Saturday, October 26, 2013

ആനന്ദാശ്രമവും റാണിപുരവും

ബലി പെരുന്നാളിന്റെ അവധി ദിവസം .എല്ലാവര്‍ക്കും ലീവ് എന്നാല്‍ നമുക്കൊരു യാത്ര പോയേക്കാം  .....എങ്ങോട്ട് ...? പ്രത്യേകിച്ച് ഒരു ഡെസ്റ്റിനേഷന്‍ ഒന്നുമില്ല.. 
പക്ഷെ പറഞ്ഞു തീരും മുന്‍പേ എല്ലാവരും റെഡി ..അമ്മ കാറിന്റെ ഡിക്കിയില്‍ വെള്ളം നിറച്ച ബോട്ടിലുകള്‍ എടുത്തു വയ്കുന്നു .. മിനുട്ടുകള്‍ കൊണ്ട് എല്ലാവരും തയ്യാറായി അച്ഛന്‍ ,അമ്മ, ഭാര്യ, അനിയത്തി പിന്നെ രണ്ടു വയസ്സുകാരന്‍  കണ്ണനും സമയം രാവിലെ ഒന്‍പതു മണി.
 വണ്ടിയുടെ മീറ്റര്‍ 175 കിലോമീറ്റര്‍ ഓടാനുള്ള ഇന്ധനമുന്ടെന്നു കാണിച്ചു .
    175 കിലോമീറ്റെര്‍ അതൊരു 250 ആക്കാം...എങ്ങനെ ?എങ്ങോട്ട്? ചര്‍ച്ചകള്‍ പൊടിപൊടിക്കാന്‍ തുടങ്ങി..
 ഞങ്ങളുടെ കുടുംബ യാത്രകളുടെ തുടക്കം പലപ്പോഴും ഇങ്ങനെയായിരിക്കും . ഭക്ഷണം പലപ്പോഴും വയറിന്റെയും കീശയുടെയും അവസ്ഥ മോശമാക്കുന്നതുകൊണ്ട് എടുത്തുകൊണ്ടു പോകാറാണ് പതിവ്.. ഒരു ദിവസം മുന്‍പേ പ്ലാന്‍ ചെയ്യുന്നുണ്ടെങ്കില്‍ ജയിലിലെ  ചപ്പാത്തി വാങ്ങും. കുറച്ചു ചോറുമുണ്ടെങ്കില്‍  സുഖം ...വീട്ടിലെ മുറിയില്‍ ഫാനിനു കീഴെ ഇരുന്നു ഭക്ഷണം കഴിക്കുന്നതിനും കൂടുതല്‍ സ്വാദ് ഏതെങ്കിലും പുഴക്കരയിലോ ഹൈവേ അരികിലോ എല്ലാവരും കൂടിയിരുന്നു കഴിക്കുന്നതിനാണെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്‌
    ഇന്നങ്ങനെ പ്ലാന്‍ ചെയ്തിട്ടോന്നുമില്ലല്ലോ ....എന്നാല്‍ കാഞ്ഞങ്ങാട്ട് ആനന്ദാശ്രമത്തിലേക്ക് പോകാം (അവിടെ ഉച്ചയ്ക്കെത്തിയാല്‍ ഭക്ഷണവും കഴിക്കാം )ലക്ഷ്യം ഒറ്റസ്വരത്തില്‍  ഉറപ്പിച്ചു.
                                                                                                                                                                                     ഒരു ആത്മീയകേന്ദ്രമാണ് ആനന്ദാശ്രമം. അന്താരാഷ്ട്ര പ്രശസ്തിയാർജ്ജിച്ച ഈ സ്ഥാപനം സ്ഥാപിച്ചത് 1939-

 വൈഷ്ണവസന്യാസിയായിരുന്ന സ്വാമി രാംദാസ് ആണ്. ധ്യാനത്തിനും ആത്മീയ പഠനത്തിനും പറ്റിയ സ്ഥലമാണ്‌ 
   


 സൂചികാഗ്ര വൃക്ഷങ്ങള്‍ നട്ടു പിടിപ്പിച്ച നീണ്ട വഴിയുടെ ഒരറ്റത്താണ് ഗേറ്റ് .വലതു വശത്തായി ഒരു ഇന്‍ഫര്‍മേഷന്‍ കൌണ്ടെര്‍ ഉണ്ട് അവിടെ ആശ്രമത്തെ കുറിച്ചുള്ള ഒരു ചെറിയ വീഡിയോ പ്രദര്‍ശനം കാണാന്‍ പറ്റും. അഞ്ചോ പത്തോ പേരടങ്ങുന്ന ഒരു ഗ്രൂപ്പിന് തിരഞ്ഞെടുക്കുന്ന ഒരു ഭാഷയില്‍ അത് കാണാവുന്നതാണ്.
    ഗാന്ധിജി നിരാഹാരം അവസാനിപ്പിച്ചതിന്റെ ഓര്‍മയ്ക്കായി നട്ടു വളര്‍ത്തിയ ആല്‍മരം പ്രാര്‍ത്ഥനാ മന്ദിരത്തിന്റെ മുന്നില്‍ തന്നെയാണ്

 അടുത്തത് പ്രാര്‍ത്ഥന മന്ദിരമാണ് . പൂജ്യ മാതാ  കൃഷ്ണാഭായിയുടെയും പപ്പാ സ്വാമി രാംദാസിന്റെയും പൂജ്യ സ്വാമിജി സച്ചിദാനന്ദയുടെയും  പൂര്‍ണകായ ചിത്രം സ്ഥാപിച്ചിട്ടുണ്ട് അവിടെ . വിശ്വാസത്തോടെ തൊട്ടു വന്ദിക്കുവാന്‍ മാര്‍ബിളില്‍ തീര്‍ത്ത സ്വാമി പാദങ്ങളും .  തേജസ്സും ഗാംഭീര്യവും മുറ്റി നില്‍കുന്ന ചിത്രങ്ങള്‍.. .



 ഞങ്ങളെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചത് ഗോശാലയാണ്. കൃഷിയോടും പശുക്കളോടും ഞങ്ങള്‍ക്കുള്ള താല്പര്യം കൊണ്ടായിരിക്കും അത്. .ഇരുപതിലേറെ പശുക്കളുള്ള ഒരു തോഴുത്താണ് അത് . എല്ലാം ആരോഗ്യ ദൃഡഗാത്രികള്‍ .. എല്ലാറ്റിനും പേരുകളുമുണ്ട് വസുമതി, സുകന്യ.... . വിശാലമായ ഗോശാലയില്‍ ഫാനിനു താഴെ നിറഞ്ഞ വയറുമായി അവ അയവെട്ടിക്കൊണ്ടിരിക്കുന്നു . പത്തു
സെന്റോളം വലുപ്പമുള്ള ഒരു വലിയ ഷെഡ്‌ഡിനു കീഴെയാണ് ചാണകക്കുഴി . ഏകദേശം മുപ്പതു സെന്റോളം വരുന്ന സ്ഥലം പശുക്കളെ ഇറക്കി ക്കെട്ടുന്നതിനായി കെട്ടിതിരിച്ചിരിക്കുന്നു . നല്ലൊരു ബയോഗ്യാസ്‌ പ്ലാന്റുമുണ്ട് . ഒരു വലിയ വയല്‍ നിറയെ പുല്‍ കൃഷിയും നടത്തുന്നുണ്ടിവിടെ . അങ്ങേയറ്റം വൃത്തിയും വെടിപ്പുമുള്ള പരിസരം വെറുമൊരു തൊഴുത്ത് എന്നതിലുപരി ഗോവര്‍ദ്ധന്‍  എന്ന പേര് വളരെ അര്‍ത്ഥവത്തായി തോന്നി..

    അടുത്തത് ഭജന മന്ദിരമാണ്‌ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം ഭജന മന്ദിരങ്ങള്‍ ഉണ്ട് .
            പ്രാര്‍ത്ഥന മന്ദിരത്തിന്റെ മുന്നില്‍ ഭക്ഷണ ടോക്കെന്‍ ലഭിക്കും ചോറും രണ്ടു തരാം കറികളും അച്ചാറും മോരും ആവശ്യതിനെടുത്തു കഴിക്കാം ..അവിടത്തെ പ്രസാദമാണ് ഭക്ഷണം.

    ആശ്രമം വക ബുക്ക് സ്റ്റാള്‍ ഉണ്ട്. ആശ്രമത്തെ കുറിച്ചും ആത്മീയതയെ കുറിച്ചുമുള്ള നിരവധി ഗ്രന്ഥങ്ങള്‍ സി.ഡി. മുതലായവ  മിതമായ നിരക്കില്‍ ഇവിടെ നിന്നും വാങ്ങാന്‍ പറ്റും . ആശ്രമത്തിന്റെതായി ഒരു മാഗസിനും ലഭ്യമാണ്. വാര്‍ഷിക വരിസംഖ്യ 40 രൂപ. ഇതിന്റെ ഇന്റര്‍നാഷണല്‍ പതിപ്പുമുണ്ട് .
അച്ഛനും ഞാനും പുസ്തകങ്ങള്‍ തിരഞ്ഞെടുത്തു . അച്ഛന്‍ ഒരു മലയാളം പുസ്തകവും ഞാന്‍ അതിന്റെ തന്നെ ഇംഗ്ലീഷ് പതിപ്പും . ഞാനത്ര വലിയ ഇംഗ്ലീഷുകാരനായതു കൊണ്ടല്ല . ഇതിനൊരു സാധ്യത ഉണ്ട് . ഇന്ന് എന്റെ മുന്നില്‍ കീഴടങ്ങാന്‍ കൂട്ടാക്കാത്ത ഇംഗ്ലീഷ്നെ മെരുക്കാനൊരു ശ്രമം സാധിക്കുന്നില്ലേല്‍ അച്ഛന്റെ മലയാളത്തെ ആശ്രയിക്കാലോ......
നിറഞ്ഞ വയറും മനസ്സുമായി ആശ്രമത്തില്‍ നിന്നിറങ്ങുമ്പോള്‍ സമയം രണ്ടര ഇനി എങ്ങോട്ട് ....? റാണിപുരം .......വടക്കെ മലബാറിന്റെ ഊട്ടി ...!  ചോദ്യവും ഉത്തരങ്ങളും ഒന്നിച്ചായിരുന്നു .രാജപുരം മാലക്കല്ല് കള്ളാര്‍  റാണിപുരം ..റോഡ്‌ അത്ര മോശമെന്ന് പറയാന്‍ പറ്റില്ല പക്ഷെ ചതിക്കുഴികള്‍ ഒളിച്ചു വെച്ച കൊടും വളവുകളുള്ള മലയോര പാത .
    സത്യത്തില്‍ റാണി പുരത്തെന്താ കാണാനുള്ളത് ...?    ഉള്ളത് പറയാലോ വണ്ടിയിലുള്ള എല്ലാവരും ആദ്യമായിട്ടാ റാണിപുരം പോകുന്നത്  . സാധാരണ ഞങ്ങള്‍ കണ്ടിട്ടുള്ള ഒരു  മലയോര കാഴ്ചകള്‍ തന്നെയാണ് എല്ലാവരുടെയും ഉത്തരം. പാറക്കെട്ടുകള്‍ ,വന്മരങ്ങള്‍ , വെള്ളച്ചാട്ടം ,വിജനത ,ഏകാന്തത . എനിക്കാണേല്‍ ഇതെല്ലാം വലിയ വീക്നെസ്സും ......
റാണിപുരം റോഡ്‌ തീര്‍ന്നു .എനിക്കാണേല്‍ സംഗതി വരുന്നില്ല .ഒരീച്ച പോലുമില്ല എന്ന് പറയാനും വയ്യ ..നിറയെ ചിത്രശലഭങ്ങള്‍ കൊങ്ങിണി പൂവുകള്‍ക്കുമ്മ കൊടുക്കുന്ന കാഴ്ച . പക്ഷെ ഒരൊറ്റ മനുഷ്യ ജീവിയെ പോലും കാണുന്നില്ല .....വരുന്ന വഴിയില്‍ കുറെ താഴെയായി ഒന്ന് രണ്ടു ബസ്സും കുറെയേറെ കാറുകളും നിര്‍ത്തിയിട്ടത് കണ്ടിരുന്നു ...ഒരു സ്റ്റാര്‍ ഹോട്ടലിന്ടെ മുന്‍വശം പോലെ വലിയ ഗേറ്റ് ഉള്ള കെട്ടിട സമുച്ചയവും കണ്ടിരുന്നു . ഇനി അതാവുമോ  എന്ട്രന്‍സ് .....?  കാട്ടിനുള്ളിലേക്ക്‌ കയറിപോയ അച്ഛന്‍ തിരിച്ചു വന്നു കാലുകളില്‍ കുറച്ചു അട്ടകളുമായി  ...!!  
 മഞ്ഞു മാറി തെളിഞ്ഞ കുന്നിന്‍ മുകളിലെ പച്ച പുല്മേട്ടിലൂടെ
നടന്നു പോകുന്ന രണ്ടു രൂപങ്ങള്‍  കൂടി കണ്ടപ്പോള്‍ കാര്യം പിടികിട്ടി കാര്യം ഞങ്ങള്‍ ഊഹിച്ചത് തന്നെ ടൂറിസം വകുപ്പിന്റെ പണിതീരാറായ കെട്ടിടമാണ് ഞങ്ങള്‍ കണ്ടത് ..അത് തന്നെയായിരുന്നു എന്ട്രന്സും . ഡ്യൂട്ടിയിലുണ്ടായിരുന്ന ഫോറെസ്റ്റ് വാച്ചര്‍ ഞങ്ങളെ തെല്ലൊന്നുനിരുത്സാഹപ്പെടുത്താന്‍ ശ്രമിച്ചു “രണ്ടരക്കിലോമീറ്റര്‍ കയറാനുണ്ട്‌” ...    "നിറയെ അട്ടയാണ്.. ആനയെ കണ്ടേക്കാം" ......... "ഒന്നര മണിക്കൂര്‍ കയറാന്‍ മാത്രം വേണം ടോട്ടല്‍ കയറി ഇറങ്ങാന്‍ മൂന്നു മണിക്കൂര്‍ ....!!!”      അച്ഛനും അനിയത്തിയും പിന്മാറി.. രണ്ടു വയസ്സുകാരന്‍ കണ്ണനെ നോക്കി അവര്‍ ഗസ്റ്റ്‌ ഹൌസില്‍ നില്കാമെന്നേറ്റു. ഞാനും വിക്ടോറിയയും അമ്മയും അവിടെ നിന്നും കുറച്ചു ഉപ്പും എടുത്തു യാത്ര തുടങ്ങി...
കുറെയേറെ കടുപ്പപ്പെട്ട കാടാണ് . വന്മരങ്ങള്‍ ,ഈറ്റക്കാടുകള്‍ , കൂറ്റന്‍ പാറകള്‍ . കനത്ത കോട മഞ്ഞും കാടിന്റെ സ്വാഭാവിക ഇരുട്ടും ..കുത്തനെയുള്ള കയറ്റവും മുന്നോട്ടുള്ള യാത്ര അത്ര അനായാസമായിരുന്നില്ല. പോരാത്തതിനു എന്റെ ചെരുപ്പ് മലകയറ്റത്തിനു ഒട്ടും അനുയോജ്യമായതും ആയിരുന്നില്ല .

എല്ലാവരും മലയിറങ്ങുകയാണ്.. ബംഗ്ലൂരില്‍ നിന്നും വന്ന കുറെ ചെറുപ്പക്കാരും ചെറുപ്പക്കാരികളും തിടുക്കത്തില്‍ കലപിലാ സംസാരിച്ചു കൊണ്ട് ഇറങ്ങിക്കൊണ്ടിരിക്കുന്നു ഞങ്ങള്‍ക്ക് ചെറിയൊരു വേവലാതിഉണ്ടായി . ഇനി ഞങ്ങള്‍ ഇന്നത്തെ അവസാനത്തെ ആള്‍ക്കാരാണോ ..?
കുത്തനെയുള്ള കുന്നില്‍ അറുപതു കിലോ പോലും തൂക്കമില്ലാത്ത സ്വന്തം ശരീരം ഭാരമായി തോന്നിയപ്പോള്‍ ആയിരിക്കും അമ്മ കിതപ്പടക്കി ഒരു ചോദ്യം “ഈ കുന്നു കയറാന്‍ ആനയ്ക്കാവുമോ”....?. അഞ്ചു ടണ്‍ ഭാരമുള്ള ശരീരം ഈ കുന്നിലൂടെ വലിച്ചു കയറ്റല്‍ കുറച്ചു പാട് തന്നെയല്ലേ ?...ചുമ്മാ റിസ്കെടുക്കാന്‍ ആനക്കെന്താ വട്ടുണ്ടോ ?”  അമ്മയ്ക്ക് കൊടുക്കാനുള്ള മറുപടിക്കായി ഞാനിങ്ങനെ ആലോചിച്ചു കൊണ്ടിരിക്കുമ്പോള്‍ ദാ ഉത്തരം നേരെ മുന്നില്‍ കുറച്ചു അനപ്പിണ്ടങ്ങള്‍... മാത്രമല്ല ചവുട്ടി ഞെരിക്കപ്പെട്ട ചെറു കല്ലുകളും കാട്ടുചെടികളും... നാലോ അഞ്ചോ ആനകള്‍ എങ്കിലും ഒന്നിച്ചു കടന്നു പോയി ഉണ്ടായ ഒരു വഴി ...
തൊണ്ട വരണ്ട കാര്യം വെളിപ്പെടുത്താന്‍ വെള്ളമെടുക്കാന്‍ മറന്നു പോയി എന്ന് പറഞ്ഞത് ഞാനായിരുന്നോ ...? തൊട്ടടുത്തായ് എവിടെയോ ആന  ഉണ്ട് ....കേവലം പത്തു മീറ്റര്‍ പോലും മഞ്ഞു കാരണം മുന്‍പില്‍ കാണാന്‍ പറ്റില്ല . അതായതു ഞങ്ങള്‍ ആനയെ കണ്ടാല്‍ അത് ഏറ്റവും കൂടിയത് പത്ത് മീറ്റര്‍ അടുത്ത് വച്ചായിരിക്കും .പിന്നീട് ഓടാനുള്ള ധൈര്യമോ ആരോഗ്യമോ ഞങ്ങള്‍ക്കില്ല ..... ബാക്കിയെല്ലാം ആന നോക്കിക്കൊള്ളണം ....അല്ല  പിന്നെ ....

വന്മരങ്ങള്‍ ഇട തൂര്‍ന്ന കാടുകള്‍ കഴിഞ്ഞു ഞങ്ങളാ പുല്‍മേട്ടിലെ ത്തി. മനോഹരമായ ഒരു കാഴ്ച തന്നെയാണത് .പക്ഷെ പെട്ടെന്ന് കടന്നു വരുന്ന മൂടല്‍ മഞ്ഞില്‍ കാഴ്ചകള്‍ അവ്യക്തമായി പോകുന്നു .
മുന്നോട്ടുള്ള വഴി വളഞ്ഞും പുളഞ്ഞും പോകുന്നു ...അമ്മയ്ക്ക് ചെറുതായി മടുത്തു തുടങ്ങി “നമുക്ക് മടങ്ങിയാലോ” എന്ന് ചോദിച്ചത് അതിനാലായിരിക്കും ...

വീണ്ടും ആനയുടെ പാദ മുദ്രകള്‍ ഇത് ചെറുതൊന്നുമല്ല ഞങ്ങളെ അമ്പരപ്പിച്ചത്...കീഴ്ക്കാം തൂക്കായ കുന്നിഞ്ചരുവ്. ഒന്ന് അടിതെറ്റിയാല്‍ പോകുന്നത് അത്യഗാധതയിലെക്ക്. അതിലൂടെയാണ് ആന നടന്നു പോയത് മുന്നില്‍ കാണുന്ന കറുത്തിരുണ്ട് കിടക്കുന്നത് ആനയാണോ പാറയാണോ ..?
മഞ്ഞു മാറിയ ഒരു ചെറിയ ഇടവേള കുന്നിനു മുകളില്‍ ഒരു വലിയ പാറയുണ്ട് . വഴി അവസാനിക്കുന്നത്‌ അവിടെയാണ്.

കുത്തനെയുള്ള കുന്നിന്റെ നെറുകയിലെ വലിയ പാറ... ആനകള്‍ ഇവിടെ തമ്പടിച്ചതിന്റെ ലക്ഷണമായി ആനപിണ്ടങ്ങളും ശരീരം പാറയിലുരച്ച പാടുകളും. നിറയെ പ്ലാസ്റ്റിക് വെയ്സ്റ്റുകള്‍, കുപ്പികള്‍ , കവറുകള്‍ മുതലായവകളാല്‍ കുറച്ചൊക്കെ വൃത്തികെടാക്കിയിട്ടുന്ടെങ്കിലും ചുറ്റുമുള്ളത് അതി മനോഹര കാഴ്ചകളായിരുന്നു. പറന്നു വന്നു നമ്മളെ മൂടുന്ന മഞ്ഞ് ...ഇടക്ക് മഞ്ഞിന്‍ വിടവിലൂടെ പുറത്തു കാണുന്നപുല്‍മേട്‌.. പുല്‍മേട്ടിലെ പേരറിയാ പൂക്കള്‍...അതിലൊരു പുഷ്പം ഹിമാലയ സാനുക്കളില്‍
മാത്രമുന്ടെന്നു പറയുന്ന ബ്രഹ്മ കമലമാണോ? നേരിയ മണവും ഉണ്ടതിന്. ഒരു ചട്ടിയിലോതുക്കുവാന്‍ ഇനിയും ആര്‍ക്കും സാധിച്ചിട്ടില്ലെന്ന അഹങ്കാരത്തോടെ അത് പര്‍വതസാനുവില്‍ ഇളംകാറ്റിലും നറുമഞ്ഞിലും തലയാട്ടി നില്‍ക്കുന്നു.




ഇനിയിറങ്ങാം..രാത്രിയായാല്‍ പിന്നെ വഴി ബുദ്ധിമുട്ടാകും. എല്ലാവര്ക്കും ചെറിയ ധൃതി. കയറ്റം പോലെ മലയിറക്കവും ചെറിയ പാടാണ്. കുത്തി നടക്കാന്‍ ഓരോ ഉണങ്ങിയ കമ്പ് പൊട്ടിച്ചെടുത്താ യിരുന്നു മലയിറക്കം . ദാഹിച്ചു തൊണ്ട വരണ്ടിരുന്നു എല്ലാവര്‍ക്കും . ഈറ്റക്കാടുകള്‍ കാവല്‍ നില്‍ക്കുന്ന ഒരു കുഞ്ഞു നീരുരവയില്‍ നിന്ന് ഞങ്ങള്‍ ദാഹം മാറ്റി.മനസ്സും ശരീരവും കൂടി തണുപ്പിക്കുന്ന അനുഭവമായി യാത്ര മാറിയിരുന്നു.
താഴെ കാത്തിരുന്ന അച്ഛനും അനിയത്തിയും കണ്ണന്റെ പുറകെയോടി ഞങ്ങളെപോലെ തന്നെ തളര്‍ന്നിരുന്നു. ഗസ്റ്റ്‌ ഹൌസിന്റെ വിശാലമായ മുറ്റം അവനും ആഘോഷിക്കാന്‍ വക നല്‍കിയിരുന്നു.
തിരിച്ചു വീട്ടിലേക്ക്‌ പോകുമ്പോള്‍ എല്ലാവരും വീണ്ടുമൊരിക്കല്‍ ഇവിടെ വരാനുള്ള പ്ലാനിംഗ് നടത്തികൊണ്ടിരിക്കുകയായിരുന്നു.രാവിലെ വരണം...ഭക്ഷണം കൊണ്ട് വരാം...റോഡവസാനിക്കുന്നിടത്ത് നിന്ന് കഴിക്കാം....... അങ്ങനെയങ്ങനെ..........

6 comments:

  1. വീണ്ടും ഒരു യാത്ര പോയി വന്ന അനുഭവം കിട്ടി.

    ആനന്ദമാർഗ്ഗികളുടേതാണോ ആനന്ദാശ്രമം?

    "ജയിലിൽ നിന്നും ചപ്പാത്തി വാങ്ങും "!!!!
      ഇത് മനസിലായില്ല സാധാരണ ഹോട്ടലിൽ നിന്നല്ലെ ചപ്പാത്തി വാങ്ങുക ?
    ഏതായാലും അപാധൈര്യം തന്നെ അഛനെയും അനിയത്തിയെയും മകനെയും ഒക്കെ ഇരുത്തിയിട്ട് ആ കാട്ടിൽ കൂടി അമ്മയെയും ഭാര്യയെയും കൊണ്ട് പോകാൻ ഹ ഹ ഹ 

    ReplyDelete
    Replies
    1. "ജയിലിൽ നിന്നും ചപ്പാത്തി വാങ്ങും "!!!! ഹ ഹ ഹ ഹ അതൊരു പിടി കിട്ടാത്ത കാര്യമായി അല്ലെ ? ഇവിടെ കണ്ണൂരില്‍ ജയിലില്‍ ചപ്പാത്തി ഉണ്ടാക്കുന്നുണ്ട് പത്തു ചപ്പാത്തിക്ക് ഇരുപതു രൂപ ....!!! പത്തെണ്ണം അടങ്ങുന്ന ഒരു കവര്‍. അതെ ചപ്പാത്തി തന്നെയാ ഇവിടെ പല ഹോട്ടലിലും എട്ടു മുതല്‍ ഇരുപതു രൂപയ്ക്ക് കിട്ടുന്നത് .......

      Delete
    2. അത് ശരി. അത് പുതിയ അറിവ്

      ഞങ്ങൾ യാത്രക്ക് പോകുമ്പോൾ  ട്രെയിനിൽ പാന്‌ട്രി ഇല്ലാത്തതാണെങ്കിൽ ബേക്കറിയിൽ നിന്നും വാങ്ങും ഒന്നിൻ നാൽ രൂപ
      ഇവിടെ ജയിൽ ഇല്ലാത്തത് കൊണ്ട് അത് അവർ ഉണ്ടാക്കുന്നതായിരിക്കും  

      Delete
  2. ജയിലിലെ ചപ്പാത്തിക്കണക്കില്‍ ഉദ്യോഗസ്ഥന്മാര്‍ എന്തോ അഴിമതി കാണിച്ചു എന്നൊക്കെ വാര്‍ത്ത കണ്ടിരുന്നല്ലോ. സത്യമാണോ?

    എന്തായാലും ആന നടന്ന വഴികളിലൂടെ ഒരു വനയാത്ര. അമ്പമ്പോ വല്ലാത്ത ധൈര്യം

    ReplyDelete
    Replies
    1. എല്ലായിടത്തും അഴിമതി തന്നെയല്ലേ ..? സത്യത്തില്‍ അഴിമതി കഥകള്‍ ഒരു പുതുമ അല്ലാതായി ...പത്രത്തില്‍ ചുമ്മാ അഴിമതി എന്ന് വാര്‍ത്ത ഇട്ടാല്‍ ആരും വയിക്കാതായി . . പണ്ട് " കുംഭകോണം " എന്ന് അഴിമതിക്ക് പേര് വന്നത് പോലെ ഇന്ന് സോളാര്‍ , ചപ്പാത്തി ,കല്‍ക്കരി , ത്രീ ജി , എന്നൊക്കെ പറഞ്ഞാല്‍ സംഗതി ആയി അല്ലെ അജിതേട്ടാ ? ആര്‍ക്കും ഒന്നും തികയാതതിനാലാവും ..?

      Delete