Thursday, August 21, 2014

ആനന്ദലഹരി

ചെറുപ്പത്തില്‍ നാട്ടിന്‍പുറത്തെ കുണ്ടനിടവഴികള്‍  ചെന്നുചേരുന്ന ചെമ്മണ്‍ റോഡിനറ്റത്തെ ടാറിട്ട റോഡിന്റെ അനന്തതകള്‍ക്കപ്പുറത്ത് മഹാ നഗരങ്ങളും മനോഹര കാഴ്ചകളും ഉണ്ടെന്ന അറിവ് നല്‍കിയ ആവേശം  ചെറുതായിരുന്നില്ല... “ഈ റോഡ്‌ എവിടെ എത്തിച്ചേരും “ എന്ന നിഷ്കളങ്കമായ എന്റെ കുട്ടിചോദ്യത്തിന് “എവിടെയും എത്തുമെന്ന”  അപൂര്‍ണവും അതേസമയം പൂര്‍ണവുമായ ഉത്തരം തന്ന അച്ഛനമ്മമാര്‍....അന്ന് കണ്ട രാത്രി സ്വപ്നങ്ങളില്‍ അനന്തമായ റോഡുകളിലൂടെ  ഞാനലഞ്ഞു...
ചൂണ്ടലുമായി തോടിറമ്പില്‍ വരാലിനെയും മുഷിയെയും പിടിക്കാനിരിക്കുംപോള്‍ ആ തോടിലൂടെ ഒഴുകുന്ന വെള്ളം കടലിലേക്കാണെന്ന ചിന്ത  നല്‍കിയ ആനന്ദം ചെറുതായിരുന്നില്ല. ഞാന്‍ അപ്പോള്‍ കടലിന്റെ ഒരു അറ്റത്തായിരുന്നു. അനന്തമായ തിരയടങ്ങാത്ത കടല്‍...ബൈനോക്കുലറുമായി കപ്പലിന്റെ അമരത്ത് നിന്ന് അകലങ്ങളിലേക്ക് നോക്കുന്ന നാവിഗന്‍ ആ ദിവസങ്ങളില്‍ ആയിരിക്കാം എന്റെ സൂപ്പര്‍ഹീറോ ആയത്.....
ആദ്യമായി അനുവദിച്ചു കിട്ടിയ അച്ഛന്റെ ഹെര്‍കുലീസ് സൈക്കിള്‍ എത്തിച്ചു തന്ന അകലങ്ങള്‍ ഉള്ളിലുണ്ടാക്കിയ ആവേശം അത്ര വലുതായിരുന്നു....പിന്നീട് നേടിയ ബൈക്ക് സംസ്ഥാനങ്ങളെ കീറിമുറിച്ചുകൊണ്ട് പഴയ സ്വപ്നത്തിലെ അനന്തതകളിലേക്ക് .....നഗരങ്ങളിലേക്ക് ......ഗ്രാമങ്ങളിലേക്ക് ......തികച്ചും സത്യമായിരുന്നു.ആ ടാര്‍ റോഡ്‌ എവിടെയും എത്തുമെന്ന പൂര്‍ണമായ ഒരുത്തരം തന്നതിന് അച്ഛനമ്മമാര്‍ക്ക് നന്ദി ..
       ആവശ്യത്തിനും അനാവശ്യത്തിനും നടത്തിയ ട്രെയിന്‍യാത്രകള്‍ .....എന്തിനായിരുന്നു യാത്രകള്‍.?അറിയില്ല........  എന്തായിരുന്നു പ്രലോഭനം...?  എല്ലാം പ്രലോഭനം തന്നെയല്ലേ...പുതിയ റോഡുകള്‍ പൊള്ളിക്കുന്ന വെയില്‍...മരം കോച്ചുന്ന തണുപ്പ് ...തുള്ളിക്കൊരുകുടം മഴ .......പുതിയ തീരങ്ങള്‍ .... പുതിയ പുഴകള്‍ ....പുതിയ കടലുകള്‍.......പുതിയ റോഡുകള്‍ ...................
ശരീരമില്ലാത്ത അല്ലെങ്കില്‍ ഏതു ശരീരവും സ്വീകരിക്കാന്‍ പറ്റുന്ന ആത്മാവിന്റെ യാത്രയായിരുന്നു എന്റെ യാത്രകള്‍...പുഴയില്‍ ഒരു ജലകണമായി ഞാനൊഴുകുകയായിരുന്നു യാത്രകളില്‍ .... ചിലപ്പോള്‍ ബൈക്കിന്റെ ശബ്ദമായി .....മറ്റു ചിലപ്പോള്‍ കാറ്റില്‍ ഒരു ഗന്ധമെന്ന പോലെ .....അലിഞ്ഞൊഴുകുമ്പോള്‍  ..... അനുഭവിക്കുകയായിരുന്നു ആ യാത്രകള്‍ ....പറഞ്ഞറിയിക്കാന്‍ പറ്റാത്ത ....പകര്‍ന്നു കൊടുക്കാന്‍ പറ്റാത്ത.... ആ ലഹരി തന്നെയാണ് യാത്രയുടെ പ്രലോഭനം.....
എങ്ങോട്ടെന്ന ചോദ്യത്തിനും പ്രസക്തി കുറവാണ്....ചെമ്മണ്‍പാത തീരുന്ന ടാര്‍ റോഡിന്റെ രണ്ടറ്റങ്ങളിലും ഇനിയും കാഴ്ചയുടെ അമൂല്യനിധികള്‍ ഒളിച്ചു വച്ചിട്ടുണ്ട്....... തീര്‍ച്ചയായും എന്നെയും കാത്തു തന്നെ.................


8 comments:

  1. നല്ല ഭാവന, തോട്ടിൻ കരയിലിരുന്ന് നാവികനെ സ്വപ്നം കാണുന്ന കൗതുകം

    അഭിനന്ദനങ്ങൾ

    ReplyDelete
  2. യാത്ര തുടരുകയാണ്!

    ReplyDelete
  3. കാഴ്ചയുടെ അമൂല്യനിധികളുമായി ഇനിയും വരിക.... യാത്ര തുടരട്ടെ

    ReplyDelete
  4. യാത്രകളെ ഒരുപാട് ഇഷ്ടപ്പെടുന്ന ഒരാൾ എങ്ങിനെ രൂപപ്പെട്ടു എന്നത് വായിക്കാനാവുന്നു

    ReplyDelete