ കാണാത്തത്ര ഉയരത്തിലൂടെ വീതി  കുറഞ്ഞ വഴിയിലൂടെ ഉള്ള യാത്ര.ചരല്‍ നിറഞ്ഞ വഴികള്‍ .താഴെ മഞ്ഞുനിറഞ്ഞ താഴ്വരയിലേക്ക് ഞങ്ങളെ ഉപേക്ഷിച്ചേക്കുമോ എന്ന ഭയത്തോടെയാണ് ഞാന്‍ വണ്ടിയോടിച്ചത്. വീണ്ടും ചരല്‍ നിറഞ്ഞ വഴി. റോഡിന്‍റെ സ്വഭാവം അങ്ങനെയാണ്.  വിജേഷിന്റെ ഭാഷയില്‍എട്ടു കിലോമീറ്റര്‍ പതിനാറു  സ്വഭാവത്തില്‍............ ചെളി ,ചരല്‍ ,ഉരുളന്‍ കല്ലുകള്‍ പാറകൂട്ടങ്ങള്‍......  അങ്ങനെയങ്ങനെ.
         








             കുറെ ജീപ്പുകള്‍ നിര്‍ത്തിയിട്ടത് കണ്ടപ്പോളാണ് സംഗതി ഇവിടെ കൊണ്ട് തീര്‍ന്നെന്നു മനസിലായത്. വണ്ടി പാര്‍ക്കുചെയ്യാനും  വണ്ടി പാര്‍ക്കുചെയ്യനും ഭക്ഷണത്തിനും ഒക്കെ ആയി ഒരിടം.ചോറ്കിട്ടുംഅമ്പതു രൂപ.ചായ,കാപ്പി,സിഗരറ്റ്മുറുക്ക്.ഇങ്ങനൊരു കുന്നിനു മുകളില്‍ ഇത്ര നല്ല അന്തരീക്ഷത്തില്‍ സിഗരറ്റു വില്‍ക്കുന്നതിന്റെയും അത് വാങ്ങി വലിക്കുന്നതിന്റെയും ഔചിത്യം സത്യത്തില്‍ ഇപ്പോഴും മനസിലാവുന്നില്ല.


             ശ്രീ മൂകാംബിക ദേവിയുടെ മൂലസ്ഥാനമായി കരുതപ്പെടുന്ന ശ്രീ ഭദ്രകാളി ക്ഷേത്രം ഇവിടെയാണ്.അരികെ കാട്ടുകല്ലുകള്‍ കൊണ്ട് പടവുകള്‍... കെട്ടിയ ഒരു കുളവും കുളത്തില്‍ വലിയ കുറെ മത്സ്യങ്ങളും ഉണ്ട്.ഇറങ്ങി കുളിരാര്‍ന്ന വെള്ളത്തില്‍ കാലുകഴുകി....
മലമുകളില്‍ ഒരു കിലോമീറ്റര്‍  മുകളിലാണ് സര്‍വ്വജ്ഞപീഠം.പിന്നെ ചിത്ര മൂല...ഈ ഒരു കിലോമീറ്റര്‍ ആരാണ് അളന്നതെന്നു  ആരും ചോദിക്കും................വഴിയില്‍ ഒരു പാറക്കല്ലില്‍  അമര്‍ന്നിരുന്നു ഒരു മധ്യവയസ്ക്കന്‍ ചോദിക്കുന്നുണ്ടായിരുന്നു.





      രാജവെമ്പാലയുടെ വിഹാര കേന്ദ്രമാണ് കുടജാദ്രിമല.കാട്ടുമരങ്ങളില്‍ തൂങ്ങിയാടുന്ന  രാജവെമ്പാലകള്‍ ..........ചെറിയൊരു പേടിയോടെ ഞങ്ങള്‍.......
മരങ്ങളിലേക്ക് നോക്കി...
         അത്ഭുതകരമായതൊന്നു  ഞങ്ങള്‍ കണ്ടു.ഒരടിയോളം നീളമുള്ള  ഒരു തള്ള വിരളിനോളം വലുപ്പമുള്ള ഒരു  പഴുതാര ആയിരുന്നു അത്. പാറകല്ലുകളുടെ വിടവിലേക്ക് അത് ഓടി മറയുന്നത് വരെ ഞങ്ങള്‍ക്ക് ക്യാമറ ഓണ്‍ ചെയ്യാന്‍ സാധിച്ചില്ല..






     
    ആദിശങ്കരാചാര്യരുടെ ആത്മീയയാത്രയില്‍ ധ്യാനനിരതനായ സ്ഥലമാണിത്.. വിശദമായ റൂട്ട് മാപ്പുകളും.. ആവശ്യത്തിന് പണവും.. റോഡ്‌ സൗകര്യവുമെല്ലാം ഒഴിവാക്കിയാല്‍ ആരും കയറി വരാന്‍ ആഗ്രഹിക്കാത്ത  ഈ വന നിബിഡതയിലേക്ക് .... മഞ്ഞിലേക്ക് .. തണുപ്പിലേക്ക്.... എകനായിട്ടായിരിക്കില്ലേ അദ്ദേഹം കയറി വന്നത്... തപസ്സിന്റെ കരുത്തല്ലാതെ എന്തായിരിക്കാം അദ്ദേഹത്തിന് ഊര്‍ജജ ദായകിയായത്.. അദ്ദേഹം തപസ്സിരുന്നു എന്ന് വിശ്വസിക്കുന്ന സ്ഥലത്തെ ചെറിയ നിര്‍മ്മിതി. 
         കുന്നിന്‍ മുകളിലെ സര്‍വ്വജ്ഞപീഠം.... അവിടെങ്ങും ലഭ്യമല്ലാത്ത കൂറ്റന്‍ കല്ലുകള്‍ കൊണ്ട്പണിത ചെറിയ കെട്ടിടം.... കാലത്തിന്റെ പരിക്കുകളെ അതി ജീവിച്ചു കോട മഞ്ഞു പുതച്ചു നില്കുന്നു...
          കൈയില്‍ കൊണ്ട് നടക്കുന്ന ചെറിയ ബോട്ടില്‍ വെള്ളം പോലും ഭാരമായി കരുതുന്ന ഞങ്ങള്‍ ആ കല്ലുകള്‍ അവിടെ എത്തിച്ച കല്ലിനെക്കാള്‍ കടുപ്പമുള്ള ഇച്ഛാശക്തിക്ക് മുമ്പില്‍ നമിച്ചു പോയി.




         














  ചെറിയൊരു ഇടി മുഴക്കം പോലെഎന്തോ കേട്ടു ...
ചിരപരിചിതമായ  ആരോ ഒരു മഴയുടെ ലക്ഷണമാണെന്നതിനെ വ്യാഖ്യാനിച്ചു.
 ഒന്ന് രണ്ടു തുള്ളി മഴ അതിനെ സമര്‍ത്ഥിച്ചുകൊണ്ടു നെറുകയില്‍ വീണു... 
കുറച്ചു വേഗത്തില്‍ തന്നെ ഞങ്ങള്‍  മലയിറങ്ങി.... താഴെ ഞങ്ങളുടെ ബൈക്കിന് വീണ്ടും ജീവന്‍ വെച്ചു. ....





                     കൃത്യം മൂന്നാമത്തെ വളവില്‍ മഴ ആര്‍ത്തു പെയ്യാന്‍ തുടങ്ങി.കോട്ടിനെ തോല്‍പ്പിച്ച് മഴയും തണുപ്പും ബാഗ്‌ പൊതിഞ്ഞ പ്ലാസ്റ്റിക്‌ ഷീറ്റ് അഴിച്ചെടുത്ത് പെട്ടെന്ന് ഒരു താല്‍കാലിക കൂടാരം പണിതു. മൂന്നുപേരുടെ ആറു കൈകളില്‍ ഉയര്‍ത്തി പിടിച്ച ഒരു കൂടാരം. രണ്ട് മണിക്കൂര്‍ ആര്‍ത്തു പെയ്ത മഴ ....... റോഡ്‌  കുത്തിയോലിച്ച് പോകുന്നു. ചില ജീപ്പുകള്‍ ആ കുത്തൊഴുക്കിലൂടെ കടന്നു പോകുന്നുമുണ്ട്. കുറച്ചു ശാന്തമായ മഴയില്‍ വീണ്ടും ബൈക്ക് യാത്ര..... സത്യത്തില്‍ അതൊരു തുടക്കമായിരുന്നു...... 180 km ഞങ്ങളെ അനുഗമിച്ച മഴയുടെ തുടക്കം!!!!! കുന്നിറങ്ങി താഴെ എത്തുമ്പോഴേക്കും ഇരുട്ട് പരന്നിരുന്നു. നനഞ്ഞു കുതിര്‍ന്ന യാത്രയില്‍ ഞങ്ങള്‍ വിറക്കാന്‍  തുടങ്ങി. കൊല്ലൂര്‍ എത്തി നല്ലൊരു ഓം ലെറ്റും ബ്രെഡും കഴിച്ച് ബൈക്കില്‍ ഫുള്‍ ടാങ്ക് പെട്രോളും നിറച്ചു വീണ്ടും യാത്ര!! എനിക്ക് ചെറുതായി സങ്കടം വരാന്‍ തുടങ്ങി- കണ്ണിലും മുഖത്തും കുത്തി വേദനിപ്പിക്കുന്ന മഴ............... സൈഡ് തരാത്ത....ലൈറ്റ്  ഡി൦ ചെയ്യാത്ത വാഹനങ്ങള്‍ !!!! വിക്ടോറിയക്കും വിഷമമാകുന്നുണ്ടാകുമോ...?
 ഞാനൊരു സിനിമാ കഥ എടുത്തിട്ടു...റോബര്‍ട്ടോ ബെനീനീ സംവിധാനം ചെയ്ത "ലൈഫ് ഈസ്‌ ബ്യുടിഫുള്‍" എന്നാ ഇംഗ്ലീഷ് സിനിമയുടെ കഥ. നാസികളുടെ ക്രൂരതകളെ തന്റെ മകന്റെ മുന്‍പില്‍ നിന്നും മറച്ചുവെക്കാന്‍ “ഗിസോ” എന്നാ അച്ഛന്‍ മകന്റെ കുട്ടിത്തത്തിനു ചേര്‍ന്ന വിധത്തില്‍ ഒരു കളിയായി അതിനെ അവതരിപ്പിക്കുന്നതും.. ആയിരം പൊയന്റുകള്‍ നേടിയാല്‍ ഈ കളിയില്‍ നമ്മള്‍ വിജയിക്കുമെന്നും, വിജയിച്ചാല്‍ ഒരു
ടാങ്ക് സമ്മാനം കിട്ടുമെന്നും അവനെ വിശ്വസിപ്പിക്കുന്നു. പരാതി പറയലില്‍ നിന്നുംവാശി പിടികളില്‍ നിന്നും കുഞ്ഞു ജോഷ്വോയെ പിന്തിരിപ്പിക്കുന്നതും ഒടുവില്‍  ക്യാമ്പിലേക്ക്‌ ഗിസോയെ നാസികള്‍ കൊല്ലാനായി പിടിച്ചു കൊണ്ട് പോകുന്നതും ................. നൂറ്റിപ്പത്ത് കിലോമീറ്റര്‍ ഞങ്ങള്‍ മഴയെകുറിച്ചു പരാതി പറഞ്ഞില്ല- കുടജാദ്രിയുടെ അനുഗ്രഹമായി കണ്ടു ഞങ്ങള്‍ നനഞ്ഞു.. മുഖത്ത്‌ വീഴുന്ന മഴത്തുള്ളികള്‍ ഞങ്ങള്‍ ആസ്വദിച്ചു.വഴിയില്‍ ആദ്യമായി കണ്ട ഹോട്ടലില്‍ വിക്ടോറിയയും വിജേഷും ഭക്ഷണം കഴിച്ചു. ഞാനൊരു കാപ്പിയില്‍ ഒതുക്കി ഒരു കസേരയില്‍ ഇരുന്നുറങ്ങി.പതിനഞ്ചു മിനിറ്റു കഴിഞ്ഞു ബില്‍ കണ്ടു ഞെട്ടിയപ്പോള്‍ ഉറക്കംപമ്പ കടന്നു.
         ഒരു മണിയോടെ ഞങ്ങള്‍ മംഗലാപുരത്ത് എത്തി. യാത്രാവിശേഷങ്ങള്‍ അറിയാന്‍  ഡോക്ടര്‍ ജിബിനും കൂട്ടുകാരും ഭക്ഷണമൊരുക്കി കാത്തിരിപ്പുണ്ടായിരുന്നു.



              രാവിലെ മംഗലാപുരത്ത്‌  കുറച്ചു ഷോപ്പിംഗ്‌.. പതിനൊന്നുമണിയോടെ നാട്ടിലേക്ക്‌ തിരിച്ചു. വരുന്ന  വഴി കുമ്പള  അനന്തപുരി ക്ഷേത്രം . ചെറിയൊരു തടാകത്തിനു നടുവിലെ ആ അമ്പലത്തില്‍ ഒരു ഭാഗത്ത് ഒരു ഗുഹയുണ്ട്. ബാലനായ ശ്രീപദ്മനാഭസ്വാമി തിരുവനന്തപുരത്തേക്ക് പോയത്‌ ആ ഗുഹ വഴിയാണെന്നാണ് ഐതിഹ്യം എന്ന് മുന്‍പ് അവിടം സന്ദര്‍ശിച്ചപ്പോള്‍ ആരോ പറഞ്ഞിരുന്നു. തടാകത്തിലെ മുതല തൊട്ടടുത്തുള്ള ദേവിക്ഷേത്രത്തിലെ ചെറിയ കുളത്തിലുന്ടെന്നു അവിടത്തെ പൂജാരി പറഞ്ഞു.കുറച്ചു നേരം കാത്തു നിന്നിട്ടും അവള്‍ ഞങ്ങള്‍ക്ക് ദര്‍ശനം തന്നില്ല.












      

          പകല്‍ യാത്രയായതിനാല്‍ റോഡില്‍ നല്ല തിരക്കായിരുന്നു. വൈകുന്നേരത്തോടെ വീട്ടിലെത്തി. തളര്‍ന്നവശരെങ്കിലും ഞങ്ങള്‍ സന്തോഷത്തിലായിരുന്നു. നാല്‍പത്തിയെട്ടു മണിക്കൂര്‍.......എഴുന്നൂറ് കിലോമീറ്റര്‍...... വര്‍ഷങ്ങളായി ഞാന്‍ കണ്ട ഒരു സ്വപ്നത്തിന്റെ ട്രയല്‍ റണ്‍..... ആണിത്.



    

           തീര്‍ച്ചയായും മറ്റൊരു യാത്രയ്ക്കു വേണ്ടി.....ആ ലക്ഷ്യത്തിലേക്ക്.... വഴിയിലെ ചെറിയ അപകടം.... കനത്ത മഴ ..... എല്ലാം ഞങ്ങളെ കുറേക്കൂടി കരുത്തരാക്കി മാറ്റിയിരുന്നു............

                         

11 comments:

  1. ഇവിടെ എന്താ ആളനക്കം ഒന്നും കാണാനില്ലല്ലൊ!!!

    ഒരുപാടു പേർ പോയ സ്ഥലമാണ് കുടജാദ്രി എന്നതു കൊണ്ടാണോ?

    ആകട്ടെ ഇപ്പോൾ അവിടത്തേക്ക് യാത്രക്കു പറ്റിയ സമയം ആണോ?

     ചെറുപ്പമായിരുന്നു എങ്കിൽ ബൈക്ക് ഒന്നു ശ്രമിക്കാമായിരുന്നു - പക്ഷെ ഇപ്പോൾ വയസായില്ലെ

    നല്ല ഒരു യാത്ര പോയി വന്നതുപോലെ തോന്നിപ്പിച്ചു നന്ദി

    അത് ശരി വേർഡ് വെറിഫികേഷന് അല്ലെ ചുമ്മാതല്ല ആളില്ലാത്തത് ഇതങ്ങെടൂത്ത് കള മാഷെ

    ReplyDelete
    Replies
    1. ഒരു പിടിയുമില്ലാത്തത് കൊണ്ടാ ....നിങ്ങള്‍ പറഞ്ഞപ്പോഴാ എനിക്ക് സംഗതി മനസ്സിലായത് ..........ഇനിയും ഈ വഴി വരുമ്പോ കൂടുതല്‍ പറഞ്ഞു തരണം ....

      Delete
    2. വര്‍ഷത്തില്‍ എട്ടു മാസവും മഴ കാണും ..ഇപ്പൊ നല്ല സമയമാണ് റോഡു പണി നടക്കുന്നുണ്ടായിരുന്നു ഇപ്പൊ തീര്‍ന്നു കാണും

      Delete
  2. വഴിയെല്ലാം മുന്നില്‍ തെളിഞ്ഞുവരുന്ന വിശദമായ വിവരണം . മഴ നനഞ്ഞ ഒരു യാത്ര ഞാനും തരപ്പെടുത്തും. ഇനിയും യാത്രിക്കൂ....ഞാനിതാ പിറകേ....

    ReplyDelete
  3. ബ്ലോഗിന്റെ സെറ്റിങ്ങ്സിൽ  പോയാൽ മതി അതിൽ ഒരിടത്ത് ഷോ വേഡ് വേരിഫികേഷൻ എന്നൊരെണ്ണം കാണം അതിലെ ടിക് എടുത്ത് കളഞ്ഞ് സേവ് ചെയ്താൽ മതി 

    ReplyDelete
  4. ഹ ഹ ഹ അത് നേരത്തെ എടുത്ത് കളഞ്ഞു അല്ലെ താങ്ക്സ്

    ReplyDelete
  5. തുമ്പിക്ക് സ്വാഗതം.... മഴ നനയുന്നത് ഒരു മണിക്കൂര്‍ ഒക്കെ സഹിക്കാം ആസ്വദിക്കാം നൂറ്റി എന്പതു കിലോമീറെര്‍ അര്‍ദ്ധരാത്രി മഴ നനയുക കുറച്ചേറെ അസഹനീയം ആണ്

    ReplyDelete
  6. നന്നായിട്ടുണ്ട് , എല്ലാത്തിനും വിശദീകരണം നല്കാൻ പറ്റിയില്ല എങ്കിലും എന്റെ അടുത്തുള്ള അമ്പലത്തിനെ കുറിച്ച് പറയണം എന്ന് തോനുന്നു ,അനന്തപുരം കേരളത്തിലെ ഒരേ ഒരു തടാക ക്ഷേത്രം ആണ് ,നിങ്ങൾ പോയ സമയം ആ അമ്പലത്തിണ്ടേ പണി നടക്കുന്ന സമയം ആയിരുന്നു ,അതാണ്‌ മുതല അപ്പുറത്തുള്ള ചെറിയ കുളത്തിൽ ഉണ്ടാവാൻ കാരണം ,സ്വയം അപ്പുറവും ഇപ്പുറവും ആ മുതല പോവുനുണ്ട് ,എന്നാലും പണി മുഴുവൻ ആയി കഴിഞ്ഞ ഈ സമയം അമ്പല കുളത്തിൽ തന്നെ ആണ് ഉള്ളത് ,ശര്കര കൂട്ട് പ്രധിഷ്ട്ടയാണ് ഇവിടെ ഉള്ളത് ,വളരെ അപൂർവ സ്ഥലത്തെ ഇതു പോലെ ഉള്ള പ്രധിഷ്ട്ട ഉള്ളു ,

    ReplyDelete
  7. സര്‍വ്വജ്ഞപീഠം വരെ മാത്രം പോയി തിരികെ പോന്നോ ? ചിത്രമൂല പോയില്ലേ? കഷ്ടമായി പോയല്ലോ മാഷേ...

    ReplyDelete
    Replies
    1. എനിക്കും നേരിയ വിഷമം ഇല്ലാതില്ല

      Delete
  8. നല്ല വിശദീകരണം നേരിട്ടു പോയതു പോലുള്ള അനുഭവം.

    ReplyDelete