Tuesday, December 24, 2013

കസ്തൂരി രംഗന്‍ വക ഗൂടല്ലൂര്‍ ......


    കസ്തൂരി രംഗന്‍ റിപ്പോര്ട്ടി നെതിരായി  മലബാറിലെ മലയോര മേഖലയില്‍ നടന്ന അക്രമ സംഭവങ്ങള്‍ വായിച്ചു കൊണ്ടിരിക്കുമ്പോള്‍ സജന്റെ അപ്രതീക്ഷിത ചോദ്യം "അനിയേട്ടാ നമുക്കൊന്നു ഗൂടല്ലുര്‍ പോയാലോ ?:"    ആലോച്ചനക്കധികസമയം വേണ്ടാതതിനാലും തിങ്കളാഴ്ച ഇടതു പക്ഷം കേരള ബന്ദു  പ്രഖ്യാപിച്ചതിനാലും  ഭാര്യക്ക്‌ ലീവ് കിട്ടുമോ എന്നറിയാനുള്ള ഒരൊറ്റ കാള്‍ കൊണ്ട് ഞാനെന്റെ യാത്ര ഫിക്സ് ചെയ്തു
 ഞായറാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെ എത്തിച്ചേര്‍ന്ന സജന്റെ വണ്ടിയില്‍ ഞങ്ങള്‍ (ഞാന്‍ ഭാര്യ വിക്ടോറിയ ,
സജന്‍ അവന്റെ ഭാര്യ നീതു )യാത്ര  തുടങ്ങി
      പാത തീര്‍ത്തും വിജനമായിരുന്നു .കസ്തൂരി രംഗന്‍ റിപ്പോര്ട്ടിനെതിരായി തലേന്ന് വയനാട് ഹര്‍ത്താല്‍ ആയതിനാലും ഏതു സമയത്തും കേരളം മുഴുവന്‍ നടന്നേക്കാവുന്ന ഒരു ഹര്ത്താലിനാഹ്വാനം വരുമെന്നതിനാലുമായിരിക്കാം ചരക്കു വാഹനങ്ങള്‍ പോലുമില്ലായിരുന്നു ....ഒന്ന് കാണുമ്പോ പോലും വെറുതെ ഞെട്ടുന്ന പോലീസ്  വാഹനങ്ങള്‍ ആരെഴെണ്ണം മറിച്ച ട്ട് കത്തിച്ച കാഴ്ച കണ്ടു ഞെട്ടലോടെയാണ് ഞങ്ങള്‍ കൊട്ടിയൂര്‍ പല്ച്ചുരം വഴി കടന്നു വന്നത്.     റോഡില്‍ മറിച്ചിട്ട കൂറ്റന്‍ പാറക്കല്ലുകള്‍, മരങ്ങള്‍ ,ഇലക്ട്രിക് പോസ്റ്റുകള്‍ .....ഭീകരക്കാഴ്ചകള്‍ ഒന്നും കാണാതെ ഒരാള്‍ സുഖമായി  ഉറങ്ങി  സജന്റെ ഭാര്യ നീതു .....പ്രഭാതത്തില്‍ കാറിലെ എ സി യില്‍ യാത്രക്കായി തെരഞ്ഞെടുത്ത സംഗീതവും ആസ്വദിച്ച് പുതച്ചുറങ്ങുന്ന ഒരാളെ വിളിച്ചു ചുമ്മാ പേടിപ്പിക്കെണ്ടല്ലോ ന്നു കരുതി ഞങ്ങളാരും അവളെ വിളിച്ചില്ല  .
  നേരം വെളുക്കുമ്പോഴേക്കും ഞങ്ങള്‍ സുല്‍ത്താന്‍ ബത്തേരി കഴിഞ്ഞിരുന്നു .അവിടത്തെ ചെറിയൊരു ഹോട്ടലില്‍  നിന്ന് നന്നായി പ്രഭാത ഭക്ഷണം കഴിച്ചു . കുറച്ചു ദിവസം മുന്നേ യാത്രക്കാരുടെ പ്രശ്നങ്ങളെ കുറിച്ച് മാതൃ ഭൂമിയില്‍ ഒരു റിപ്പോര്‍ട്ട് വന്നിരുന്നു ടോയ് ലെറ്റ്‌ സൌകര്യത്തെ കുറിച്ചായിരുന്നു അത് .ഹോട്ടല്‍ ,പെട്രോള്‍ പംബ് മുതലായ ഇടങ്ങളിലെ ഈ വക സൌകര്യങ്ങളുടെ പരിമിതി വ്യക്തമാക്കുന്നതായിരുന്നു അത് .ഗെവേര്‍ന്മെന്റിന്റെ കാര്യം പോട്ടെ ഇതിലും വലിയ കാര്യങ്ങള്‍ കൊണ്ട് തന്നെ  കഷ്ടപ്പെടുന്നു അപ്പോഴാ കക്കൂസ്  . ഞങ്ങള്‍ ചായ കുടിച്ച ഹോട്ടലിന്റെ അവസ്ഥയും അതായിരുന്നു . ഒടുവില്‍ മാന്യമായി റോഡരുകില്‍ ഒരു പാട്ടും പാടി മുളേളണ്ടി  വന്നു കണ്ട്രി മലയാളന്‍ ..
  ...കുറച്ചു മാനുകളെ മാത്രമായിരുന്നു ഞങ്ങള്‍ക്ക് മുത്തങ്ങ ഫോരെസ്റ്റില്‍ കാണാന്‍ സാധിച്ചത് .
എട്ടു മണിയോടെ ഗുണ്ടല്‍ പെട്ട് എത്തി ചേര്‍ന്ന് . പൂത് നില്‍കുന്ന ഒരു സൂര്യകാന്തി പാടം  ഫോട്ടോ  എടുക്കാനുള്ള ലോകെഷന്‍ ആയി ഞങ്ങള്‍ തിരഞ്ഞെടുത്തു ..കുറെ അധികം ഫോട്ടോകള്‍ ഞങ്ങളവിടെ നിന്നുമെടുത്തു .
 ഇനി ഗുടല്ലൂര്‍ ഞങ്ങളെ കാത്തിരിക്കുന്ന പപ്പയുടെ (സജന്റെ അമ്മാവന്‍ ....അദ്ദേഹത്തെ സാജന്‍ പപ്പാ എന്നാ വിളിക്കുന്നത്‌ ആ വഴിക്ക് ഞങ്ങളുടെ എല്ലാവരുടെയും പപ്പയായി അദ്ദേഹം മാറി) അടുത്ത് രണ്ടു മണിക്ക് എത്തുമെന്നായിരുന്നു അറിയിച്ചത് .ഇനി എവിടെ ...?.... എന്ത് ചെയ്യും ..?... ഗോപാല്‍ സ്വാമി ബെട്ട ക്ഷേത്രം ....സിമ്പിള്‍ ... ഗുടല്ലു രില്‍ നിന്നും 12 കിലോമീറ്റര്‍ മാത്രം അകലമുള്ള ഗോപാല്‍ സ്വാമി ബെട്ട ക്ഷേത്രം ഒരു ട്രയാക് ജങ്ങ്ഷന്‍ ആണ് കേരളവും തമിഴ് നാടും ,കര്‍ണാടകവും അതിരിടുന്ന പ്രദേശം . ഹൊയ്സാല  രാജാക്കന്മാരായിരുന്നു ക്ഷേത്രം നിര്‍മ്മിച്ചത്‌ എല്ലായ്പോഴും മഞ്ഞു തുള്ളികളാല്‍ ഇവിടുത്തെ പ്രതിഷ്ഠ അഭിഷേകം ചെയ്യപ്പെടുമത്രേ ഹിമവത് സ്വാമി ക്ഷേത്രം എന്നും കൂടി ഈ ക്ഷേത്രം അറിയപ്പെടുന്നു ....
    കുത്തനെയുള്ള കയറ്റം കയറി വണ്ടി തളരാന്‍ തുടങ്ങിയിരുന്നു . കൂടാതെ നീതുവിന്റെ മോര്‍ണിംഗ് സിക്നെസ്സ് ഉം . ഞങ്ങള്‍ വണ്ടി ഇടയ്ക്കിടെ പാര്‍ക് ചെയ്താണ് ഓടിച്ചത്

 കുന്നിന്‍ മുകളിലെ അത്ഭുത ലോകം എല്ലാവര്ക്കും ഒരനുഭൂതിയയിരുന്നു . മഞ്ഞു തുള്ളികളുടെ ശീതള സ്പര്‍ശവുമായി ആഞ്ഞടിക്കുന്ന കാറ്റ് . സൂചികഗ്ര വൃക്ഷങ്ങള്‍ .....ബന്ദിപ്പൂര്‍ നാഷണല്‍ പര്കിന്റെ ഒരു ഭാഗമാണ് ക്ഷേത്രം നില്‍കുന്ന കുന്നു ...ഫോറസ്റ്റ്  ഡിപ്പാര്‍ട്ട് മെന്റിന്റെ സമ്മതത്തോടെ മാത്രമേ അകത്തു പ്രവേശനം കിട്ടൂ ചെറിയൊരു ഫീസ്‌ ഈടാക്കുന്നുമുണ്ട് ..പ്രധാന ആകര്‍ഷണം കാലാവസ്ഥ തന്നെ കേരള ഭാഗത്തു നിന്നും വരുന്ന മഴ മേഘങ്ങള്‍ ആ വന്മ്മലയുടെ പാര്‍ശ്വത്തില്‍ തട്ടി യുരുംമി കടന്നു പോകുന്നതാണ് തണുത്ത കാറ്റിനും മഞ്ഞിനും കാരണമാകുന്നത് .
   സത്യത്തില്‍ ഞാനിവിടെ മൂന്നാമത്തെ പ്രാവശ്യമാണ് വിക്ടോറിയ യും . രണ്ടാമത്തെ പ്രാവശ്യം വന്നപ്പോള്‍ മഞ്ഞുമില്ല ഈ കാറ്റുമില്ല . എഴുതി വെച്ചിരുന്ണേല്‍ ഒരു പത്തു പേജു വിവരണം കൊടുത്തു കൂട്ടി കൊണ്ട് വന്ന അനിയന്റെ അന്നത്തെ ഒരു നോട്ടത്തിനു നേര്‍ത്ത കുളിരിലും ഞാന്‍ വിയര്‍ത്തു പോയിരുന്നു . ആയതിനാല്‍ ഇപ്രാവശ്യം മുകളിലെത്തുന്നത് വരെ ഞങ്ങള്‍ കാണാന്‍ പോകുന്ന പൂരത്തെ കുറിച്ച് അപ്രഖ്യാപിതവും ആത്മാര്‍ത്ഥവുമായ മൌനം പാലിച്ചിരുന്നു .അത് കൊണ്ട് മുന്‍ കൂര്‍ ജാമ്യം .....ഇത് വായിച്ചു അവിടെ പോകുന്നവര്‍ ഭാഗ്യമുള്ളവര്‍ കൂടി ആയിരിക്കണം
   അമ്പലത്തിന്റെ വലതു വശത്ത് കുറച്ചു താഴെയായി കുന്നിന്‍ പള്ളയില്‍ ഒരു തടാകമുണ്ട്‌ .ഇപ്പോള്‍ ഇവിടെ അമ്പലത്തില്‍ നിന്നും കാണാമെന്നല്ലാതെ അവിടേക്ക് സന്ദര്‍ശകര്‍ക്ക് പ്രവേശനമില്ല











   1454 മീറ്റര്‍ ഉയരത്തിലാണ് ക്ഷേത്രം പണ്ട് കാലത്ത് മൈസൂര്‍ രാജാക്കന്മാരു ടെയും ബ്രിട്ടിഷ് അതിഥി കളുടെയും നായാട്ടിനും മറ്റുമായി ഒരു ഗസ്റ്റ്‌ ഹൌസ് ഇവിടെ നിര്‍മിക്കപ്പെട്ടിട്ടുണ്ടായിരുന്നു ഇന്ന് തകര്‍ന്നു കിടക്കുന്ന ഇവ സഞ്ചാരികളുടെ പ്രകൃതി യുടെ വിളിയില്‍ ദുര്‍ഗന്ധ പൂരിതമാണ് ...ഹോ പിന്നേം കക്കൂസ്  ഞാനെന്താ ഇത് വിടാതെ പിടിക്കുന്നത്‌ ...? സത്യത്തില്‍ വേറൊന്നും കൊണ്ടല്ല ഈ ദുര്‍ഗന്ധങ്ങള്‍ നമ്മളെ എത്ര പ്രതികൂലമായി ബാധിക്കും ...ഒരു മികച്ച സഞ്ചാര കേന്ദ്രം എന്നാ നിലയിലെക്കെത്താന്‍ ഇത്തരം അടിസ്ഥാന സൌകര്യങ്ങള്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്നത്‌ തന്നെയാണ് . ഇതിന്റെ ഒക്കെ അപര്യാപ്തത  കൊണ്ടല്ലേ ഇന്ത്യ യിലേക്ക്  വരുന്ന സഞ്ചാരികള്‍ നിര്‍ബന്ധമായും മലംബനിക്കും മഞ്ഞ പ്പിതത്തിനും  എതിരെയുള്ള വാക്സിനേഷന്‍ ചെയ്യണം എന്ന നിര്‍ദേശം ഒരപമാനം പോലെ വിദേശ ടൂറിസം സൈറ്റുകളില്‍ കാണേണ്ടി വരുന്നത് .? നമ്മുടെ തന്നെ വിനോദ /തീര്‍ര്ത്ഥ യാത്രകള്‍ ആശു പത്രികള്‍ വരെ നീളുന്നത്...?

        അവിടെ ഒരു മണിക്കൂറോളം ചെലവഴിച്ചാണ് ഞങ്ങള്‍ മലയിറങ്ങിയത് . ഒത്തു വന്നാല്‍ ഒരു കടുവയെ ഒക്കെ  കാണാന്‍ സാധ്യത ഉളളത് കൊണ്ട് രോടിനിര് വശവും ഞങ്ങള്‍ അരിച്ചു പെറുക്കി നോക്കിയിരുന്നു നിരാശയായിരുന്നു ഫലം ....
    ദരിദ്ര നാരായണ വേഷമുള്ള ഗ്രാമീണരും ഫല ഭൂയിഷ്ടമായ കൃഷി ഭൂമിയും എന്ന വൈരുധ്യ ഭൂമിയിലെ  ഒരു ബേക്കറി യില്‍  നിന്ന് ഒരു ചായയും കുറച്ചു സ്നാക്സും കഴിച്ചു ഞങ്ങള്‍ ഊട്ടി റോഡില്‍ ഗൂടല്ലൂര്‍ ക്കു യാത്ര തുടങ്ങി
"നന്ദി വീണ്ടും വരണം " എന്ന കര്‍ണാടക സര്‍ക്കാരിന്റെ ബോര്‍ഡ് തീരുന്ന്യിടമൊരു പാലമാണ് പാലം കഴിഞ്ഞാല്‍ "വെല്‍കം തമിള്‍ നാട് " എന്നാ ബോര്‍ഡിനും അപ്പുറം തമിഴ് നാടിന്‍റെ ചെക്ക് പോസ്റ്റ്‌ കപ്പടാ മീശ വെച്ച മുഷ്കന്‍ ഓഫിസര്‍ ക്കു രസീറ്റ്‌ ഇല്ലാത്ത അമ്പതു രൂപ എന്‍ട്രി ഫീസ്‌ കൈക്കൂലി .....
      കാട്ടില്‍ മൃഗങ്ങള്‍ക്ക് ക്ഷാമമേ ഇല്ലായിരുന്നു മാനുകള്‍ ,മയിലുകള്‍, കുരങ്ങന്മാര്‍ കാമറ വിശ്രമമില്ലാതെ പണിയെടുത്തു  പരമാവധി മുപ്പതു കിലോമീറ്റെര്‍ വേഗമെന്നത് ഞങ്ങള്‍ അക്ഷരം പ്രതി അനുസരിച്ച് ഇരുപതു കിലോമീറ്റെര്‍ ലായിരുന്നു വണ്ടി ഓടിച്ചത് .


     രണ്ടു മണിയോടെ ഞങ്ങള്‍ പപ്പയുടെ ഗൂടല്ലുരെ വീട്ടില്‍ എത്തിച്ചേര്‍ന്നു . കുന്നുകള്‍ക്കും മുകളില്‍ ഒരു മലയാള ഗ്രാമം അതാണ് പപ്പയുടെ ഗ്രാമം . തേയില കാപ്പി തോട്ടത്തിന് നടുവിലെ ലളിതവും മനോഹരവുമായൊരു വീട്
  ഞങ്ങള്‍ക്കായി തയ്യാറാക്കിയ വിഭവ സമൃദ്ധമായ ഭക്ഷണം ഞങ്ങളുടെ വയര്‍ നിറച്ചു അതിലുപരി അപൂര്‍വ്വം ആളുകളില്‍ മാത്രം കാണുന്ന നിഷ് കളംകമായ സംഭാഷണങ്ങളും കൊണ്ട് പപ്പയും മമ്മിയും ഞങ്ങളുടെ മനസ്സും നിറച്ചിരുന്നു . വൈയ്കിട്ട് ഞങ്ങള്‍ സ്കൂള്‍ പള്ളി എന്നിവയും പരിസരവും കാണാനിറങ്ങി .പപ്പയുടെ ഗ്രാമം കുറെയേറെ ശ്രീലങ്കന്‍ ഗ്രാമം കൂടിയാണ് .ശ്രീലങ്കയില്‍ നിന്നും അഭയാര്‍ഥി കളായി ഇന്ത്യയില്‍ എത്തി ചേര്‍ന്നവരെ തമിഴ്നാട്‌ ഗവണ്മെന്റ് പുനരധി വസിപ്പിച്ച സ്ഥലങ്ങളിലൊന്നാണ് ഗൂടല്ലൂര്‍ . സത്യത്തില്‍ പപ്പയുടെതടക്കം കൃഷി ഭൂമികള്‍ക്ക് പട്ടയമില്ല .ഒരായുസ്സിന്റെ സമ്പാദ്യം മുഴുവന്‍ ഒരു രേഖയുമില്ലാതെ .....!! അനധി വിദൂരമായ ഭാവിയില്‍ കുടിയിരക്കപ്പെട്ടെക്കുമെന്ന ആശങ്ക സംസാരത്തില്‍ മുഴുവനുമുണ്ടായിരുന്നു ....മഴക്കാര്‍ നിറഞ്ഞ കാലാവസ്ഥ എനിക്ക് സൂര്യാസ്തമയം നഷ്ടമാക്കി ...
    രാത്രി ഭക്ഷണത്തിന് ശേഷം നേരത്തെ എനിക്ക് നഷ്‌ടമായ സൂര്യസ്തമാനത്തിന്റെ നഷ്ടം നികത്തിയത് രാത്രിയോടെ തെളിഞ്ഞ ആകാശത്തെ നിലാവായിരുന്നു കുളിരുള്ള കാലാവസ്ഥയും കിഴക്ക് ഭാഗത്ത്‌ എനിക്ക് ലഭിച്ച മുറിയുടെ സുതാര്യമായ ജനലില്‍ കൂടി എനിക്ക് ലഭിച്ച പൂര്‍ണ ചന്ദ്രന്റെ കാഴ്ചയും .....നിലാവും നകഷത്രങ്ങളും ഇടയ്ക്കവയെ വിഴുങ്ങുന്ന മേഘങ്ങളും ...അതിമനോഹരമായ ആ രാത്രിയില്‍ എപ്പോഴായിരുന്നു ഞാനു റ ങ്ങിയത് .....
    പുലര്‍ച്ചെ ഞാനും സജനും ഒന്ന് നടക്കാനിറങ്ങി . പ്രഭാത സൂര്യന്റെ കുറച്ചു ഫോട്ടോ എടുക്കുകയായിരുന്നു ലക്‌ഷ്യം കിഴക്ക് ഭാഗത്തെ മലനിരകള്‍ക്കു മുകളിലെ സൂര്യോദയം കുറെയേറെ താമസിച്ചാണ് തെളിഞ്ഞ ആകാശവും നേരിയ മഞ്ഞും എനിക്ക് കുറച്ചു നല്ല ഫോട്ടോ എടുക്കാനുള്ള അവസരം തന്നു .
  പ്രഭാത  ഭക്ഷണത്തിന് ശേഷം ഞങ്ങള്‍ സൂചി മല കാണാനിറങ്ങി ഗൂടലുര്‍ കാര്‍ക്കിത് ഊസി മലയാണ് ....ഊസി മല ........സൂചി മല എന്നതിന് പകരം ഊസി മല എന്ന് വിളിക്കാന്‍ തന്നെയാണ് എനിക്കെന്തോ  താല്പര്യം . തുടച്ചു മിനുക്കി മലയാളീകരിക്കുമ്പോള്‍ പേരില്‍ വെറും "ഊശി " ആണെങ്കിലും ആ ഗാംഭീര്യം നഷ്ട പെട്ട് പോകുന്നത് പോലെ . മാത്രമല്ല എത്തിപ്പെടുന്ന ഏതു സ്ഥലവും അന്നാട്ടുകാരുടെ കണ്ണുകളോടെ അവരുടെ വികാരങ്ങളോടെ ആസ്വദിക്കുന്നതല്ലേ  നല്ലത് ....പേര് പോലും മാറ്റാതെ .......?
   ആകാശത്തിന്റെ അനന്തതയിലേക്ക് ശിഖരങ്ങള്‍ നീട്ടിയ യൂക്കാലിപ്സ് തോട്ടത്തില്‍ കൂടി ഊസി മലക്കുള്ള
റോഡരുകില്‍ ഞങ്ങള്‍ വണ്ടി നിര്‍ത്തി . ഗുണ്ടല്‍ പെട്ട് നിന്നും വാങ്ങിയ കുറച്ചു വത്തക്ക ഡിക്കിയില്‍ ഉണ്ടായിരുന്നു അത്  അവിടെ നിന്നും കഴിച്ചു . വിടര്‍ന്ന കണ്ണുകളോടെ വിസ്മയ ക്കഴ്ചകളെ നിറഞ്ഞാ സ്വദിക്കുന്ന ഒരു സ്കൂള്‍ പഠന യാത്ര സംഘം കയറിയ ബസ് ഞങ്ങള്‍ക്ക് മുന്നിലൂടെ ചുരം കയറി പോയി . എത്രയേറെ കണ്ണുകള്‍ക്ക്‌ ...മനസ്സുകള്‍ക്ക് ആശ്ചര്യ ദായകമായി ട്ടുണ്ടാവം ഈ മനോഹരമായ പ്രദേശം ....? ഉത്തരം കിട്ടില്ലെങ്കിലും ഇത്തരത്തില്‍ ചില ചോദ്യങ്ങള്‍ സ്വന്തം മനസ്സിലെറിഞ്ഞു കൊളുത്തി വലിക്കല്‍ എനിക്കൊരു സുഖമുള്ള കാര്യമാണ് .ആരായിരിക്കും ഈ മരങ്ങള്‍ നട്ടത് ......? ആരായിരിക്കും ഇവിടുത്തെ ആദ്യത്തെ താമസക്കാര്‍ ....?     എങ്ങനെയായിരിക്കും ...? എന്തിനായിരിക്കും ....?   എപ്പോഴായിരിക്കും ...? ചിലപ്പോ ചില ചോദ്യങ്ങള്‍ ആയിരിക്കും എന്നെ യാത്ര ചെയ്യാന്‍ പ്രേരിപ്പിക്കാര് ...മറ്റു ചിലപ്പോ ഉത്തരങ്ങളും .....
      ഒരു വശത്ത് പ്രൌഡ ഗംഭീരമായ ഒരു മലക്കിപ്പുരമാണ് കുത്തനെയുള്ള സൂചിമല . നിരന്നു പടര്‍ന്നു കിടക്കുന്ന യുകളിപ്സു തോട്ടങ്ങള്‍ക്കും അപ്പുറം ഒരു ചെറിയ വ്യൂ പൊയന്ടുണ്ട്  ഇവിടെ  നിന്നും നോക്കിയാല്‍ ചെറിയ തീപ്പെട്ടികള്‍ പോലെ കെട്ടിടങ്ങളും വാഹനങ്ങളുമുള്ള ഗൂടലുര്‍ ടൌണ്‍ കാണാം ഉച്ചയോടെ ഞങ്ങള്‍ മലയിറങ്ങി
      ഊട്ടിക്കും ഗൂടല്ലൂരി നും എനിക്ക് ഒരൊറ്റ വ്യത്യാസമേ തോന്നിയിട്ടുള്ളൂ ഡ്രൈവ് ചെയ്യുന്ന സമയത്ത് ഒന്ന് റോഡ രുക് ചേര്‍ന്ന് വണ്ടി നിര്‍ത്താന്‍ വിചാരിച്ചാല്‍ ഊട്ടിയില്‍ സാധിച്ചെന്നു വരില്ല ..പാര്‍ക്കിംഗ് നു ഇടമില്ലാത്ത ഇടുങ്ങിയ റോഡുകള്‍ ..അതാണ് ഊട്ടി .ഇവിടെ ഗൂടല്ലൂര്‍ അങ്ങനെയൊരു ബുദ്ധി മുട്ടില്ല .
  വര്‍ഷങ്ങള്‍ക്കു മുന്‍പ് ഞാന്‍ ടി വി റെക്നിഷ്യന്‍ ആയിരുന്നപ്പോള്‍ എനിക്ക് ഡിജി റ്റ ല്‍ രസീവരുകള്‍ സര്‍വ്വീസ് ചെയ്യാനുള്ള പരിശീലനം തന്ന രാജ് കുമാര്‍ എന്നാ ടെക്നിഷ്യന്‍ നെ കാണാനും പഴയ ബന്ധം പുതുക്കാനും സാധിച്ചത് ഒരനുഭവമായിരുന്നു (ഞാനും എന്റെ പ്രീയപ്പെട്ട കൂട്ടുകാരന്‍ ശ്രീകുമാറും ചേര്‍ന്ന് ആദ്യമായി ഗൂടലുര്‍ വന്നത് ഒരു ബജാജ്കെ  ബി ബ്യ്ക് നായിരുന്നു..അതൊരു രസമുള്ള യാത്ര പിന്നൊരിക്കല്‍ എഴുതാം )  തിരിച്ചു യാത്രയില്‍ പപ്പയും മമ്മിയും ഞങ്ങളുടെ കൂടെ നാട്ടിലേക്കു വന്നിരുന്നു.  
                         അപ്രതീക്ഷിതമായ സന്തോഷങ്ങളുടെ ഘോഷ യാത്രയാണ്‌ ജീവിതമെന്നും കാലം നമുക്കായി                   ഇനിയും പലതും കരുതി വെച്ചിട്ടുണ്ടാവുമെന്നു വീണ്ടുമൊരിക്കല്‍ കൂടി ഓര്‍മിപ്പിച്ച പപ്പ തികച്ചും അപ്രതീക്ഷിതമായി ഒരു തടിയന്‍ പുസ്തകം എടുത്തു തന്നു . പപ്പയുടെ ഗൂടലുരെ വീട്ടില്‍ വന്നവര്‍ എഴുതി വച്ച യാത്ര വിവരണങ്ങള്‍ ആയിരുന്നു അവ . കുറച്ചെണ്ണം ഞാന്‍ വായിച്ചു ..ഞങ്ങളുടെതായി  ഒന്ന് എഴുതുക എന്നതിന് ഞങ്ങള്‍ നിര്‍ബന്ധിതനായി അതിന്റെ ഫലമായി എഴുതിയതാണിത്.
       ആദ്യമായിട്ടായിരുന്നു  യാത്ര തീരുന്നതിനും മുന്നേ യാത്രാ വിവരണം എഴുതിയത്


Tuesday, October 29, 2013

ഒരപകടം

   നവംബര്‍ 27 നു രാത്രി ഞാനും എന്റെ ഭാര്യ വിക്ടോറിയ  യും കണ്ണൂരില്‍ നിന്നും കൊഴികോട് പോവുകയായിരുന്നു സമയം രാത്രി പതിനൊന്നു മണി ആയിക്കാണും  എന്നെ ഓവര്‍ ടേക്ക് ചെയ്തു ഒരു ബുള്ളറ്റ് കടന്നു പോയി .

ഒരു ബുള്ളറ്റു പ്രേമി ആയതിനാല്‍ ഞാനത് നന്നായി ശ്രദ്ധിച്ചിരുന്നു . ഒരു ഫോര്‍ രാജി സ്ട്രഷന്‍  ബുള്ളറ്റ് എന്റെ  കാറിന്റെ മീറ്ററില്‍ അറുപതാണ് വേഗം ബുള്ളറ്റ് എഴുപതിനും മുകളില്‍ ആയിരിക്കും ആ വണ്ടിയുടെ പുറകിലിരുന്നയാല്‍ കൈ കൊണ്ട് കാണിച്ച സിഗ്നല്‍ എന്തായിരുന്നോ ആവൊ ...?പിന്നീട് എന്നെ രണ്ടു വണ്ടികള്‍ ഓവര്‍ ടേക്ക്  ചെയ്തു ഒരു ടവേരയയിരുന്നു അടുത്തത് ഞാന്‍ കാണുന്നത് നൂറു മീറ്ററോളം അകലെ വെളിച്ചത്തിന്റെ ഒരു മലക്കം മറിച്ചാല്‍ ആയിരുന്നു എന്റെ വണ്ടി അവിടെ എത്തിയപ്പോള്‍ കണ്ട കാഴ്ച ഇതായിരുന്നു  റോഡരുകില്‍ ചോരയില്‍ കുളിച്ച ഒരാള്‍ മുഖം മുഴുവന്‍ ചോര.
അയാള്‍ ധരിച്ച താടി കവര്‍ ചെയ്യാത്ത ഹെല്‍മെറ്റ്‌ അഴിഞ്ഞു കിടക്കുന്നു .ചിലപ്പോള്‍ ചിന്‍സ്ട്രാപ് ധരിചിട്ടുണ്ടാവില്ല

 ... മറ്റൊരാള്‍ കുറച്ചപ്പുറം കമിഴ്ന്നു കിടക്കുന്നു ,  കൂര്‍ക്കം വലിപോലെ ആയാസപ്പെട്ട ശ്വാസത്തിന്റെ ശബ്ദം..................
 റോഡിനു നടുവിലെ ചെറിയ ദിവൈടരില്‍ തട്ടി തെറിച്ചതാണോ....? 
അറിയില്ല .....


        ഞാനും ഭാര്യയും വിചാരിച്ചാല്‍ എടുത്തു വണ്ടിയില്‍ കയറ്റാന്‍ പറ്റില്ല 

  ഞങ്ങളുടെ മുന്നിലൂടെ കടന്നു വന്ന വാഹനങ്ങളെ ഞങ്ങള്‍ കൈനീട്ടി നിര്‍ത്താന്‍ ശ്രമിച്ചു ചിലര്‍ സ്ലോ ആക്കി രംഗം നോക്കി വണ്ടി വിടുന്നു ആരെങ്കിലും എന്റെ വണ്ടിയില്‍ കയറ്റി തന്നാല്‍ മതിയായിരുന്നു .
ആള്‍ക്കാരുടെ മനോഭാവം മറാത്തതെന്താ ചിലപ്പോള്‍ നമുക്ക് ഒരു പാട് ചോദ്യങ്ങള്‍ക്ക് മറുപടി പറയേണ്ടി വന്നേക്കും 
 പക്ഷെ അതൊരിക്കലും പരുക്കേറ്റു കിടക്കുന്നയാളിന്റെ ജീവനോളം വരില്ല  ..
 പോലീസിനെ വിളിക്കാന്‍ നോക്കുമ്പോള്‍ 100 തിരക്കിലാണെന്ന് ഇനി അഥവാ കിട്ടിയാല്‍ ഞാനെവിടെ എന്ന് പറഞ്ഞു കൊടുക്കാന്‍ ഈ സ്ഥലത്തിന്റെ പേരും അറിയില്ല കൊല്ലത്തിനു തൊട്ടു മുന്നേയാണ്‌  .ഒടുവില്‍ ഞാന്‍ രണ്ടും കല്പിച്ചു റോഡില്‍ കയറി നിന്നു
 ഭാഗ്യത്തിന് വന്നത് ഒരു പോലീസ് ബസ്‌ ആയിരുന്നു നിറയെ കണ്ണൂരില്‍മുഖ്യ മന്ത്രി യുടെ പ്രോഗ്രാം മിനു പോയി വരുന്ന പോലീസുകാരും ബാക്കിയെല്ലാം അവര്‍ ചെയ്തു ......ഒരു നല്ല ഹെല്‍മറ്റ് ഉണ്ടായിരുന്നേല്‍ അയാളുടെ പരുക്കിന്റെ ആഖാതം കുറ യുമായിരുന്നു ....വേഗത ഒരു അമ്പതു ആയിരുന്നേല്‍ .......ഹെല്‍മറ്റിന്റെ ചിന്‍ സ്ട്രാപ് ഇടുന്നതില്‍ ഞാനൊരു മടിയനായിരുന്നു ഇനി ഞാനത് നിര്‍ബന്ധമാക്കി ...

Saturday, October 26, 2013

ആനന്ദാശ്രമവും റാണിപുരവും

ബലി പെരുന്നാളിന്റെ അവധി ദിവസം .എല്ലാവര്‍ക്കും ലീവ് എന്നാല്‍ നമുക്കൊരു യാത്ര പോയേക്കാം  .....എങ്ങോട്ട് ...? പ്രത്യേകിച്ച് ഒരു ഡെസ്റ്റിനേഷന്‍ ഒന്നുമില്ല.. 
പക്ഷെ പറഞ്ഞു തീരും മുന്‍പേ എല്ലാവരും റെഡി ..അമ്മ കാറിന്റെ ഡിക്കിയില്‍ വെള്ളം നിറച്ച ബോട്ടിലുകള്‍ എടുത്തു വയ്കുന്നു .. മിനുട്ടുകള്‍ കൊണ്ട് എല്ലാവരും തയ്യാറായി അച്ഛന്‍ ,അമ്മ, ഭാര്യ, അനിയത്തി പിന്നെ രണ്ടു വയസ്സുകാരന്‍  കണ്ണനും സമയം രാവിലെ ഒന്‍പതു മണി.
 വണ്ടിയുടെ മീറ്റര്‍ 175 കിലോമീറ്റര്‍ ഓടാനുള്ള ഇന്ധനമുന്ടെന്നു കാണിച്ചു .
    175 കിലോമീറ്റെര്‍ അതൊരു 250 ആക്കാം...എങ്ങനെ ?എങ്ങോട്ട്? ചര്‍ച്ചകള്‍ പൊടിപൊടിക്കാന്‍ തുടങ്ങി..
 ഞങ്ങളുടെ കുടുംബ യാത്രകളുടെ തുടക്കം പലപ്പോഴും ഇങ്ങനെയായിരിക്കും . ഭക്ഷണം പലപ്പോഴും വയറിന്റെയും കീശയുടെയും അവസ്ഥ മോശമാക്കുന്നതുകൊണ്ട് എടുത്തുകൊണ്ടു പോകാറാണ് പതിവ്.. ഒരു ദിവസം മുന്‍പേ പ്ലാന്‍ ചെയ്യുന്നുണ്ടെങ്കില്‍ ജയിലിലെ  ചപ്പാത്തി വാങ്ങും. കുറച്ചു ചോറുമുണ്ടെങ്കില്‍  സുഖം ...വീട്ടിലെ മുറിയില്‍ ഫാനിനു കീഴെ ഇരുന്നു ഭക്ഷണം കഴിക്കുന്നതിനും കൂടുതല്‍ സ്വാദ് ഏതെങ്കിലും പുഴക്കരയിലോ ഹൈവേ അരികിലോ എല്ലാവരും കൂടിയിരുന്നു കഴിക്കുന്നതിനാണെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്‌
    ഇന്നങ്ങനെ പ്ലാന്‍ ചെയ്തിട്ടോന്നുമില്ലല്ലോ ....എന്നാല്‍ കാഞ്ഞങ്ങാട്ട് ആനന്ദാശ്രമത്തിലേക്ക് പോകാം (അവിടെ ഉച്ചയ്ക്കെത്തിയാല്‍ ഭക്ഷണവും കഴിക്കാം )ലക്ഷ്യം ഒറ്റസ്വരത്തില്‍  ഉറപ്പിച്ചു.
                                                                                                                                                                                     ഒരു ആത്മീയകേന്ദ്രമാണ് ആനന്ദാശ്രമം. അന്താരാഷ്ട്ര പ്രശസ്തിയാർജ്ജിച്ച ഈ സ്ഥാപനം സ്ഥാപിച്ചത് 1939-

 വൈഷ്ണവസന്യാസിയായിരുന്ന സ്വാമി രാംദാസ് ആണ്. ധ്യാനത്തിനും ആത്മീയ പഠനത്തിനും പറ്റിയ സ്ഥലമാണ്‌ 
   


 സൂചികാഗ്ര വൃക്ഷങ്ങള്‍ നട്ടു പിടിപ്പിച്ച നീണ്ട വഴിയുടെ ഒരറ്റത്താണ് ഗേറ്റ് .വലതു വശത്തായി ഒരു ഇന്‍ഫര്‍മേഷന്‍ കൌണ്ടെര്‍ ഉണ്ട് അവിടെ ആശ്രമത്തെ കുറിച്ചുള്ള ഒരു ചെറിയ വീഡിയോ പ്രദര്‍ശനം കാണാന്‍ പറ്റും. അഞ്ചോ പത്തോ പേരടങ്ങുന്ന ഒരു ഗ്രൂപ്പിന് തിരഞ്ഞെടുക്കുന്ന ഒരു ഭാഷയില്‍ അത് കാണാവുന്നതാണ്.
    ഗാന്ധിജി നിരാഹാരം അവസാനിപ്പിച്ചതിന്റെ ഓര്‍മയ്ക്കായി നട്ടു വളര്‍ത്തിയ ആല്‍മരം പ്രാര്‍ത്ഥനാ മന്ദിരത്തിന്റെ മുന്നില്‍ തന്നെയാണ്

 അടുത്തത് പ്രാര്‍ത്ഥന മന്ദിരമാണ് . പൂജ്യ മാതാ  കൃഷ്ണാഭായിയുടെയും പപ്പാ സ്വാമി രാംദാസിന്റെയും പൂജ്യ സ്വാമിജി സച്ചിദാനന്ദയുടെയും  പൂര്‍ണകായ ചിത്രം സ്ഥാപിച്ചിട്ടുണ്ട് അവിടെ . വിശ്വാസത്തോടെ തൊട്ടു വന്ദിക്കുവാന്‍ മാര്‍ബിളില്‍ തീര്‍ത്ത സ്വാമി പാദങ്ങളും .  തേജസ്സും ഗാംഭീര്യവും മുറ്റി നില്‍കുന്ന ചിത്രങ്ങള്‍.. .



 ഞങ്ങളെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചത് ഗോശാലയാണ്. കൃഷിയോടും പശുക്കളോടും ഞങ്ങള്‍ക്കുള്ള താല്പര്യം കൊണ്ടായിരിക്കും അത്. .ഇരുപതിലേറെ പശുക്കളുള്ള ഒരു തോഴുത്താണ് അത് . എല്ലാം ആരോഗ്യ ദൃഡഗാത്രികള്‍ .. എല്ലാറ്റിനും പേരുകളുമുണ്ട് വസുമതി, സുകന്യ.... . വിശാലമായ ഗോശാലയില്‍ ഫാനിനു താഴെ നിറഞ്ഞ വയറുമായി അവ അയവെട്ടിക്കൊണ്ടിരിക്കുന്നു . പത്തു
സെന്റോളം വലുപ്പമുള്ള ഒരു വലിയ ഷെഡ്‌ഡിനു കീഴെയാണ് ചാണകക്കുഴി . ഏകദേശം മുപ്പതു സെന്റോളം വരുന്ന സ്ഥലം പശുക്കളെ ഇറക്കി ക്കെട്ടുന്നതിനായി കെട്ടിതിരിച്ചിരിക്കുന്നു . നല്ലൊരു ബയോഗ്യാസ്‌ പ്ലാന്റുമുണ്ട് . ഒരു വലിയ വയല്‍ നിറയെ പുല്‍ കൃഷിയും നടത്തുന്നുണ്ടിവിടെ . അങ്ങേയറ്റം വൃത്തിയും വെടിപ്പുമുള്ള പരിസരം വെറുമൊരു തൊഴുത്ത് എന്നതിലുപരി ഗോവര്‍ദ്ധന്‍  എന്ന പേര് വളരെ അര്‍ത്ഥവത്തായി തോന്നി..

    അടുത്തത് ഭജന മന്ദിരമാണ്‌ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം ഭജന മന്ദിരങ്ങള്‍ ഉണ്ട് .
            പ്രാര്‍ത്ഥന മന്ദിരത്തിന്റെ മുന്നില്‍ ഭക്ഷണ ടോക്കെന്‍ ലഭിക്കും ചോറും രണ്ടു തരാം കറികളും അച്ചാറും മോരും ആവശ്യതിനെടുത്തു കഴിക്കാം ..അവിടത്തെ പ്രസാദമാണ് ഭക്ഷണം.

    ആശ്രമം വക ബുക്ക് സ്റ്റാള്‍ ഉണ്ട്. ആശ്രമത്തെ കുറിച്ചും ആത്മീയതയെ കുറിച്ചുമുള്ള നിരവധി ഗ്രന്ഥങ്ങള്‍ സി.ഡി. മുതലായവ  മിതമായ നിരക്കില്‍ ഇവിടെ നിന്നും വാങ്ങാന്‍ പറ്റും . ആശ്രമത്തിന്റെതായി ഒരു മാഗസിനും ലഭ്യമാണ്. വാര്‍ഷിക വരിസംഖ്യ 40 രൂപ. ഇതിന്റെ ഇന്റര്‍നാഷണല്‍ പതിപ്പുമുണ്ട് .
അച്ഛനും ഞാനും പുസ്തകങ്ങള്‍ തിരഞ്ഞെടുത്തു . അച്ഛന്‍ ഒരു മലയാളം പുസ്തകവും ഞാന്‍ അതിന്റെ തന്നെ ഇംഗ്ലീഷ് പതിപ്പും . ഞാനത്ര വലിയ ഇംഗ്ലീഷുകാരനായതു കൊണ്ടല്ല . ഇതിനൊരു സാധ്യത ഉണ്ട് . ഇന്ന് എന്റെ മുന്നില്‍ കീഴടങ്ങാന്‍ കൂട്ടാക്കാത്ത ഇംഗ്ലീഷ്നെ മെരുക്കാനൊരു ശ്രമം സാധിക്കുന്നില്ലേല്‍ അച്ഛന്റെ മലയാളത്തെ ആശ്രയിക്കാലോ......
നിറഞ്ഞ വയറും മനസ്സുമായി ആശ്രമത്തില്‍ നിന്നിറങ്ങുമ്പോള്‍ സമയം രണ്ടര ഇനി എങ്ങോട്ട് ....? റാണിപുരം .......വടക്കെ മലബാറിന്റെ ഊട്ടി ...!  ചോദ്യവും ഉത്തരങ്ങളും ഒന്നിച്ചായിരുന്നു .രാജപുരം മാലക്കല്ല് കള്ളാര്‍  റാണിപുരം ..റോഡ്‌ അത്ര മോശമെന്ന് പറയാന്‍ പറ്റില്ല പക്ഷെ ചതിക്കുഴികള്‍ ഒളിച്ചു വെച്ച കൊടും വളവുകളുള്ള മലയോര പാത .
    സത്യത്തില്‍ റാണി പുരത്തെന്താ കാണാനുള്ളത് ...?    ഉള്ളത് പറയാലോ വണ്ടിയിലുള്ള എല്ലാവരും ആദ്യമായിട്ടാ റാണിപുരം പോകുന്നത്  . സാധാരണ ഞങ്ങള്‍ കണ്ടിട്ടുള്ള ഒരു  മലയോര കാഴ്ചകള്‍ തന്നെയാണ് എല്ലാവരുടെയും ഉത്തരം. പാറക്കെട്ടുകള്‍ ,വന്മരങ്ങള്‍ , വെള്ളച്ചാട്ടം ,വിജനത ,ഏകാന്തത . എനിക്കാണേല്‍ ഇതെല്ലാം വലിയ വീക്നെസ്സും ......
റാണിപുരം റോഡ്‌ തീര്‍ന്നു .എനിക്കാണേല്‍ സംഗതി വരുന്നില്ല .ഒരീച്ച പോലുമില്ല എന്ന് പറയാനും വയ്യ ..നിറയെ ചിത്രശലഭങ്ങള്‍ കൊങ്ങിണി പൂവുകള്‍ക്കുമ്മ കൊടുക്കുന്ന കാഴ്ച . പക്ഷെ ഒരൊറ്റ മനുഷ്യ ജീവിയെ പോലും കാണുന്നില്ല .....വരുന്ന വഴിയില്‍ കുറെ താഴെയായി ഒന്ന് രണ്ടു ബസ്സും കുറെയേറെ കാറുകളും നിര്‍ത്തിയിട്ടത് കണ്ടിരുന്നു ...ഒരു സ്റ്റാര്‍ ഹോട്ടലിന്ടെ മുന്‍വശം പോലെ വലിയ ഗേറ്റ് ഉള്ള കെട്ടിട സമുച്ചയവും കണ്ടിരുന്നു . ഇനി അതാവുമോ  എന്ട്രന്‍സ് .....?  കാട്ടിനുള്ളിലേക്ക്‌ കയറിപോയ അച്ഛന്‍ തിരിച്ചു വന്നു കാലുകളില്‍ കുറച്ചു അട്ടകളുമായി  ...!!  
 മഞ്ഞു മാറി തെളിഞ്ഞ കുന്നിന്‍ മുകളിലെ പച്ച പുല്മേട്ടിലൂടെ
നടന്നു പോകുന്ന രണ്ടു രൂപങ്ങള്‍  കൂടി കണ്ടപ്പോള്‍ കാര്യം പിടികിട്ടി കാര്യം ഞങ്ങള്‍ ഊഹിച്ചത് തന്നെ ടൂറിസം വകുപ്പിന്റെ പണിതീരാറായ കെട്ടിടമാണ് ഞങ്ങള്‍ കണ്ടത് ..അത് തന്നെയായിരുന്നു എന്ട്രന്സും . ഡ്യൂട്ടിയിലുണ്ടായിരുന്ന ഫോറെസ്റ്റ് വാച്ചര്‍ ഞങ്ങളെ തെല്ലൊന്നുനിരുത്സാഹപ്പെടുത്താന്‍ ശ്രമിച്ചു “രണ്ടരക്കിലോമീറ്റര്‍ കയറാനുണ്ട്‌” ...    "നിറയെ അട്ടയാണ്.. ആനയെ കണ്ടേക്കാം" ......... "ഒന്നര മണിക്കൂര്‍ കയറാന്‍ മാത്രം വേണം ടോട്ടല്‍ കയറി ഇറങ്ങാന്‍ മൂന്നു മണിക്കൂര്‍ ....!!!”      അച്ഛനും അനിയത്തിയും പിന്മാറി.. രണ്ടു വയസ്സുകാരന്‍ കണ്ണനെ നോക്കി അവര്‍ ഗസ്റ്റ്‌ ഹൌസില്‍ നില്കാമെന്നേറ്റു. ഞാനും വിക്ടോറിയയും അമ്മയും അവിടെ നിന്നും കുറച്ചു ഉപ്പും എടുത്തു യാത്ര തുടങ്ങി...
കുറെയേറെ കടുപ്പപ്പെട്ട കാടാണ് . വന്മരങ്ങള്‍ ,ഈറ്റക്കാടുകള്‍ , കൂറ്റന്‍ പാറകള്‍ . കനത്ത കോട മഞ്ഞും കാടിന്റെ സ്വാഭാവിക ഇരുട്ടും ..കുത്തനെയുള്ള കയറ്റവും മുന്നോട്ടുള്ള യാത്ര അത്ര അനായാസമായിരുന്നില്ല. പോരാത്തതിനു എന്റെ ചെരുപ്പ് മലകയറ്റത്തിനു ഒട്ടും അനുയോജ്യമായതും ആയിരുന്നില്ല .

എല്ലാവരും മലയിറങ്ങുകയാണ്.. ബംഗ്ലൂരില്‍ നിന്നും വന്ന കുറെ ചെറുപ്പക്കാരും ചെറുപ്പക്കാരികളും തിടുക്കത്തില്‍ കലപിലാ സംസാരിച്ചു കൊണ്ട് ഇറങ്ങിക്കൊണ്ടിരിക്കുന്നു ഞങ്ങള്‍ക്ക് ചെറിയൊരു വേവലാതിഉണ്ടായി . ഇനി ഞങ്ങള്‍ ഇന്നത്തെ അവസാനത്തെ ആള്‍ക്കാരാണോ ..?
കുത്തനെയുള്ള കുന്നില്‍ അറുപതു കിലോ പോലും തൂക്കമില്ലാത്ത സ്വന്തം ശരീരം ഭാരമായി തോന്നിയപ്പോള്‍ ആയിരിക്കും അമ്മ കിതപ്പടക്കി ഒരു ചോദ്യം “ഈ കുന്നു കയറാന്‍ ആനയ്ക്കാവുമോ”....?. അഞ്ചു ടണ്‍ ഭാരമുള്ള ശരീരം ഈ കുന്നിലൂടെ വലിച്ചു കയറ്റല്‍ കുറച്ചു പാട് തന്നെയല്ലേ ?...ചുമ്മാ റിസ്കെടുക്കാന്‍ ആനക്കെന്താ വട്ടുണ്ടോ ?”  അമ്മയ്ക്ക് കൊടുക്കാനുള്ള മറുപടിക്കായി ഞാനിങ്ങനെ ആലോചിച്ചു കൊണ്ടിരിക്കുമ്പോള്‍ ദാ ഉത്തരം നേരെ മുന്നില്‍ കുറച്ചു അനപ്പിണ്ടങ്ങള്‍... മാത്രമല്ല ചവുട്ടി ഞെരിക്കപ്പെട്ട ചെറു കല്ലുകളും കാട്ടുചെടികളും... നാലോ അഞ്ചോ ആനകള്‍ എങ്കിലും ഒന്നിച്ചു കടന്നു പോയി ഉണ്ടായ ഒരു വഴി ...
തൊണ്ട വരണ്ട കാര്യം വെളിപ്പെടുത്താന്‍ വെള്ളമെടുക്കാന്‍ മറന്നു പോയി എന്ന് പറഞ്ഞത് ഞാനായിരുന്നോ ...? തൊട്ടടുത്തായ് എവിടെയോ ആന  ഉണ്ട് ....കേവലം പത്തു മീറ്റര്‍ പോലും മഞ്ഞു കാരണം മുന്‍പില്‍ കാണാന്‍ പറ്റില്ല . അതായതു ഞങ്ങള്‍ ആനയെ കണ്ടാല്‍ അത് ഏറ്റവും കൂടിയത് പത്ത് മീറ്റര്‍ അടുത്ത് വച്ചായിരിക്കും .പിന്നീട് ഓടാനുള്ള ധൈര്യമോ ആരോഗ്യമോ ഞങ്ങള്‍ക്കില്ല ..... ബാക്കിയെല്ലാം ആന നോക്കിക്കൊള്ളണം ....അല്ല  പിന്നെ ....

വന്മരങ്ങള്‍ ഇട തൂര്‍ന്ന കാടുകള്‍ കഴിഞ്ഞു ഞങ്ങളാ പുല്‍മേട്ടിലെ ത്തി. മനോഹരമായ ഒരു കാഴ്ച തന്നെയാണത് .പക്ഷെ പെട്ടെന്ന് കടന്നു വരുന്ന മൂടല്‍ മഞ്ഞില്‍ കാഴ്ചകള്‍ അവ്യക്തമായി പോകുന്നു .
മുന്നോട്ടുള്ള വഴി വളഞ്ഞും പുളഞ്ഞും പോകുന്നു ...അമ്മയ്ക്ക് ചെറുതായി മടുത്തു തുടങ്ങി “നമുക്ക് മടങ്ങിയാലോ” എന്ന് ചോദിച്ചത് അതിനാലായിരിക്കും ...

വീണ്ടും ആനയുടെ പാദ മുദ്രകള്‍ ഇത് ചെറുതൊന്നുമല്ല ഞങ്ങളെ അമ്പരപ്പിച്ചത്...കീഴ്ക്കാം തൂക്കായ കുന്നിഞ്ചരുവ്. ഒന്ന് അടിതെറ്റിയാല്‍ പോകുന്നത് അത്യഗാധതയിലെക്ക്. അതിലൂടെയാണ് ആന നടന്നു പോയത് മുന്നില്‍ കാണുന്ന കറുത്തിരുണ്ട് കിടക്കുന്നത് ആനയാണോ പാറയാണോ ..?
മഞ്ഞു മാറിയ ഒരു ചെറിയ ഇടവേള കുന്നിനു മുകളില്‍ ഒരു വലിയ പാറയുണ്ട് . വഴി അവസാനിക്കുന്നത്‌ അവിടെയാണ്.

കുത്തനെയുള്ള കുന്നിന്റെ നെറുകയിലെ വലിയ പാറ... ആനകള്‍ ഇവിടെ തമ്പടിച്ചതിന്റെ ലക്ഷണമായി ആനപിണ്ടങ്ങളും ശരീരം പാറയിലുരച്ച പാടുകളും. നിറയെ പ്ലാസ്റ്റിക് വെയ്സ്റ്റുകള്‍, കുപ്പികള്‍ , കവറുകള്‍ മുതലായവകളാല്‍ കുറച്ചൊക്കെ വൃത്തികെടാക്കിയിട്ടുന്ടെങ്കിലും ചുറ്റുമുള്ളത് അതി മനോഹര കാഴ്ചകളായിരുന്നു. പറന്നു വന്നു നമ്മളെ മൂടുന്ന മഞ്ഞ് ...ഇടക്ക് മഞ്ഞിന്‍ വിടവിലൂടെ പുറത്തു കാണുന്നപുല്‍മേട്‌.. പുല്‍മേട്ടിലെ പേരറിയാ പൂക്കള്‍...അതിലൊരു പുഷ്പം ഹിമാലയ സാനുക്കളില്‍
മാത്രമുന്ടെന്നു പറയുന്ന ബ്രഹ്മ കമലമാണോ? നേരിയ മണവും ഉണ്ടതിന്. ഒരു ചട്ടിയിലോതുക്കുവാന്‍ ഇനിയും ആര്‍ക്കും സാധിച്ചിട്ടില്ലെന്ന അഹങ്കാരത്തോടെ അത് പര്‍വതസാനുവില്‍ ഇളംകാറ്റിലും നറുമഞ്ഞിലും തലയാട്ടി നില്‍ക്കുന്നു.




ഇനിയിറങ്ങാം..രാത്രിയായാല്‍ പിന്നെ വഴി ബുദ്ധിമുട്ടാകും. എല്ലാവര്ക്കും ചെറിയ ധൃതി. കയറ്റം പോലെ മലയിറക്കവും ചെറിയ പാടാണ്. കുത്തി നടക്കാന്‍ ഓരോ ഉണങ്ങിയ കമ്പ് പൊട്ടിച്ചെടുത്താ യിരുന്നു മലയിറക്കം . ദാഹിച്ചു തൊണ്ട വരണ്ടിരുന്നു എല്ലാവര്‍ക്കും . ഈറ്റക്കാടുകള്‍ കാവല്‍ നില്‍ക്കുന്ന ഒരു കുഞ്ഞു നീരുരവയില്‍ നിന്ന് ഞങ്ങള്‍ ദാഹം മാറ്റി.മനസ്സും ശരീരവും കൂടി തണുപ്പിക്കുന്ന അനുഭവമായി യാത്ര മാറിയിരുന്നു.
താഴെ കാത്തിരുന്ന അച്ഛനും അനിയത്തിയും കണ്ണന്റെ പുറകെയോടി ഞങ്ങളെപോലെ തന്നെ തളര്‍ന്നിരുന്നു. ഗസ്റ്റ്‌ ഹൌസിന്റെ വിശാലമായ മുറ്റം അവനും ആഘോഷിക്കാന്‍ വക നല്‍കിയിരുന്നു.
തിരിച്ചു വീട്ടിലേക്ക്‌ പോകുമ്പോള്‍ എല്ലാവരും വീണ്ടുമൊരിക്കല്‍ ഇവിടെ വരാനുള്ള പ്ലാനിംഗ് നടത്തികൊണ്ടിരിക്കുകയായിരുന്നു.രാവിലെ വരണം...ഭക്ഷണം കൊണ്ട് വരാം...റോഡവസാനിക്കുന്നിടത്ത് നിന്ന് കഴിക്കാം....... അങ്ങനെയങ്ങനെ..........

Monday, July 15, 2013

കുടജാദ്രി





       

              ന്താണ് സംഭവിച്ചതെന്ന് വ്യക്തമായിരുന്നില്ല.ബൈക്ക് ഇടതുവശത്തേക്ക്  പാളി വീണു.     മീനെണ്ണയും ചെളിയും കൂടിച്ചേര്‍ന്ന വഴുക്കലില്‍ , ഞാനും ഒന്നുരുണ്ട്  നീങ്ങി. ഏതോ ഒരു വണ്ടിയുടെ വെളിച്ചത്തില്‍ മഴയില്‍ കുളിച്ചു ഞങ്ങള്‍ മൂന്നുപേര്‍ ....ബൈക്കിനടിയില്‍ പെട്ട കാല്‍ വലിച്ച് എടുത്തുകൊണ്ട് വിജേഷ് ......  " എന്താ ഇപ്പോള്‍ സംഭവിച്ചത്?"

ജീവിതത്തിലാദ്യമായി  ബൈക്കില്‍ നിന്ന് വീണ വിക്ടോറിയ കിടു കിടാ വിറച്ചുസ്വതവേ പതിഞ്ഞ ശബ്ദത്തില്‍ വിറയല്‍ മിക്സ്‌ ചെയ്ത് " ഏട്ടാ വല്ലതും പറ്റിയോ?" എന്ന് ചോദിക്കുന്നു. പെട്രോളിന്റ്റെ ഗന്ധം അന്തരീക്ഷത്തില്‍ പടരുന്നു..... 






              ചെങ്ങളായിലെ  വീട്ടില്‍ നിന്നും കുടജാദ്രിയിലെക്കുള്ള  യാത്രയിലെ അവിസ്മരണീയ നിമിഷങ്ങലാണിവ. ബൈക്ക് യാത്രയില്‍ പറ്റാവുന്ന  ഒരബദ്ധം.....വിജേഷ് ഇത്തിരി അധികം അത്മവിശ്വാസത്തിലായിരിക്കാംഞാന്‍ മുന്‍പിലെ വെള്ളക്കെട്ട് കണ്ടു ഒന്ന് ചവിട്ടിയതാ   . വിജേഷ് ചവിട്ടിയോ- ഇനി അഥവാ മീനെണ്ണയും മഴവെള്ളവും ചേര്‍ന്ന വഴുക്കുന്ന റോഡില്‍ തെന്നിയതോ! അറിയില്ല! എന്തായാലും ചോര കിനിയുന്ന കാല്‍മുട്ട് തടവികൊണ്ട്‌ എഴുന്നേറ്റപ്പോഴും നിലത്തു വീണ ബൈക്ക് നിവര്‍ത്തി വെക്കുമ്പോഴും മനസ്സില്‍ ഒരു പ്രാര്‍ത്ഥനയെ ഉണ്ടായിരുന്നുള്ളു.... യാത്ര മുടങ്ങരുതെ....മൂകംബികാ ദേവിയുടെ  അനുഗ്രഹം...യാത്ര മുടങ്ങിയില്ല. 



  ഒരു നല്ല സാഹസിക ബൈക്ക്‌യാത്രയെ കുറിച്ച് ആലോചിച്ചപ്പോള്‍ ആദ്യം മുന്‍പില്‍ വന്നത് കുടജാദ്രിയായിരുന്നു... കാട്ടുമുല്ലകള്‍പൂത്തുലഞ്ഞു നില്‍കുന്ന വനം.....
 കോട മഞ്ഞ് നിറഞ്ഞ മൊട്ടകുന്നുകള്‍..... വെല്ലുവിളിക്കുന്ന റോഡുകള്‍..........രണ്ടോ മൂന്നോ ദിവസം കൊണ്ട് പോയി വരാവുന്ന ദൂരം.. പിന്നെന്തിനു താമസിപ്പിക്കണം....     
     
            യാത്ര പ്ലാന്‍  ചെയ്തപ്പോള്‍ ഞങ്ങള്‍ കുറേപേര്‍ ഉണ്ടായിരുന്നു. സ്റ്റാര്‍ട്ട്‌ ചെയ്യാന്‍ ഞങ്ങള്‍ മുന്നുപേര്‍ ആയി ചുരുങ്ങി. സണ്‍ നെറ്റ്‌വര്‍ക്ക് ടെക്നിഷ്യന്‍ വിജേഷ് .,ഞാന്‍ ഭാര്യ വിക്ടോറിയ. എത്തി ചേരേണ്ട ദൂരവും സമയവും പ്ലാന്‍ ചെയ്തിരുന്നുവെങ്കിലും അപ്രതീക്ഷിതമായ മഴയും റോഡിലെ കുഴികളും തദ്വാരാ വന്ന അപകടവും മംഗലാപുരത്ത് ഒന്‍പതു മണിക്കെത്തി ചേരേണ്ട ഞങ്ങളെ പന്ത്രണ്ടു മണിക്ക് എത്തിച്ചു.അവിടെ റൂം അറേഞ്ച് ചെയ്തു സുഹൃത്ത് ഡോക്ടര്‍:::::: ജിബിനും കുട്ടുകാരും ഞങ്ങളെയും കാത്തിരിക്കുന്നുണ്ടായിരുന്നു.
         രാവിലെ  സുഖകരമായ ഉറക്കം കുടഞ്ഞുകളഞ്ഞു...ഇന്നലത്തെ വീഴ്ച.... വിശദീകരിക്കുന്നില്ല....കാല്കൈ കഴുത്ത് ഇരുന്നു ചെയ്യേണ്ട പ്രാഥമിക കാര്യങ്ങള്‍  ഇരുന്നതു പോലെ ചെയ്തു. അല്ലെങ്കിലും നമുക്ക് കുറച്ചു കൂടുതല്‍ കിട്ടണം...! ഞാനാണല്ലോ ക്യാപ്റ്റന്‍!...........     “വണ്ടിയിലെടുത്ത firstaid എന്തായാലും വേസ്റ്റ് ആയില്ല”. കാല്‍മുട്ടിലെ മുറിവില്‍ ഒഴിച്ച hydrogen peroxide പതഞ്ഞുയരുന്നത് തുടച്ചുകൊണ്ട് ഡോക്ടര്‍ റിജോയ് പറഞ്ഞു.

         അഞ്ചു മണിക്ക് വീണ്ടും ബൈക്കില്‍ .... 180 km ആണ് കുടജദ്രിയിലെക്കുള്ള ദൂരം. മംഗലാപുരം- ഉടുപ്പി-കൊല്ലൂര്‍ . ഒരു ചായ കുടിക്കാന്‍ വണ്ടി നിര്‍ത്തി. പിന്നെ  നേരെ കൊല്ലൂര്‍ക്ക്. അവിടെ എട്ടു മണിക്കെത്തി. അമ്പലത്തില്‍ തിരക്കായിരുന്നു. അധികസമയം  ചിലവാക്കാനില്ല. ഒരു എന്‍ഫീല്‍ഡ് ടീമും ഉണ്ടായിരുന്നു. അവര്‍ക്ക് കുടജാദ്രി മലയിലേക്ക് ബൈക്ക് കയറ്റാന്‍ ധൈര്യമില്ല.
സില്ലി ബോയ്സ്!!!!!!!!!!



     


            ആവേശത്തില്‍ നാല്‍പ്പതു കിലോമീറ്റര്‍  എളുപ്പത്തില്‍ തീര്‍ന്നു . കാട്ടുപാത  അതിന്റെ സ്വഭാവം കാണിച്ചു തുടങ്ങി.ഓഫ്‌ റോഡില്‍ മാത്രം ഓടുന്നത് പോലുള്ള ജീപ്പുകള്‍ ! എത്തി ചേര്‍ന്നത് ഒരു കവലയില്‍ ആയിരുന്നു. ഒന്ന് രണ്ടു ചായക്കടകള്‍ !കുറെ ജീപ്പുകള്‍ !!! കുറച്ചു സഞ്ചാരികള്‍ !!! ഇവിടെ വരെ ബസ്സ്‌ വരുന്നുണ്ടെന്നു ആരോ പറഞ്ഞു. ഇനിയങ്ങോട്ട് ജീപ്പ് മാത്രമേ പൊകൂ. വണ്ടി ഇവിടെ വെച്ചേക്കു  എന്ന് ജീപ്പുകാര്‍ " സ്നേഹത്തോടെ " പറയുന്നു.ഒരാള്‍ക്ക് 250 രൂപയാണ് ചാര്‍ജ് . ഒരു ജീപ്പിനു 2000 രൂപ മുതല്‍ 2500രൂപ വരെയാണ് ചാര്‍ജ്. അതില്‍ കുടജാദ്രിയിലെ ഒന്നര മണിക്കൂര്‍ വെയിറ്റിംഗ്  ചാര്‍ജ് കൂടി ഉള്‍പെടും. ബൈക്കും കൊണ്ടല്ലാതെ ഞങ്ങള്‍ മുകളിലെക്കില്ലെന്നു ഉറപ്പിച്ചാണ് പിന്നത്തെ യാത്ര . റോഡ്‌ !!!! അങ്ങനെ പറയാന്‍ മാത്രമൊന്നുമില്ല ! കാട്ടുവഴി എന്നോ മറ്റോ പറയാം . ചാടികയറിയും വഴുതിയും കയറ്റം തുടര്‍ന്നു .
     
    കഷ്ടിച്ച് ഒരു ജീപ്പിനു കടന്നു പോകാവുന്ന വീതി മാത്രമുള്ള റോഡ്‌!!!!!!.....!!!!................
 ടാക്സി ഡ്രൈവര്‍മാരുടെ പ്രത്യേക  താളത്തിലുള്ള ഹോണുകള്‍ ആണ് റോഡു ബ്ലോക്കുകള്‍ പരമാവധി ഒഴിവാക്കുന്നത്.തിരിച്ചറിയാന്‍ പറ്റാത്ത ഭാഷയിലുള്ള ഡ്രൈവര്‍മാരുടെ ശകാരമാണ് ഞങ്ങളെ സഹായിച്ചത് . സംഗതി പിടികിട്ടിയപ്പോള്‍ കുറെ ആശ്വാസമായി. സത്യത്തില്‍ ജീപ്പില്‍ പോകുന്നവരെക്കാള്‍ ആശ്വാസം ഞങ്ങള്‍ക്കാണെന്നു തോന്നും ,ചില ജീപ്പിനകത്തെ അവസ്ഥ കാണുമ്പോള്‍. ഡ്രൈവിംഗ് പഠിച്ചതിനു ശേഷം  ഏതു വണ്ടിയില്‍ കയറിയാലും വേഗം കൂടുമ്പോള്‍ എന്തെങ്കിലും അരുതായ്ക വരുമ്പോള്‍  എന്റെ കാലുകള്‍ അറിയാതെ ക്ലച്ചും ബ്രേക്കും പരതും. ആ വണ്ടിയില്‍ ആണെങ്കില്‍ പല പ്രാവശ്യം...............!നിലം മുട്ടാത്ത ഫ്രന്റ്‌ വീലുകള്‍ നിലത്തമര്‍ത്തി പിടിച്ചു വേണം ബൈക്ക് ഓടിക്കാന്‍... ഞാന്‍ ചെറുതായി കിതച്ചു തുടങ്ങിയിരുന്നു.കുറച്ചു വീതിയുള്ള ഒരു സ്ഥലത്ത് ബൈക്ക് പാര്‍ക്ക് ചെയ്തു ക്ഷീണം തീര്‍ത്തു .മുമ്പിലെ ജീപ്പില്‍ പോകുന്ന ഒരു ചെറുപ്പക്കാരനന്‍ വീഡിയോ ക്യാമറയില്‍ ഷൂട്ട്‌ ചെയ്യാന്‍ തുടങ്ങിയിരുന്നു .ഞാന്‍ വിജേഷിനെ മുന്നില്‍ കയറ്റിവിട്ടു ക്യാമറക്കാരന് വേണ്ടി നല്ലൊരു racer ആയ വിജേഷ് ഫ്രന്റ്‌ വീല്‍ ഉയര്‍ത്തിയും ചാടിച്ചുകുറച്ചു പ്രകടനങ്ങള്‍ കാണിച്ചു . 
         


      കാലാവസ്ഥ പതിയെ മാറാന്‍  തുടങ്ങി .കോടമഞ്ഞ്‌ വീഴുന്ന പുല്‍പ്പരപ്പുകള്‍ !പച്ചപ്പിന്റെ ഉത്സവം പൂക്കള്‍!! !പൂമ്പാറ്റകള്‍ ,                     വര്‍ഷത്തില്‍ എട്ടുമാസവും പെയ്യുന്ന മഴയുടെ ധാരാളിത്തം ജന്മം നല്‍കുന്ന നീരുറവകള്‍......................തണുപ്പ് ..... യാത്രയുടെ ക്ഷീണം മുഴുവന്‍ മാറി.ബൈക്ക് നിര്‍ത്തി .വണ്ടിക്കു വന്നുചേര്‍ന്ന കുറച്ചു അറ്റകുറ്റപണികള്‍ തീര്‍ത്തും  കുറെ അധികം ഫോട്ടോ എടുത്തും ഞങ്ങള്‍ അവിടം ശരിക്കും ആസ്വദിച്ചു 

















പിന്നീടങ്ങോട്ടുള്ള യാത്ര സത്യത്തില്‍ ചിലരാത്രികളില്‍ ഞാന്‍ കാണുന്ന പേടിസ്വപ്നങ്ങളെ ഓര്‍മിപ്പിച്ചു .താഴെ കാണാത്തത്ര ഉയരത്തിലൂടെ വീതി  കുറഞ്ഞ വഴിയിലൂടെ ഉള്ള യാത്ര.ചരല്‍ നിറഞ്ഞ വഴികള്‍ .താഴെ മഞ്ഞുനിറഞ്ഞ താഴ്വരയിലേക്ക് ഞങ്ങളെ ഉപേക്ഷിച്ചേക്കുമോ എന്ന ഭയത്തോടെയാണ് ഞാന്‍ വണ്ടിയോടിച്ചത്. വീണ്ടും ചരല്‍ നിറഞ്ഞ വഴി. റോഡിന്‍റെ സ്വഭാവം അങ്ങനെയാണ്.  വിജേഷിന്റെ ഭാഷയില്‍എട്ടു കിലോമീറ്റര്‍ പതിനാറു  സ്വഭാവത്തില്‍............ ചെളി ,ചരല്‍ ,ഉരുളന്‍ കല്ലുകള്‍ പാറകൂട്ടങ്ങള്‍......  അങ്ങനെയങ്ങനെ.
         








             കുറെ ജീപ്പുകള്‍ നിര്‍ത്തിയിട്ടത് കണ്ടപ്പോളാണ് സംഗതി ഇവിടെ കൊണ്ട് തീര്‍ന്നെന്നു മനസിലായത്. വണ്ടി പാര്‍ക്കുചെയ്യാനും  വണ്ടി പാര്‍ക്കുചെയ്യനും ഭക്ഷണത്തിനും ഒക്കെ ആയി ഒരിടം.ചോറ്കിട്ടുംഅമ്പതു രൂപ.ചായ,കാപ്പി,സിഗരറ്റ്മുറുക്ക്.ഇങ്ങനൊരു കുന്നിനു മുകളില്‍ ഇത്ര നല്ല അന്തരീക്ഷത്തില്‍ സിഗരറ്റു വില്‍ക്കുന്നതിന്റെയും അത് വാങ്ങി വലിക്കുന്നതിന്റെയും ഔചിത്യം സത്യത്തില്‍ ഇപ്പോഴും മനസിലാവുന്നില്ല.


             ശ്രീ മൂകാംബിക ദേവിയുടെ മൂലസ്ഥാനമായി കരുതപ്പെടുന്ന ശ്രീ ഭദ്രകാളി ക്ഷേത്രം ഇവിടെയാണ്.അരികെ കാട്ടുകല്ലുകള്‍ കൊണ്ട് പടവുകള്‍... കെട്ടിയ ഒരു കുളവും കുളത്തില്‍ വലിയ കുറെ മത്സ്യങ്ങളും ഉണ്ട്.ഇറങ്ങി കുളിരാര്‍ന്ന വെള്ളത്തില്‍ കാലുകഴുകി....
മലമുകളില്‍ ഒരു കിലോമീറ്റര്‍  മുകളിലാണ് സര്‍വ്വജ്ഞപീഠം.പിന്നെ ചിത്ര മൂല...ഈ ഒരു കിലോമീറ്റര്‍ ആരാണ് അളന്നതെന്നു  ആരും ചോദിക്കും................വഴിയില്‍ ഒരു പാറക്കല്ലില്‍  അമര്‍ന്നിരുന്നു ഒരു മധ്യവയസ്ക്കന്‍ ചോദിക്കുന്നുണ്ടായിരുന്നു.





      രാജവെമ്പാലയുടെ വിഹാര കേന്ദ്രമാണ് കുടജാദ്രിമല.കാട്ടുമരങ്ങളില്‍ തൂങ്ങിയാടുന്ന  രാജവെമ്പാലകള്‍ ..........ചെറിയൊരു പേടിയോടെ ഞങ്ങള്‍.......
മരങ്ങളിലേക്ക് നോക്കി...
         അത്ഭുതകരമായതൊന്നു  ഞങ്ങള്‍ കണ്ടു.ഒരടിയോളം നീളമുള്ള  ഒരു തള്ള വിരളിനോളം വലുപ്പമുള്ള ഒരു  പഴുതാര ആയിരുന്നു അത്. പാറകല്ലുകളുടെ വിടവിലേക്ക് അത് ഓടി മറയുന്നത് വരെ ഞങ്ങള്‍ക്ക് ക്യാമറ ഓണ്‍ ചെയ്യാന്‍ സാധിച്ചില്ല..






     
    ആദിശങ്കരാചാര്യരുടെ ആത്മീയയാത്രയില്‍ ധ്യാനനിരതനായ സ്ഥലമാണിത്.. വിശദമായ റൂട്ട് മാപ്പുകളും.. ആവശ്യത്തിന് പണവും.. റോഡ്‌ സൗകര്യവുമെല്ലാം ഒഴിവാക്കിയാല്‍ ആരും കയറി വരാന്‍ ആഗ്രഹിക്കാത്ത  ഈ വന നിബിഡതയിലേക്ക് .... മഞ്ഞിലേക്ക് .. തണുപ്പിലേക്ക്.... എകനായിട്ടായിരിക്കില്ലേ അദ്ദേഹം കയറി വന്നത്... തപസ്സിന്റെ കരുത്തല്ലാതെ എന്തായിരിക്കാം അദ്ദേഹത്തിന് ഊര്‍ജജ ദായകിയായത്.. അദ്ദേഹം തപസ്സിരുന്നു എന്ന് വിശ്വസിക്കുന്ന സ്ഥലത്തെ ചെറിയ നിര്‍മ്മിതി. 
         കുന്നിന്‍ മുകളിലെ സര്‍വ്വജ്ഞപീഠം.... അവിടെങ്ങും ലഭ്യമല്ലാത്ത കൂറ്റന്‍ കല്ലുകള്‍ കൊണ്ട്പണിത ചെറിയ കെട്ടിടം.... കാലത്തിന്റെ പരിക്കുകളെ അതി ജീവിച്ചു കോട മഞ്ഞു പുതച്ചു നില്കുന്നു...
          കൈയില്‍ കൊണ്ട് നടക്കുന്ന ചെറിയ ബോട്ടില്‍ വെള്ളം പോലും ഭാരമായി കരുതുന്ന ഞങ്ങള്‍ ആ കല്ലുകള്‍ അവിടെ എത്തിച്ച കല്ലിനെക്കാള്‍ കടുപ്പമുള്ള ഇച്ഛാശക്തിക്ക് മുമ്പില്‍ നമിച്ചു പോയി.




         














  ചെറിയൊരു ഇടി മുഴക്കം പോലെഎന്തോ കേട്ടു ...
ചിരപരിചിതമായ  ആരോ ഒരു മഴയുടെ ലക്ഷണമാണെന്നതിനെ വ്യാഖ്യാനിച്ചു.
 ഒന്ന് രണ്ടു തുള്ളി മഴ അതിനെ സമര്‍ത്ഥിച്ചുകൊണ്ടു നെറുകയില്‍ വീണു... 
കുറച്ചു വേഗത്തില്‍ തന്നെ ഞങ്ങള്‍  മലയിറങ്ങി.... താഴെ ഞങ്ങളുടെ ബൈക്കിന് വീണ്ടും ജീവന്‍ വെച്ചു. ....





                     കൃത്യം മൂന്നാമത്തെ വളവില്‍ മഴ ആര്‍ത്തു പെയ്യാന്‍ തുടങ്ങി.കോട്ടിനെ തോല്‍പ്പിച്ച് മഴയും തണുപ്പും ബാഗ്‌ പൊതിഞ്ഞ പ്ലാസ്റ്റിക്‌ ഷീറ്റ് അഴിച്ചെടുത്ത് പെട്ടെന്ന് ഒരു താല്‍കാലിക കൂടാരം പണിതു. മൂന്നുപേരുടെ ആറു കൈകളില്‍ ഉയര്‍ത്തി പിടിച്ച ഒരു കൂടാരം. രണ്ട് മണിക്കൂര്‍ ആര്‍ത്തു പെയ്ത മഴ ....... റോഡ്‌  കുത്തിയോലിച്ച് പോകുന്നു. ചില ജീപ്പുകള്‍ ആ കുത്തൊഴുക്കിലൂടെ കടന്നു പോകുന്നുമുണ്ട്. കുറച്ചു ശാന്തമായ മഴയില്‍ വീണ്ടും ബൈക്ക് യാത്ര..... സത്യത്തില്‍ അതൊരു തുടക്കമായിരുന്നു...... 180 km ഞങ്ങളെ അനുഗമിച്ച മഴയുടെ തുടക്കം!!!!! കുന്നിറങ്ങി താഴെ എത്തുമ്പോഴേക്കും ഇരുട്ട് പരന്നിരുന്നു. നനഞ്ഞു കുതിര്‍ന്ന യാത്രയില്‍ ഞങ്ങള്‍ വിറക്കാന്‍  തുടങ്ങി. കൊല്ലൂര്‍ എത്തി നല്ലൊരു ഓം ലെറ്റും ബ്രെഡും കഴിച്ച് ബൈക്കില്‍ ഫുള്‍ ടാങ്ക് പെട്രോളും നിറച്ചു വീണ്ടും യാത്ര!! എനിക്ക് ചെറുതായി സങ്കടം വരാന്‍ തുടങ്ങി- കണ്ണിലും മുഖത്തും കുത്തി വേദനിപ്പിക്കുന്ന മഴ............... സൈഡ് തരാത്ത....ലൈറ്റ്  ഡി൦ ചെയ്യാത്ത വാഹനങ്ങള്‍ !!!! വിക്ടോറിയക്കും വിഷമമാകുന്നുണ്ടാകുമോ...?
 ഞാനൊരു സിനിമാ കഥ എടുത്തിട്ടു...റോബര്‍ട്ടോ ബെനീനീ സംവിധാനം ചെയ്ത "ലൈഫ് ഈസ്‌ ബ്യുടിഫുള്‍" എന്നാ ഇംഗ്ലീഷ് സിനിമയുടെ കഥ. നാസികളുടെ ക്രൂരതകളെ തന്റെ മകന്റെ മുന്‍പില്‍ നിന്നും മറച്ചുവെക്കാന്‍ “ഗിസോ” എന്നാ അച്ഛന്‍ മകന്റെ കുട്ടിത്തത്തിനു ചേര്‍ന്ന വിധത്തില്‍ ഒരു കളിയായി അതിനെ അവതരിപ്പിക്കുന്നതും.. ആയിരം പൊയന്റുകള്‍ നേടിയാല്‍ ഈ കളിയില്‍ നമ്മള്‍ വിജയിക്കുമെന്നും, വിജയിച്ചാല്‍ ഒരു
ടാങ്ക് സമ്മാനം കിട്ടുമെന്നും അവനെ വിശ്വസിപ്പിക്കുന്നു. പരാതി പറയലില്‍ നിന്നുംവാശി പിടികളില്‍ നിന്നും കുഞ്ഞു ജോഷ്വോയെ പിന്തിരിപ്പിക്കുന്നതും ഒടുവില്‍  ക്യാമ്പിലേക്ക്‌ ഗിസോയെ നാസികള്‍ കൊല്ലാനായി പിടിച്ചു കൊണ്ട് പോകുന്നതും ................. നൂറ്റിപ്പത്ത് കിലോമീറ്റര്‍ ഞങ്ങള്‍ മഴയെകുറിച്ചു പരാതി പറഞ്ഞില്ല- കുടജാദ്രിയുടെ അനുഗ്രഹമായി കണ്ടു ഞങ്ങള്‍ നനഞ്ഞു.. മുഖത്ത്‌ വീഴുന്ന മഴത്തുള്ളികള്‍ ഞങ്ങള്‍ ആസ്വദിച്ചു.വഴിയില്‍ ആദ്യമായി കണ്ട ഹോട്ടലില്‍ വിക്ടോറിയയും വിജേഷും ഭക്ഷണം കഴിച്ചു. ഞാനൊരു കാപ്പിയില്‍ ഒതുക്കി ഒരു കസേരയില്‍ ഇരുന്നുറങ്ങി.പതിനഞ്ചു മിനിറ്റു കഴിഞ്ഞു ബില്‍ കണ്ടു ഞെട്ടിയപ്പോള്‍ ഉറക്കംപമ്പ കടന്നു.
         ഒരു മണിയോടെ ഞങ്ങള്‍ മംഗലാപുരത്ത് എത്തി. യാത്രാവിശേഷങ്ങള്‍ അറിയാന്‍  ഡോക്ടര്‍ ജിബിനും കൂട്ടുകാരും ഭക്ഷണമൊരുക്കി കാത്തിരിപ്പുണ്ടായിരുന്നു.



              രാവിലെ മംഗലാപുരത്ത്‌  കുറച്ചു ഷോപ്പിംഗ്‌.. പതിനൊന്നുമണിയോടെ നാട്ടിലേക്ക്‌ തിരിച്ചു. വരുന്ന  വഴി കുമ്പള  അനന്തപുരി ക്ഷേത്രം . ചെറിയൊരു തടാകത്തിനു നടുവിലെ ആ അമ്പലത്തില്‍ ഒരു ഭാഗത്ത് ഒരു ഗുഹയുണ്ട്. ബാലനായ ശ്രീപദ്മനാഭസ്വാമി തിരുവനന്തപുരത്തേക്ക് പോയത്‌ ആ ഗുഹ വഴിയാണെന്നാണ് ഐതിഹ്യം എന്ന് മുന്‍പ് അവിടം സന്ദര്‍ശിച്ചപ്പോള്‍ ആരോ പറഞ്ഞിരുന്നു. തടാകത്തിലെ മുതല തൊട്ടടുത്തുള്ള ദേവിക്ഷേത്രത്തിലെ ചെറിയ കുളത്തിലുന്ടെന്നു അവിടത്തെ പൂജാരി പറഞ്ഞു.കുറച്ചു നേരം കാത്തു നിന്നിട്ടും അവള്‍ ഞങ്ങള്‍ക്ക് ദര്‍ശനം തന്നില്ല.












      

          പകല്‍ യാത്രയായതിനാല്‍ റോഡില്‍ നല്ല തിരക്കായിരുന്നു. വൈകുന്നേരത്തോടെ വീട്ടിലെത്തി. തളര്‍ന്നവശരെങ്കിലും ഞങ്ങള്‍ സന്തോഷത്തിലായിരുന്നു. നാല്‍പത്തിയെട്ടു മണിക്കൂര്‍.......എഴുന്നൂറ് കിലോമീറ്റര്‍...... വര്‍ഷങ്ങളായി ഞാന്‍ കണ്ട ഒരു സ്വപ്നത്തിന്റെ ട്രയല്‍ റണ്‍..... ആണിത്.



    

           തീര്‍ച്ചയായും മറ്റൊരു യാത്രയ്ക്കു വേണ്ടി.....ആ ലക്ഷ്യത്തിലേക്ക്.... വഴിയിലെ ചെറിയ അപകടം.... കനത്ത മഴ ..... എല്ലാം ഞങ്ങളെ കുറേക്കൂടി കരുത്തരാക്കി മാറ്റിയിരുന്നു............