Monday, July 15, 2013

മുരുകനോ .....അമൃതവല്ലിയോ.......കലൈവാനിയോ

കൃത്യമായി ദിവസം ഓര്‍മയില്ല പുതിയ നാടുകള്‍ തേടിയുള്ള എന്റെ യാത്രകള്‍ സൈക്കിളില്‍ നിന്നും ബൈക്കിലേക്കും പിന്നീടത് പതിയെ ട്രെയിനിലേക്കും  മാറിയ ഒരു ദിവസം .....
ആ  കുട്ടിക്ക് ഇപ്പോള്‍ എട്ടു വയസ്സായിട്ടുണ്ടാവും....
ആണ്‍കുട്ടിയാണെങ്കില്‍ ചിലപ്പോള്‍ മുരുകന്‍.......
പെണ്‍കുട്ടിയാണെങ്കില്‍ അമൃതവല്ലി കലൈവാണി അതോ ... 
 സ്കൂളില്‍ പോകുന്നുണ്ടാവില്ല ......തെരുവില്‍... ഒറ്റപ്പാലത്തോ  കണ്ണൂരോ കാസര്‍ഗോഡോ .......... മഴക്കാലം എവിടെയായിരിക്കും........?   
വേനലില്‍ ചിലപ്പോള്‍ എന്റെ നാട്ടിലും .......
.മുഴിഞ്ഞ ചേല ചുറ്റി ഒര്ടുപ്പിനും കുറച്ചു പത്രങ്ങല്‍ക്കുമിടയില്‍ പഴയ സാരി കൊണ്ട് കെട്ടിയ ടെന്റിനു താഴെ മൂക്കളയൊലിപ്പിക്കുന്ന കുട്ടി ക്കൂട്ടുകര്‍ക്കൊപ്പം അവരുടെ സ്വന്തം ഭാഷയില്‍ കലപില കൂട്ടി കളിക്കുന്നുണ്ടാവും ..........
കൊയമ്പത്തൂരില്‍ നിന്നും വരുന്ന ഫാസ്റ്റ് പാസ്സെന്‍ജറില്‍ മധുക്കരയില്‍നിന്നാണ് ഞാന്‍ കയറിയത്. മലയാളം മാത്രമറിയുന്ന ഞാന്‍........ വരണ്ട കാറ്റും.... വെയിലിന്റെ തീചൂടും...അപരിചിതത്വത്തിന്റെ ഒറ്റപ്പെടലിലും , അറിയാത്ത ഭാഷയുടെ നിസ്സഹായതയില്‍ തളര്‍ന്നും ട്രെയിനില്‍ ചാടിക്കയറി .
                 നല്ല തിരക്കായിരുന്നു ട്രെയിനില്‍ ആശ്വാസത്തിനു ഞാന്‍ മലയാളിമുഖങ്ങള്‍ തിരഞ്ഞു . അപ്പ്രതീക്ഷിതമായി കിട്ടുന്ന നല്ല സഹയാത്രികര്‍ക്കായി ...... 
അങ്ങനെ കിട്ടിയവര്‍ ഒരുപാടുണ്ട് "ഉണ്ണീ " എന്ന് എന്നെ വിളിക്കുന്ന പാലക്കാട്ടുകാരന്‍ രവിയേട്ടന്‍,എറണാകുളത്തെ പ്ലാട്നി,കൊല്ലത്തെ ബാബുചെട്ടന്‍, ലക്ഷദ്വീപിലെ   ശര്ഫുദ്ധീന്‍ ..........
പുതിയ നാടുകളെ കുറിച്ചും ഭാഷാ രീതികളെക്കുറിച്ചും അവരുടെ സ്വന്തം കഥകളെക്കുറിച്ചും എനിക്കുള്ള സംശയങ്ങള്‍ക്ക് വാ തോരാതെ മറുപടി തരുന്നവര്‍.....
എന്തോ അന്ന് ആരെയും എനിക്ക് കിട്ടിയില്ല പാലക്കാട്ടെത്തിയപ്പോള്‍ ജനലരികില്‍ ഒരു സിംഗിള്‍ സീറ്റ്‌ എനിക്ക് കിട്ടി. പശ്ചിമഘട്ടത്തിലെ പടുകൂറ്റന്‍ പാറക്കെട്ടുകള്‍ .. വിശാലമായ വയലുകള്‍..... 
എനിക്ക് തികച്ചും പുതുമയുള്ള വലിയ പനകള്‍.......
 ഇവിടെ ചെങ്ങളായില്‍ അതില്ലല്ലോ........
        ഒറ്റക്കുള്ള യാത്രയില്‍ ഞാന്‍ ചിലപ്പോള്‍ എന്റെതായ ഒരു മൂഡ്‌ ക്രിയേറ്റ്‌ ചെയ്യാറുണ്ട്. ആരോടും മിണ്ടാതെ ഒരു അന്തര്‍മുഖനായി പുറത്തേക്കു മാത്രം നോക്കി കഷ്ടപ്പെട്ട് “‘ട്യൂണ്‍ ചെയ്ത ദുഃഖഭാവത്തില്‍ “.............അതിനൊരു സുഖമുണ്ട്.. ആരും നമ്മളോട് മിണ്ടാന്‍ വരില്ല. കാണുന്നവര്‍ക്ക് തോന്നും പരീക്ഷയില്‍ തോറ്റ് നില്‍ക്കുന്ന ഒരുവനെ പോലെ ...............തകര്‍ന്ന പ്രണയ നായകനെപോലെ.................
അന്ന് എത്ര ശ്രമിച്ചിട്ടും മനസ്സ്‌ എനിക്ക് പിടി തരാതെ ഒഴിഞ്ഞു മാറിക്കൊണ്ടിരുന്നു ... കയ്യില്‍ കരുതിയ പുസ്തകങ്ങള്‍ തുറന്നു നോക്കാന്‍  പോലും എനിക്ക് മടി തോന്നിയിരുന്നു .
ഏതോ ചെറിയ സ്റ്റേഷനില്‍ വണ്ടി എത്തിയപ്പോഴാണ് അവര്‍ കയറിയത് ... സംസാരിക്കുന്നതു മലയാളത്തിലല്ല . നിറം മങ്ങിയ വേഷങ്ങള്‍....
 ഒരു ചെറുപ്പക്കാരന്‍ ഇരുപത്തൊന്നോ, ഇരുപത്തിരണ്ടോ പ്രായം കാണും. എന്‍റെ അതേ  പ്രായം..  കൂടെ നിറവയറോട് കൂടിയ  ഒരു പെണ്‍കുട്ടിയും മൂന്നോ നാലോ വയസ്സ് പ്രായമുള്ള ഒരു കൊച്ചു കുട്ടിയും. അവര്‍ക്ക് വേണ്ടി നിര്‍മ്മിച്ചത്‌ പോലുള്ള ചെറിയ രണ്ടു മുഷിഞ്ഞ സഞ്ചികളും നിറവയറിനു ഇരുപതു വയസ്സ് പ്രായമുണ്ടാവും. എണ്ണക്കറുപ്പുള്ള അവളുടെ മുഖത്തിന്‌ കണ്ടു പരിചയിച്ച ഏതോ മുഖവുമായി സാമ്യമുണ്ടായിരുന്നു ....
    വെറുതെയിരിക്കുമ്പോള്‍ നമുക്കവരെ കുറിച്ച് കഥകള്‍ മെനയമല്ലോ ...........?
നാടോടികളായ അവര്‍ ചിലപ്പോള്‍ പുഴയില്‍ നിന്നും മീന്‍ പിടിക്കുന്ന മറാത്തികളാവാം! അല്ലെങ്കില്‍ ആന്ദ്രയില്‍ വെള്ളപ്പൊക്കമെന്ന് പറഞ്ഞു വരുന്നവരാവാം! ചിലപ്പോ നമ്മുടെ നാട്ടില്‍ പ്ലാസ്റ്റിക്‌ പെറുക്കാന്‍ വരുന്നവരായിരിക്കാം..... എങ്ങനെയായിരിക്കും അവരുടെ വിവാഹം ..? ജാതിയും ജാതകവും ..മുഹൂര്‍ത്തവും ക്ഷണക്കത്തുമില്ലാതെ ...... പതിനാറോ പതിനേഴോ വയസ്സ് പ്രായത്തില്‍ പെണ്ണും പതിനെട്ടോ പത്തൊന്പതോ പ്രായത്തില്‍ ചെക്കനും ഒരു വാക്കാല്‍ കല്യാണം കഴിച്ചവരായിരിക്കാം...
ഒരു കുടുംബത്തിന് ജീവിക്കാന്‍ എന്തൊക്കെ സാധനങ്ങള്‍ വേണമെന്ന് ആ മുഷിഞ്ഞ ബാഗിനകത്തുണണ്ടായിരിക്കാനിടയുള്ള സാധനങ്ങള്‍ക്കു പറയാന്‍ പറ്റും! ഞാനെന്റെ പേഴ്സ്നെ കുറിച്ചോര്‍ത്തു ഡ്രൈവിംഗ് ലൈസന്‍സ് , വോട്റെര്സ് ഐ ഡി ,  എ ടി എം കാര്‍ഡ്‌ കുറച്ചു പണം, ബില്ലുകള്‍, രേസീതുകള്‍ .................. ഇതൊന്നും ആ സഞ്ചിയില്‍ കാണില്ലല്ലോ...? ചിലപ്പോള്‍ ഉണ്ടായിരിക്കും റേഷന്‍ കാര്‍ഡ്‌ ..... ഏയ്‌ അരിയിത്ര പഞ്ചസാര ഇത്ര മണ്ണെണ്ണ .............വീടില്ലാത്തവര്‍ക്ക് രറേന്‍ കാര്‍ഡ്‌ എവിടെ .....? വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോള്‍  അവസരം കിട്ടിയാല്‍  നടോടികളോട് ഞാന്‍ ഇത്യാദി എന്റെ പഴയ സംശയങ്ങള്‍ ദുരീകരിക്കാറുണ്ട്........ ഇല്ല ........അവര്‍ക്കതോന്നുമില്ല ഉണ്ടാവില്ല ...അല്ലെങ്കില്‍ അവര്‍ക്കത് വേണ്ട ...
         കുട്ടി വല്ലാതെ ബഹളം വെക്കുന്നുണ്ടായിരുന്നു. .എന്താണവന്റെ ശാട്യമെന്നു ഞാന്‍ കൂലംകുഷമായി നോക്കി . ഒരു പിടിയുമില്ല ചിലപ്പോള്‍ സഞ്ചിക്കകത്തെ എന്തെങ്കിലും ഭക്ഷണ സാധനങ്ങളാവാം ...........
         കുറ്റിപ്പുറത്തെമ്പോഴേക്കും ട്രെയിനില്‍ തിരക്ക് വന്നു .. ഓഫീസ് വിട്ടിറങ്ങിയ ഉദ്യോഗസ്ഥര്‍ ... സ്കൂള്‍ കോളേജ് കുട്ടികള്‍.... റോഡരുകില്‍ നാടോടികളോട് മീറ്ററുകള്‍ അകലം പാലിക്കുന്നവര്‍ ഇവിടെ ആ നിറവയറിനടുത്തു തിങ്ങി ഞെരുങ്ങുന്നു. പച്ച സാരി ചുറ്റിയ  ഒരു ദുര്‍മേദസ് അവളെ ചാരി നില്‍കുന്നു .. എനിക്കെന്തോ ഒരു വേവലാതി എണ്ണക്കറുപ്പുള്ള മുഖത്തും ഒരു പരിഭ്രാന്തി നിഴലിക്കുന്നുണ്ട് ...
    അല്ലെങ്കില്‍ ഞാനെന്തിനാ വിഷമിക്കുന്നത് , എന്തിനാ ഞാനവരെ തുറിച്ചു നോക്കുന്നത് , ഇല്ല ഞാന്‍ തുറിച്ചു നോക്കുന്നില്ല. മുകളിലെ ഫാനില്‍ നോക്കി പതിയെ ബര്‍ത്ത് നോക്കി അറിയാത്ത ഭാവത്തിലല്ലേ  ഞാന്‍ നിറവയറിനെ നോക്കുന്നത് .. എന്നെ അവരിത് വരെ ശ്രദ്ധിച്ചിട്ടുമില്ല .... നടോടികള്‍ അങ്ങനെയാണ് നമ്മളെ ഒരിക്കലും അവര്‍ ശ്രദ്ധിക്കില്ല. ചിരിക്കുമ്പോള്‍... നടക്കുമ്പോള്‍... സംസാരിക്കുമ്പോള്‍... ഒന്നും ...
         നിറവയറിന്റെ ഭര്‍ത്താവു അവളോട്‌ എന്തോ പതിയെ സംസാരിക്കുന്നുണ്ട് അവള്‍ അസ്വസ്ഥതയോടെ മുഖം ചുളിച്ചു കൊണ്ട് മറുപടി പറയുന്നുമുണ്ട് ...
         പുറത്തു ഇരുട്ട് നിറയാന്‍ തുടങ്ങി ട്രെയിനില്‍ തിരക്ക് കുറയാനും . അവര്‍ ചിലപ്പോള്‍ കോഴിക്കോട്ഇറങ്ങും . ആശ്വാസം ഞാനിങ്ങനെ തീ തിന്നെണ്ടല്ലോ ഞാന്‍ കയ്യില്‍ കരുതിയ വെള്ളം കുടിച്ചു അവര്‍ ഇത് വരെ ഒന്നും കുടിക്കുന്നത് കണ്ടിട്ടില്ല. കുട്ടി എന്തോ കൊറിക്കുന്നുണ്ട്... വെള്ളം കൊടുത്താലോ..... ചിലപ്പോ വാങ്ങില്ല.. വേണ്ട ... ഞങ്ങളുടെ കമ്പാര്‍ട്ട്മെന്റില്‍ ഇനി കുറച്ച് ആള്‍ക്കാരെയുള്ളൂ ...ഞാന്‍ പുറത്തേക്കു നോക്കിയിരിക്കാന്‍ തുടങ്ങി.... വീണ്ടുമൊരു സ്റ്റേഷന്‍ ... ട്രെയിന്‍ കാലിയായി!!!! ഞാനും ആ നിറവയറും ചെറുപ്പക്കാരനും കുട്ടിയും . അവന്റെ ശാട്യം വീണ്ടും കൂടി.  കയ്യിലെ ചെറിയ പൊതി തീര്‍ന്നു . നിറവയര്‍ ഒരു സഞ്ചി തുറന്നു.. ഒരു പ്ലാസ്റ്റിക്‌ ബക്കറ്റ്‌ ...അതുമായി അവള്‍ ടോയ്‌ലറ്റിലേക്ക് വേച്ച് വേച്ച് നടന്നു പോയി..........
         ഈശ്വരാ ഇനിയവള്‍ അവിടെ നിന്നെങ്ങാനും പ്രസവിചേക്കുമോ ....? ട്രെയിന്‍ കിതചോടുന്നു .. തണുത്ത കാറ്റടിക്കുന്നുണ്ട് .. എനിക്ക് നന്നായി വിയര്‍ക്കാന്‍ തുടങ്ങി .. നാട്ടിന്‍പുറത്തെ വയലില്‍ പണിയെടുത്തു കൊണ്ടിരുക്കെ എന്റെ ഒരു ബന്ധു പ്രസവവേദന വന്നു വീട്ടിലേക്കു നടന്നു വന്നതും വീട്ടിനകത്ത് കയറുന്നതിനു മുന്‍പ് കുനിഞ്ഞിരുന്നു അവര്‍ പ്രസവിച്ചതും പിന്നീട് തളര്‍ന്നു വീണതും നിസ്സാരപ്പെട്ട ഒരു കാര്യം പറയുന്നത് പോലെ അവര്‍ പറയുന്നത് ഞാന്‍ അത്ഭുതത്തോടെ കേട്ടിട്ടുണ്ട്
         ഇനി ടോയിലെ ലെങ്ങാന്‍ അവള്‍ പ്രസവിച്ചാല്‍ ...........................
ഇപ്പോള്‍ ആ ചെറുപ്പക്കാരനെയും കാണുന്നില്ല . കമ്പാര്‍ട്ട്മെന്റില്‍ നിറയുന്ന ബീഡി മണം ... അവനായിരിക്കാം ..... സ്റ്റെപ്പിലിരുന്നു ബീഡി വലിക്കുന്ന്നുണ്ടാവും. എനിക്കവനോട് വെറുപ്പ്‌ തോന്നി. 
         അവള്‍ പുറത്തേക്കു വന്നു. വേഷം മാറിയിട്ടുണ്ട്. ഒരു മാക്സിയിലേക്ക് ... ഇപ്പോള്‍ അത് കുറേക്കൂടി വലുതായത് പോലെ അതെ സീറ്റില്‍ അവള്‍ വന്നിരുന്നു ..മുഖത്തെ പ്രയാസം കൂടിയിട്ടുണ്ട് .കൊച്ചുകുട്ടി വീണ്ടും വന്നു ..മാക്സി പിടിച്ചു വലിച്ചു കൊണ്ട് അവനെന്തോക്കെയോ പറയുന്നുണ്ട് എനിക്കവനോട് പറയണമെണ്‌ുണ്ട് .....എങ്ങനെ പറയാന്‍ ... അവള്‍ നിനക്കൊരു കുഞ്ഞു വാവയെ തരാന്‍ പോവുകയാണെന്ന് ഞാനെങ്ങനെ അവനോടു പറയും അടങ്ങിയിരിക്കാന്‍ അവനോടു ഏത് ഭാഷയില്‍ പറയും ആ ചെറുപ്പക്കാരന് ഒരു വിഷമവുമില്ലെ....? അവനെവിടെ.....?
    വയര്‍ തടവിക്കൊണ്ട് അവള്‍ സീറ്റില്‍ കയറിക്കിടന്നു . എനിക്കിപ്പോള്‍ അവളെ ശരിക്കും ശ്രദ്ധിക്കാം ........ശ്രദ്ധിക്കണം ഇപ്പോള്‍ ഞാന്‍ മാത്രമേ അവള്‍ക്കശ്വാസമായിട്ടുള്ളൂ..അല്ലാതെന്താ ആ നിറഞ്ഞ കണ്ണുകള്‍ എന്റെ നേരെ നോക്കിയപ്പോള്‍ മൌനമായി പറഞ്ഞത്.?
                നാശം പിടിച്ച ട്രെയിന്‍ ആണെന്കില്‍ എവിടെയുമെത്തുന്നില്ല . എങ്ങിനെയിരിക്കും പ്രസവിക്കുന്നത് ..? നാട്ടില്‍ എന്റെ വീട്ടിലെ പശു പ്രസവിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട് .......പൊക്കിള്‍കൊടി നൂലു കൊണ്ട് കെട്ടിയിട്ടു മുറിക്കണം ..... എന്റെ ബാഗില്‍ ബ്ലേഡ്‌ ഉണ്ട്  കത്രികയും ....തുണികള്‍..... തോര്‍ത്ത്‌മുണ്ട് പിന്നെ എന്റെ ഒരു മുണ്ടും അത് മതിയാകും ............പക്ഷെ അയാളെവിടെ ..? എല്ലാം കഴിഞ്ഞു അയാള്‍ വന്നില്ലെങ്കില്‍ ഞാനും എനിക്കറിയാത്ത ഭാഷ സംസാരിക്കുന്ന ഈ പെണ്ണും ഒരുകുട്ടിയും ശാട്യം പിടിക്കുന്ന മൂത്ത കുട്ടിയും റെയില്‍വേ സ്റ്റേഷനില്‍ നിന്നും ആശുപത്രിയിലേക്ക് പോകുന്നതും അവിടെ അച്ഛന്റെ പേരിന്റെ സ്ഥാനത് എന്റെ പേര് ചോദിച്ചു സിസ്റ്റര്‍ എഴുതുന്നതും ..............
     ഞാനെന്തിനു കാടു കയറണം ... അയാളെവിടെ ....അവളാണെങ്കില്‍   ഇപ്പോള്‍  വല്ലാതെ ഞരങ്ങുന്നുമുണ്ട്... വയര്‍ അമര്‍ത്തി തടവുന്നു . എന്തും വരട്ടെ ഞാനുറപ്പിച്ചു ....ഞാനെന്തിനും തയ്യാറാണ് ..പക്ഷെ ചോര കണ്ടാല്‍ എനിക്ക് തളര്‍ച്ച വരും... എന്നെ ആരും സഹായിക്കനുണ്ടാവില്ലേ ...?
തലശ്ശേരി കഴിഞ്ഞു ശാട്യക്കാരനെ എനിക്ക് തൂക്കിയെറിയാന്‍ തോന്നി... ഇഴഞ്ഞു നീങ്ങുന്ന ട്രെയിന്‍ നെ ഞാന്‍ ശപിച്ചു ..വേഗം കണ്ണൂരെത്തിയെങ്കില്‍ ...............
വീണ്ടും ബീഡിയുടെ മണം അവള്‍ക്കാശ്വാസമാവേണ്ടാവന്‍ ബീഡി വലിച്ചിരിക്കുന്നു......... സങ്കടവും ദേഷ്യവും എനിക്ക് സഹിക്കാന്‍ പറ്റുന്നതിനപ്പുറമായി ..........
ഞാനൂഹിച്ചത് പോലെ അവന്‍ സ്റ്റെപ്പിലിരുന്നു ബീഡി വലിക്കുന്നു ..ഞാനവനെ വിളിച്ചു . എന്റെ മലയാളത്തില്‍ ഞാനവനോട് പറയാന്‍ തുടങ്ങി ..അവളുടെ അവസ്ഥ ....
അവനെന്റെ മുഖത്ത് തുറിച്ചു നോക്കി നില്‍ക്കുന്നു അവനു മനസ്സിലാകുന്നില്ലേ...........?  ഞാനവന്റെ ഐസു പോലെ തണുത്ത കയ്യ് പിടിച്ചു വലിച്ച് അവളുടെ അടുത്തെത്തി ....അവളുടെ വിയര്‍ത്തു തളര്‍ന്ന മുഖം...... ദയനീയമായ ഒരു നോട്ടം ...............  ഞാനവനോട് പലതും പറഞ്ഞു..........
 ശാട്യം പിടിക്കുന്ന കുട്ടി ഇപ്പോള്‍ അടങ്ങിയിരിക്കുകയാണ്.. എന്നെ ഭയന്നത് പോലെ .......
    കണ്ണൂരെത്തി   ഞാന്‍ പ്ലാറ്റ്ഫോമില്‍ അവളെ കയ്യ് പിടിച്ചിറക്കുംപോള്‍  അവന്‍ ആ മുഷിഞ്ഞ സഞ്ചികളുമായി ഞങ്ങളുടെ പുറകെ വന്നു .. ഇനി അവന്റെ കയ്യില്‍ പണമുണ്ടാവില്ലേ.............? 
എന്റെ കയ്യില്‍ കുറച്ചുണ്ട്... കൂട്ടുകാര്‍ പറയുന്നത് പോലെ എന്റെ    എ ടി എം കാര്‍ഡിട്ടാല്‍ ഇരുന്നൂറു രൂപയില്‍ കൂടുതല്‍ പിന്‍വലിക്കാന്‍ പറ്റില്ലെന്നതു ശരിയാണ് ! ചിലപ്പോള്‍ പിശുക്ക് കൊണ്ടും ,മിക്കപ്പോഴും പണമില്ലാത്തതു കൊണ്ടും ... ഒരു മുന്നൂറു രൂപയുണ്ട് കുറച്ചു പത്ത് രൂപ നോട്ടുകളും ഞാനതവന്റെ കയ്യില്‍ കൊടുത്തു ഒരു മടിയുമില്ലാതെ അവനതു വാങ്ങി- ജ്യേഷ്ടനോടോ അച്ഛനോടോ അമ്മാവനോടോ വാങ്ങുന്നത് പോലെ .... പുറത്തു ഓരോട്ടോരിക്ഷയില്‍ അവരെ കയറ്റി ഗവോന്മേന്റ്റ്‌ ആശുപത്രി എന്ന് പറയുമ്പോഴും  അവന്‍ ഒന്നും പറഞ്ഞില്ല ശാട്യക്കാരന്‍ ആദ്യം പിന്നെ അവള്‍ ഒടുവിലവനും ............
ഞാന്‍ കൂടി കയറണോ.........
വേണ്ട ആശുപത്രിയല്ലേ .......
അവര്‍ക്കറിയുമല്ലോ......
ഓട്ടോ അകന്നു പോയി ..........   
ആശ്വാസത്തോടെ ഞാന്‍ ബൈക്ക്‌ സ്റ്റാര്‍ട്ട്‌ ചെയ്തു എനിക്കുറപ്പുണ്ട് ഞാന്‍ വീട്ടിലെത്തും മുന്‍പ്‌ ആ മുരുകന്‍ ,
അല്ലെങ്കില്‍ അമൃതവല്ലി അതോ കലൈവാണിയോ അവള്‍...അവന്‍ ജനിചിട്ടുണ്ടാവും .............
പ്രസവാലസ്യ ത്തില്‍ അവള്‍ മയങ്ങുന്നുണ്ടാവും...                       
 പുറത്തെ ബെഞ്ചില്‍   അയാളോടു ചേര്‍ന്ന് ശാട്യക്കാരന്‍ ഉറങ്ങുന്നുണ്ടാവും................ 
                                എന്നെകുറിച്ചവര്‍ ഓര്‍ക്കുന്നുണ്ടാവുമോ? .............            
ഏയ്‌ നാടോടികള്‍ ആ മുഷിഞ്ഞ സഞ്ചികള്‍ക്കപ്പുറത്ത് ഇങ്ങനെ ഓര്‍മകളെ ചുമക്കുന്നവരായിരിക്കില്ല 
.............അല്ലേ ?

2 comments:

  1. തീവണ്ടിയിൽ യാത്രക്കിടയിൽഎഴുത്ത്കാരനായ അനിൽകുമാറിൻറെ ശ്രദ്ധയിപ്പെട്ട സംഭവം മനോഹരമായി അവതരിപ്പിക്കാൻ കഴിഞ്ഞു, അഭിനന്ദനങ്ങള്‍

    Typed with Panini Keypad

    ReplyDelete
  2. നന്ദി ബാലകൃഷ്ണന്‍ സര്‍ ഇനിയും ഈ വഴി വരണം ഈ നാട്ടുമ്പുറത്ത് കാരന് നിങ്ങളുടെ പ്രോത്സാഹനം മാത്രമാണ് ഇന്ധനം ....

    ReplyDelete