Friday, January 9, 2015

ഇന്ത്യ മുഴുവനായി ഒന്ന് ചുറ്റി വരാന്‍ പറ്റുന്ന തരത്തില്‍ ഒരു യാത്ര പ്ലാന്‍ ചെയ്യുന്നു .

ഇന്ത്യ മുഴുവനായി ഒന്ന് ചുറ്റി വരാന്‍ പറ്റുന്ന തരത്തില്‍ ഒരു ബൈക്ക്  യാത്ര പ്ലാന്‍ ചെയ്യുന്നു .

  1.  29 സംസ്ഥാനങ്ങളും 6 Union tertiary കളും (ലക്ഷദ്വീപ് അന്ടമാന്‍ ഒഴികെ) സ്പര്‍ശിക്കുന്ന യാത്ര 90 -100 ദിവസം കൊണ്ട് തീര്‍ക്കാനാണ് പ്ലാന്‍ ചെയ്യുന്നത് 25000 മുതല്‍ 33000 കിലോമീറ്റര്‍ വരെ യാത്രക്ക് ദൈര്‍ഘ്യം പ്രതീക്ഷിക്കുന്നു.  താമസം പരമാവധി ചെലവ് കുറഞ്ഞ സ്ഥലങ്ങളില്‍ ഉദ്ദേശിക്കുന്നു.

 യാത്രയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവരുടെയും നിര്‍ദേശങ്ങളും സഹായങ്ങളും  തരാന്‍ സാധിക്കുന്നവരുടെയും അറിവിലേക്കായി പ്രസിദ്ധീകരിക്കുന്നത്   
പ്രധാന ലക്ഷ്യങ്ങള്‍
1.       കന്യാകുമാരി
2.       ഡല്‍ഹി
3.       ലെ ,ലഡാക്ക് ,കാര്‍ഗില്‍
4.       ആഗ്ര
5.       ഗയ 
6.       നേപാള്‍
7.       വാഗാബോര്ടെര്‍
8.       ഗോള്‍ഡെന്‍ ടെമ്പിള്‍ 
9.       വൈരവെല്‍ (ഗുജറാത്ത്‌ )
10.   അജന്ത , എല്ലോറ
11.   എലിഫെന്റ് കേവ്
തയ്യാറെടുപ്പ്
1.       മാനസികമായ തയ്യാറെടുപ്പ്
2.       ശാരീരികമായ തയ്യാറെടുപ്പ്
3.       നിര്‍ബന്ധമായും ഇന്ഷുറന്സ് ചെയ്യണം ആക്സിടെന്റ്റ് പരുക്കുകള്‍ ,മരണം എന്നിവക്കെതിരെ ചെയ്യാന്‍ പറ്റുന്നവ
4.       എത്തുന്ന സ്ഥലങ്ങളില്‍ താമസം,ഭക്ഷണം എന്നിവയ്ക്ക് സഹായിക്കാന്‍ സാധിക്കുന്നവരുടെ (സുഹൃത്തുക്കള്‍, ബന്ധുക്കള്‍ ഓണ്‍ ലൈന്‍ സൌഹൃദങ്ങള്‍ ) ലിസ്റ്റ് തയ്യാറാക്കണം
5.       താമസിക്കാന്‍ പറ്റുന്ന ചെലവ് കുറഞ്ഞ സംവിധാനങ്ങള്‍ അന്വേഷിക്കണം (ആശ്രമങ്ങള്‍ , ഹോസ്ടലുകള്‍ ,ബുദ്ധ വിഹാരങ്ങള്‍ , ടെന്റ് കെട്ടി താമസിക്കാന്‍ പറ്റുന്ന സ്ഥലം etc….)
6.       യാത്ര സ്പോണ്‍സര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവരുടെ സഹായം സ്വീകരിക്കുന്നതാണ്
7.       യാത്രയില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ക്ക് സാധിക്കുമെങ്കില്‍  പരമാവധി മൂന്നു ദിവസം വരെ ബൈക്കില്‍ സഹയാത്രികനായി പാതി വഴിയില്‍ നിന്നും ചേരാവുന്നതാണ് (മുന്‍കൂട്ടി അറിയിക്കേണ്ടതാണ്). ബൈക്കോട് കൂടി വരുന്നവര്‍ക്ക് അങ്ങനെ ഒരു നിബന്ധന ഇല്ല
8.       Face book പേജു തുറക്കുന്നുണ്ടാവും യാത്രയുടെ വിവരങ്ങള്‍, ഫോട്ടോ മുതലായവ അപ്പപ്പോള്‍ പോസ്റ്റ്‌ ചെയ്യുന്നുണ്ടാവും
9.        
പൊതു നിയമങ്ങള്‍
1.       യാത്രയില്‍ മദ്യപാനം പുകവലി കര്‍ശനമായി നിരോധിച്ചിരിക്കുന്നു (താമസിക്കുന്ന സ്ഥലങ്ങളില്‍ അനുവദനീയമെങ്കില്‍ വിരോധമില്ല )
2.       ഹെല്‍മെറ്റ്‌ നിര്‍ബന്ധമാണ്‌
3.       പരമാവധി 70 കിലോമീറ്റര്‍ വേഗത
4.       രാവിലെ അഞ്ചു മണിക്ക് യാത്ര തുടങ്ങാം. രാത്രി യാത്ര ഇല്ല
5.       താമസിക്കുന്ന ഇടങ്ങളില്‍ 8  മണിയോടെ മുറിയില്‍ എത്തേണ്ടതാണ്
ചിലവുകള്‍
1.       ഇന്ധനചിലവ്       60000
2.       ഭക്ഷണ ചെലവ്      20000
3.       താമസം            30000
4.       അല്ലറ ചില്ലറ       20000
കയ്യില്‍ കരുതേണ്ട സാധനങ്ങള്‍
1.       റയിന്‍ കോട്ട്
2.       Sleeping bag
3.       ടെന്റ്
4.       ക്യാമറ and memory cards &reader
5.       GPS
6.       Mob Charger
7.       Camera charger
8.       Glouse
9.       Googl’s
10.   Maps
11.   Passport Driving license  and other proofs
12.   Helmet
13.   Wind cheater
14.   Stove
15.   Water carrier or a can (this may be use fuel carrier)
16.   Shaving set
17.   Three pair dress
18.   Knife
19.   Medical details ,and personal details
20.   Torch ,notebook and pen
21.   Tool kit (spanner screw driver etc…)
22.   5 mtr small plastic rope
23.   First aid and adequate medicines
24.   Food (biscut,nuts ,dry fruits,water)

ബൈകിനു വരുത്തേണ്ട മാറ്റങ്ങള്‍
1.       ലഡാക്ക് കാരിയര്‍
2.       മൊബൈല്‍ ചാര്‍ജര്‍ സോക്കറ്റ്
3.       LED EMARGENCY LIGHT SETTINGS
4.       എക്സ്ട്രാ നമ്പര്‍ പ്ലേറ്റ് (ബാക്ക് )
5.       Extra fog  light settings  and horn

 Nb: നിര്‍ദേശങ്ങളും അഭിപ്രായങ്ങളും തീര്‍ച്ചയായും പ്രതീക്ഷിക്കുന്നു





Friday, September 26, 2014

നിരീക്കല്ലടാ നിരീക്കല്ലാ ....

അയമുക്കാന്റെ കഥകളില്‍ അയമുക്ക പറയാത്തതും മറ്റുള്ളവര്‍ പറഞ്ഞുകൊണ്ടിരിക്കുന്നതുമായ കഥകള്‍ വേറെയുമുണ്ട്. അതിലൊന്നാണിത്. 
അന്ന് റാബിത്താന്റെ ഇളയ അനിയത്തീടെ കല്യാണതലേന്നായിരുന്നു.  അസ്ഥാനത്ത് അടുക്കള ഭാഗത്തൂന്ന് വന്ന നിലവിളിയുടെ കാരണം തിരക്കി ഓടിവന്നവര്‍ക്ക് മുന്നില്‍ നിലത്തുകുത്തിയിരിക്കുന്ന ജമാലായിരുന്നു. വീട്ടിലെ പെണ്ണുങ്ങള്‍ക്ക് മുഴുവന്‍ നടുവില്‍ അവനങ്ങനെ മോങ്ങിക്കൊണ്ടിരിക്കുന്നു.
പ്രോബ്ലം ഇതാണ് . റാബിത്താന്റെ അനിയത്തി ആമിനക്ക് കൊടുക്കാന്‍ കൊണ്ട് വന്ന അരപ്പവന്റെ മോതിരത്തിനുള്ളിലേക്ക് പയ്യന്‍സ് സുന്നത്ത് ചെയ്ത സുന്ദരനെ അങ്ങ് കയറ്റി  .റിട്ടേണ്‍ കിട്ടാതെ അരപ്പവന്‍ ജാമായി ഇങ്ങട്ടില്ലെന്ന മട്ടില്‍ കെടപ്പാണ് ...
പെണ്ണുങ്ങള്‍ പഠിച്ച പണി പതിനെട്ടു പയറ്റീട്ടും സങ്കരന്‍ തെങ്ങുമ്മേ തന്നെ. കോറസ്സ് തേങ്ങലുകള്‍ക്കിടയില്‍ നിന്നും അയമുക്ക പെണ്ണുങ്ങളെ വിരട്ടിയോടിച്ചു. മിഷന്‍ അയ്മുക്ക ഏറ്റെടുത്തു  .ബിരിയാണിയുണ്ടാക്കാന്‍ കൊണ്ടുവന്ന ഡാല്‍ഡ തേച്ചിട്ടും സംഗതി വരുന്നില്ല. മാത്രമല്ല അസ്ഥാനത്തെ സ്പര്‍ശനം പയ്യന്റെ ആണത്തതെ  ചെറുതായൊന്ന് ഉദ്ധരിപ്പിക്കുകയും ചെയ്തു. മകന്റെ ഫെര്ടിലിട്ടിയെ പറ്റിയുള്ള ഭയവും വെപ്രാളവും കൊണ്ട് അങ്കലാപ്പിലായെങ്കിലും പുരുഷന്റെ സെക്സോളജിയിലുള്ള അയമുക്കാന്റെ അപാരപാണ്ടിത്യം അടുത്ത ഉപദേശത്തില്‍ വെളിവായി ....”നിരീക്കല്ലെടാ നിരീക്കല്ലാ “.......

അക്കരെ നിന്നും തട്ടാന്‍ നാണുവേട്ടന്‍ വന്ന് സംഗതിക്ക് ഒരു തീര്‍പ്പാകിയെങ്കിലും.  കൊല്ലമിത്രേം കഴിഞ്ഞിട്ടും ചില സംഗതികളില്‍ അയമുക്കാന്റെ പഴയ ഡയലോഗ് ഇവിടെ നാട്ടുമ്പുരത്തുകാര്‍ ഇപ്പോഴും പറയാറുണ്ട്.        ”നിരീക്കല്ലെടാ നിരീക്കല്ലാ “.......

Saturday, September 20, 2014

പഴം പുരാണം

വായില്‍ കടിച്ചു പിടിച്ച്  തുപ്പല്‍ പുരണ്ട ദിനേശ് ബീഡീടെ പ്രാണന്‍ പോകാതിരിക്കാന്‍ ഒന്നാഞ്ഞുവലിച്ച് വായിലെ പുക വിടാന്‍ വേണ്ടി തന്നെ പറിച്ചു മാറ്റിയതെന്നു തോന്നിക്കുന്ന പല്ലിന്റെ വിടവിലൂടെ പുക വിട്ട് അയമൂട്ടിക്ക കഥ തുടര്‍ന്നു .....
പത്തന്‍പത് വര്‍ഷങ്ങള്‍ക്ക് മുമ്പാ. ഇന്നേ പോലെ ബസ്സും ബണ്ടീം ഒന്നുല്ലാത്ത കാലം. പൊയ കടന്ന് അക്കരെ എത്ത്യാലാ ഒരാസ്പത്രി ഉള്ളേ.അന്നേരാ ഓന്‍.... ഓനിക്കന്നേരം എട്ടൊമ്പത് ബയസ്സാ......
മതി.. അങ്ങേരുടെ ഭാഷ ...ഇനി തുടര്‍ന്നാ പണ്ടാരടങ്ങാന്‍ ഇതാര്‍ക്കും മനസ്സിലാകില്ല ..എല്ലാത്തിനും വേണമല്ലോ ഒരു യുനിവേര്സല്‍ സ്ലാന്ഗ് ...!
 അയമ്മദ്ക്ക വെള്ളിയാഴ്ച പ്രമാണിച്ച് പണിയെല്ലാം ലീവാക്കി കുളിച്ച് അത്തറും പൂശി ജുമാക്ക് പോകാന്‍ റെഡിയായപ്പോഴാണ് കെട്ട്യോള്‍ റാബിത്ത വെപ്രാളത്തോടെ ഓടി വന്നത് . ഇട്ടമ്മില്‍ കെട്ടിയിട്ട ആട് കുടുങ്ങീന്നു വെച്ച് ആധിപിടിച്ച് ചാടിപ്പിടിച്ച് കാര്യം തിരക്കിയ അയമ്മദിക്കാന്റെ മുന്നിലേക്ക് കാദര്‍ വായും പോളന്നു തന്നെ വന്നു . തൊറന്നുപിടിച്ച വായുടെ റീസണ്‍ റാബിത്ത തന്നെ എക്സ്പ്ലയിന്‍ ചെയ്തു. പൊളിച്ച് പിടിച്ച വായയുമായി കാദര്‍ കണ്ണ് കൊണ്ടും പുരികം കൊണ്ടും ചെലത്‌ ശരിയെന്നും ചെലത്‌ ശരിയല്ലെന്നും അംഗീകരിച്ചു..
കഥയിതാണ് പശുവിനു പാള വെട്ടികൊണ്ടിരിക്കയായിരുന്നു റാബിത്ത , കളിച്ചോണ്ടിരിക്കുന്നു കാദറും ജമാലും സെറീനയും എന്തോ ചെറിയ കാര്യത്തിന് അടീം ഇടീം വഴക്കുമായി. മൂന്നുപെരും കോറസ്സായി ഉമ്മാനെ വിളിച്ച് കരയാന്‍ തുടങ്ങി . കൂട്ടത്തില്‍ മിടുക്കനായ കാദര്‍ കുറച്ച് ഇമ്പ്രഷന്‍ കിട്ടാന്‍ വോള്യം അല്പം കൂട്ടി ഉമ്മാന്നു വിളിച്ചതാ. ആഫ്റ്റര്‍ ഷട്ടര്‍ ക്ലോസായില്ല.അതാ ഇങ്ങനെ ചെക്കന്‍ വായും പൊളന്നിരിക്കുന്നത്...
ചെറുതായൊന്നു ബലം പിടിച്ച് നോക്കീട്ടും രക്ഷ കിട്ടീല. പൊളിച്ച് കിടക്കുന്ന വായില്‍കൂടെ ആ ..കാ  ....ങ്ങാ .....ന്ന് ചെക്കന്‍ കാറുന്നു ...ആള്‍ക്കാരൊക്കെ ഓടിവന്ന് മുറ്റം നിറഞ്ഞു. എല്ലാവരും പൊളിച്ച് കെടക്കുന്ന ചെക്കന്റെ വായടപ്പിക്കാന്‍ അറിയാവുന്ന വിദ്യകള്‍ പലതും നടത്തി നോക്കി . നോ രക്ഷ....
പുരുഷാരത്തിനു മുന്നില്‍ ചെക്കന്റെ വായ ഒരു ചോദ്യചിഹ്നം പോലെ പൊളിച്ച് തന്നെ ..ഇനീപ്പോ എന്ത് ചെയ്യും???? പുരുഷാരം കൂലംകഷമായി ചിന്തിച്ചു .ഒടുവില്‍ അക്കരെയുള്ള ആശുപത്രിയില്‍ പോകാന്‍ തന്നെ തീരുമാനിച്ചു.
അയമ്മദ്ക്ക മുന്നിലും പിറകെ പൊളിച്ച വായുമായി കാദറും അതിനു പിറകെ പിള്ളേരും പുരുഷാരവും ....വയലും പറമ്പുകളും കൈത്തോടുകളും കടന്ന് യാത്ര ജമായത്ത് പള്ളിക്ക് മുന്നിലെത്തി . ഒസ്സന്‍ മമ്മദ്ക്കയും മൊയല്യാരും ഒന്ന്‌ ട്രൈ ചെയ്തു നോക്കി.  മൊയ്ല്യാരിക്കാന്റെ  ജപിച്ചൂതലില്‍ ചെക്കന്റെ വായില്‍ കുറെ തുപ്പല്‍ പോയീന്നല്ലാതെ നോ റിസള്‍ട്ട്‌. ജുമാ മിസ്സായ അയമുക്കയും ചെക്കനും കടവ് കടന്ന് വയല് മുറിച്ചു നടക്കുകയാണിപ്പോ....കിലോമീറ്റര്‍ നാലഞ്ച് കഴിഞ്ഞിരിക്കുന്നു. അപ്പോഴാണ് മുന്നില്‍ നടക്കുന്ന അയമുക്ക അശരീരി പോലൊരു ശബ്ദം കേട്ടത്. .ഉപ്പാ ഇപ്പ സറിയായി “.... അസ്ഥാനത്ത് പൊളിച്ചപ്പോ ചെക്കന്റെ ഷട്ടര്‍ ലോക്കായ വായ ദേ അടഞ്ഞു കിടക്കുന്നു വിത്തൌട്ട് എനി റീസണ്‍!!!!!

കാദര്‍ അതിനു ശേഷം ഒരിക്കലും വോള്യം കൂട്ടി സംസാരിച്ചില്ലെന്നും...ഉമ്മാ എന്നുള്ള വിളി മാറ്റി ഉമ്മച്ചി എന്നാക്കിയെന്നുമൊക്കെയുള്ള അപശ്രുതികളും നാട്ടിലുണ്ട്....

Friday, September 12, 2014

ഒരു പഴയ "കായകല്പ" ചികിത്സ

    ആരാണീ സയന്‍സ് അങ്ങേര്‍ക്ക് പറഞ്ഞു കൊടുത്തതെന്നറിയില്ല. വെടിയേറ്റ് വീണ മുയലിന്റെ കഴുത്ത് കടിച്ചുമുറിച്ച് ചൂടുള്ള ചോര കുടിച്ചുകൊണ്ട് ഓടുക!. നല്ല ആരോഗ്യം കിട്ടുമത്രേ ചിലപ്പോ മുയലിനെ പോലെ !. ഒന്നര്‍മ്മാദിക്കാന്‍  ആര്‍ക്കാ മടി  ..?
    


      സംഗതി കിട്ടുകേം ചെയ്തു. പൊന്ത ക്കാട്ടില്‍ നിന്നും ചാടിക്കേറിയ മുയലിന്റെ പിന്‍തുടയിലാണ് നാടന്‍ തോക്കിന്റെ ഉണ്ട തുളച്ചു കയറിയത്. തോക്കവിടെ വെച്ച് മുയലിനേം കടിച്ചു പിടിച്ചു അര്‍മാദിച്ചു  ഓടിയ നാരാണേട്ടന്‍ കുതിരയെപോലെ അമറിക്കൊണ്ട് തിരിച്ചോടി വരുന്നത് കണ്ട് അമ്പരന്നു പോയെങ്കിലും സംഭവം ഇത്രേം കോമ്പ്ലിക്കേറ്റ് ആയിരിക്കുമെന്ന് കരുതിയിരുന്നില്ല.

     


             നട്ടപ്പാതിരയ്ക്ക് ചന്തിക്കൊരു വെടീം കിട്ടി പ്രാണന്‍ പോകാന്‍കിടക്കുമ്പോള്‍ കഴുത്തിനൊരു കടിയും കൂടി തന്നത് ക്ഷമിക്കാന്‍ നൂറുശതമാനം വെജിറ്റേറിയന്‍ ആണെങ്കിലും മുയലിനു പറ്റിയില്ല.   ദിനേശ്ബീഡി വലിച്ച് ഒട്ടിപ്പോയ കവിളിനെ ചേര്‍ത്ത് പിടിപ്പിച്ച മുയലിന്റെ ആ കടിയില്‍ നാരാണേട്ടന്റെ സ്റ്റാപ്ലെര്‍ ചെയ്യപ്പെട്ട വാ  തുറന്നുകിട്ടിയത്  വിത്തൌട്ട് അനസ്തേഷ്യയില്‍ കൈയ്യിലെ പിച്ചാത്തി കൊണ്ടൊരു മൈനര്‍ സര്‍ജ്ജറിക്ക് ശേഷമായിരുന്നു....!


(പത്തു നാല്‍പതു വര്ഷം മുന്‍പേ നടന്ന സംഭവമാ ഇനീപ്പോ എന്റെ വീട്ടിലെ ചട്ടീം കലോം വന്നു നോക്കിയാല്‍ മുയലിന്റെ പൊട്ടുംപൊടീം കിട്ടില്ല.. നാരാണേട്ടന്‍ മരിച്ചു .... കൂട്ട്പ്രതി എന്റെ അച്ഛന്‍ ആണ് ഈ കഥ എനിക്ക് പറഞ്ഞു തന്നത് )

Thursday, September 11, 2014

ടെസ്റ്റില്‍ പഠിക്കാത്ത സിഗ്നല്‍:-


ഇപ്പോഴത്തെക്കും കൂടി ഇത് മൂന്നാമത്തെ പ്രാവശ്യമാണ്
എളുപ്പവഴിയില്‍ ക്രിയ ചെയ്യാമെന്ന് കരുതി ഈ റോഡ്‌ പിടിച്ചിട്ടിപ്പോ ഓരോ പ്രാവശ്യം ഓവര്ടേക്ക് ചെയ്യാന്‍ ശ്രമിക്കുമ്പോഴും വല്ലാപിടിച്ച ഒരു സിഗ്നലാണ്‌ കാറുകാരന്‍ കാണിക്കുന്നത് . കഷ്ടപ്പെട്ട് എട്ടു വരച്ചും സിഗ്നലുകള്‍ എല്ലാം ബൈഹാര്ട്ടാക്കിയും നേടിയെടുത്ത ലൈസെന്സിടന്റെ പാഠങ്ങളിലൊന്നും ഇങ്ങനൊരു സിഗ്നല്‍ കണ്ടിട്ടേയില്ല . ....
വലതു കൈ പുറത്തിട്ട് തള്ള വിരലും ചൂണ്ടുവിരലും ചേര്ത്ത് “ദുട്ടെന്നോ “,”ചിക്ളി” എന്നോ “ജോര്ജുകുട്ടി” എന്നോ തോന്നിപ്പിക്കുന്ന ഒരു സിഗ്നല്‍. നാലും കൂടിയ കവലയില്‍ വണ്ടി സ്ലോ ആക്കിയപ്പോള്‍ ചാടിപ്പിടിച്ചു അങ്ങേരുടെ മുന്പി‍ല്‍ കേറി.
എന്താടാ നോക്കുന്നെ എന്ന കാറുകാരന്റെ തുറിച്ചു നോട്ടത്തിനെ ഭീഷണമായ മറ്റൊരു നോട്ടത്താല്‍ പൊളിച്ചു പാളീസാക്കാന്‍ ശ്രമിച്ചപ്പോഴാണ് സംഗതി എനിക്ക് മനസ്സിലായത്‌ . ചങ്ങാതി കടല കൊറിക്കുകയായിരുന്നെന്നെ,..........!!!!!!! കാറിനു പുറത്തേക്കിട്ട വലതു കൈയിലെ നിലക്കടലയുടെ തൊലി കളയുന്ന കലാപരിപാടിയാണ് ഞാന്‍ ടെസ്റ്റില്‍ പഠിക്കാത്ത സിഗ്നല്‍ ആക്കിയത്.....

Friday, August 29, 2014

മൈസൂര്‍ സോമനാഥ ക്ഷേത്രം

അതൊരു വല്ലാത്ത ദിവസമായിരുന്നു..പകല്‍ മുഴുവന്‍ നിര്‍ത്താത്ത മഴ.. കലുഷിതമായ രാഷ്ട്രീയാന്തരീക്ഷം പോലെ പ്രകൃതിയും കലമ്പല്‍ കൂട്ടികൊണ്ടിരുന്നു .. പിറ്റേ ദിവസം കേരളത്തില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നു  ..  വിക്ടോറിയക്ക് ഇന്ന് നൈറ്റ്‌ ഡ്യൂട്ടിയും ഉണ്ട്. രാവിലെ ഡ്യൂട്ടി കൈ മാറാന്‍ ആരെങ്കിലും വന്നാല്‍ നമുക്കൊരു യാത്ര പോകാം എന്ന് വിക്ടോറിയയെ വിളിച്ചു പറഞ്ഞ് ഞാന്‍ ബൈക്കിന്റെ ചില്ലറ അറ്റകുറ്റ  പണികളൊക്കെ തീര്‍ത്ത് വച്ചു.... രാത്രി  വരെയും യാത്രയ്കൊരു ലകഷ്യംഉറപ്പിക്കാന്‍ പറ്റിയില്ല ......രാവിലെയും......രാവിലെ പത്ത് മണിയോടെവിക്ടോറിയ എത്തി. ബാക്ക്പായ്ക്കുമായി ഒരു മണിക്കൂര്‍ കൊണ്ട് ഞങ്ങള്‍ വീട്ടില്‍ നിന്നിറങ്ങി ............
റോഡ്‌ വിജനമായിരുന്നു .... എത്രയും പെട്ടെന്ന് കേരളത്തിന്‌ പുറത്ത് കടക്കണം. ആദ്യത്തെ ജംഗ്ഷനിലേക്ക് 30 കിലോമീറ്റര്‍ ഉണ്ട് ഇരിട്ടി .അവിടെ നിന്ന് വലത്തോട്ട് തമിഴ്നാട്‌ ഇടത്തോട്ടു കര്‍ണാടക യഥാര്‍ത്ഥത്തില്‍ അവിടെ വരെ ഞങ്ങള്‍ എങ്ങോട്ടെന്ന ചോദ്യത്തിന്റെ ഉത്തരത്തിനായി സംസാരിച്ചു കൊണ്ടിരുന്നു മൈസൂര്‍ എന്ന് തീരുമാനിച്ചതും അവള്‍ തന്നെയായിരുന്നു.. ഒരു മണിയോടെ ഞങ്ങള്‍ ബ്രിട്ടീഷ്‌കാരുടെ നിര്‍മാണ മികവിന്റെ നിശബ്ധ പ്രഖ്യാപനവുമായി പ്രൌഡിയോടെ നില്‍ക്കുന്ന കൂട്ടുപുഴ പാലം കടന്നു. ചെറിയ ഒന്ന്‌ രണ്ട് ചെക്ക് പോസ്റ്റുകള്‍ കടന്നാല്‍ പിന്നെ ഫോറെസ്റ്റ് ആണ്.. ചെറിയൊരു ചായക്കടയില്‍ നിന്ന് ചായ കുടിയും കഴിഞ്ഞ് കര്‍ണാടക റിസര്‍വ്വ് ഫോറെസ്റ്റിനു നടുവില്‍ കൂടി ഹെയര്‍പിന്‍ വളവുകള്‍ നിറഞ്ഞ കോണ്‍ക്രീറ്റ് പാതയിലൂടെ ഞങ്ങള്‍ കുടകന്റെ മണ്ണിലേക്ക് കടന്നു.
കാടിന് നടുവിലായി റോഡരികില്‍ ഒരു ചെറിയ ക്ഷേത്രമുണ്ട് ..വിഘ്നങ്ങള്‍ ഒന്നുമില്ലാതെ യാത്ര പൂര്‍ത്തീകരിക്കുവാന്‍ ദീര്‍ഘദൂര യാത്രക്കാര്‍ അവിടെ എണ്ണ  നേര്‍ച്ചയായി കൊടുക്കാറുണ്ട് ..ഒരു വിളക്ക് കത്തിച്ചു വച്ചിടുണ്ടായിരുന്നു ...നേര്‍ത്ത മഞ്ഞില്‍ പൊതിഞ്ഞ ആ വന്യതയ്ക്ക് നടുവില്‍ ...ആ ക്ഷേത്രത്തില്‍ കുറച്ചു കാലം മുന്‍പ് വരെ ഒരാള്‍ താമസിച്ചിരുന്നുവത്രേ ....ഒരേ സമയം മനോഹരവും ഭീകരവുമായ ആ ഏകാന്തവാസം എന്ത് കൊണ്ടായിരിക്കാം അദ്ദേഹം തെരഞ്ഞെടുത്തത്... നേര്‍ത്ത ചന്ദനത്തിരിയുടെ ഗന്ധം ഭയത്തില്‍ പൊതിഞ്ഞ ഭക്തിയാണ് എന്നില്‍ ഉണ്ടാക്കിയത്...സുരക്ഷിതത്വമോ ആശ്വാസമോ തോന്നാത്ത അവിടം എത്രയുംവേഗം ഉപേക്ഷിക്കാന്‍ മനസ്സ് ധൃതി കൂട്ടി ...

വീരജ്പെട്ട നിന്ന് രണ്ടു വഴിയുണ്ട് മൈസൂരിലേക്ക് . ഒരെണ്ണം വീരജ്പെട്ട ടൌണ്‍ തൊടാതെ നേരെ ഹുന്സുര്‍ ചെന്ന് ചേരുന്നതാണ് ...വര്‍ഷങ്ങളായി അറ്റകുറ്റപ്പണികള്‍ നടക്കാതെ തകര്‍ന്നു കിടക്കുന്ന ആ റോഡുപേക്ഷിച്ച് താരതമ്യേന ദൂരം കൂടുതല്‍ ആണെങ്കിലും ടൌണ്‍ വഴി കടന്നു പോകുന്ന ചെറിയ ചുരം റോഡാണ് ഞങ്ങള്‍ തെരഞ്ഞെടുത്തത് ..പശ്ചിമഘട്ടത്തിനിപ്പുറം കാലാവസ്ഥ ഞങ്ങള്ക്ക് അനുകൂലമായിരുന്നു ..നേര്‍ത്ത തണുപ്പുള്ള അന്തരീക്ഷം....ആ ചെറിയ ചുരത്തിലാണ് വീരജ്പെട്ട ഡെന്റല്‍ കോളേജ് സ്ഥിതിചെയ്യുന്നത്..ചെരിഞ്ഞ കുന്നിന്‍ പള്ളയില്‍ പരിസ്ഥിതിയെ മാറ്റാതെ തന്നെ തട്ടുതട്ടായി പണിത ആശുപത്രിഞങ്ങള്‍ക്ക് അത്ഭുതം തന്നെ ആയിരുന്നു. ഭീമന്‍ മണ്ണുമാന്തിയന്ത്രങ്ങള്‍ ഉപയോഗിച്ച് ഇടിച്ചുനിരത്തി മാത്രമേ പ്ലോട്ടുകള്‍ ഒരുക്കാന്‍ പറ്റു എന്ന ഞങ്ങളുടെ മലയാളി മനസ്സിന് അതൊരു പുത്തനവായിരുന്നു. മൈസൂരില്‍ എവിടെ പോകണം എന്ന ചര്‍ച്ച ഞങ്ങള്‍ തുടങ്ങിയത് ഹുന്‍സൂരിലെത്തിയ ശേഷമായിരുന്നു. ഹുന്‍സൂര്‍ തൊട്ടു മൈസൂര്‍ വരെ നീളുന്ന മിനുമിനുത്ത പാതയില്‍ വെച്ച് യാത്രയുടെ ലക്‌ഷ്യം ഞങ്ങള്‍ ഉറപ്പിച്ചു . "സോമനാഥ ക്ഷേത്രം"....

യഥാര്‍ത്ഥത്തില്‍ ഞാന്‍ കാണാന്‍ ആഗ്രഹിച്ച  സോമനാഥ ക്ഷേത്രം ഇതായിരുന്നില്ല... റോമില്ലാ ഥാപ്പറിന്റെ “ഇന്ത്യാ ചരിത്രം" എന്നാ പുസ്തകത്തില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രാവശ്യം  ആക്രമിക്കപ്പെട്ടതെന്ന് കരുതുന്ന വൈരാവലിലെ സോമനാഥ ക്ഷേത്രത്തെ പറ്റി വായിച്ചിരുന്നു ..അള്ളാഹുവിന്റെ മൂന്നു പുത്രിമാരില്‍ ഒരുവള്‍ എന്നറിയപ്പെട്ട മനാത് എന്നാ ദേവിയുടെ ക്ഷേത്രം മുഹമ്മദ്‌ നബിയുടെ കാലഘട്ടത്തില്‍ നശിപ്പിക്കപെട്ടെക്കും എന്ന് കരുതി പേരറിയാത്ത ഏതോ രാജാവ് മക്കയ്ക്കടുത്തു നിന്ന് കടല്‍ കടത്തി കൊണ്ടുവന്ന് ഗുജറാത്ത് തീരത്ത് പ്രതിഷ്ഠ നടത്തി . സൊ മനാത് എന്നാ പേര് കാലക്രമേണ സോമനാഥ് എന്നായി മാറിയത്രെ ...പില്‍ക്കാലത്ത് മുഹമ്മദ്‌ ഗസ്നി ഈ ക്ഷേത്രം ആക്രമിച്ചതിനെക്കുറിച്ച് സമകാലികനും  സഞ്ചാരിയുമായ ഇബന്‍ബത്തൂത്ത  വിശദീകരിച്ചിട്ടുണ്ട്.. “...നിലം തൊടാതെയും മുകളില്‍ തൂക്കിയിടാതെയും  നില്‍ക്കുന്ന അത്ഭുത പ്രതിഷ്ഠയെന്നു......”  അതി ഭീമമായ ആകര്‍ഷണ വികര്‍ഷണ ശേഷിയുള്ള ഈ പ്രതിഷ്ഠ പോര്‍ച്ചു ഗീസുകാരുടെ കപ്പലുകളുടെ കൊമ്പസുകളെ തെറ്റായ ദിശ കാണിക്കുന്നതിനാലും കപ്പല്‍ ചെതങ്ങള്‍ക്ക് കാരണമായതിനാലും  അവരുടെയും അക്രമതിനിരയായത്രേ....!!  മനസ്സില്‍ കാണാനുറപ്പിച്ച സ്ഥലപേരുമായി സാമ്യമുള്ള ഒരു ക്ഷേത്രം കൈയ്യെത്തും ദൂരത്ത് ഉണ്ടെന്നറിഞ്ഞപ്പോള്‍ മുതല്‍ ലിസ്റ്റില്‍ ചേര്‍ത്തതാണ് ......
ചുരുക്കം ചില സ്ഥലങ്ങളില്‍ നിര്‍ത്തിയും... ചൂടുള്ള ചായ കുടിച്ചും ...നിര്‍ത്താതെ സംസാരിച്ചും .... ചിലപ്പോള്‍ തെല്ലുറക്കെ പാട്ട് പാടിയും ഞങ്ങള്‍ വൈകുന്നേരത്തോടെ മൈസൂരിലെത്തി . രാത്രി സോമനാഥപുരയില്‍ എത്തിയാല്‍ താമസം ബുദ്ധിമുട്ടാകുമെന്നറിയുന്നതിനാല്‍  മൈസൂരില്‍ തന്നെ ഒരു ഹോട്ടല്‍ മുറി അന്വേഷിച്ചു ...മൃഗശാലക്ക് നേരെ മുന്നില്‍ തന്നെയുള്ള ഒരു ഹോട്ടലില്‍ മുന്നൂറു രൂപക്ക് മുറിതരപ്പെട്ടു.
ഒന്നോര്‍ത്താല്‍ ചിരി വരുന്ന ഭീകര രാത്രിയായിരുന്നു അത്. രാത്രിയുടെ ഏതോ യാമത്തില്‍ ഉറക്കം തെളിഞ്ഞ ഞാന്‍ കിടക്കുന്നത് ഹോട്ടല്‍മുറിയിലാണെന്നത് എളുപ്പത്തില്‍ കണ്ടുപിടിച്ചു ..പക്ഷെ തൊട്ടടുത്ത മുറിയില്‍ നിന്ന് കേള്‍ക്കുന്ന വിചിത്രമായ ശബ്ദങ്ങള്‍ ..........ചിന്തിച്ചും ഊഹിച്ചും യഥാര്‍ത്ഥത്തില്‍ ഭയത്തിന്‍റെ പാരമ്യതയില്‍ എന്നേ കൊണ്ടെത്തിച്ചു ..ശാന്തമായുറങ്ങുന്ന വിക്ടോറിയയെ ഞാന്‍ വിളിച്ചുണര്‍ത്തിയില്ല. ഊര്‍ധ്വം വലിക്കുന്നത് പോലെയുള്ള ശബ്ദത്തെ തൊട്ടടുത്ത മുറിയിലെ ആരുടെയോ മരണ വെപ്രാളമായി എന്റെ മനസ്സ് വ്യാഖ്യാനിച്ചു..ഹോട്ടലില്‍ മുറിയെടുത്തു ആത്മഹത്യ ചെയ്യുന്ന വ്യക്തികളോ കുടുംബങ്ങളോ ആരെങ്കിലും ആയിരിക്കുമോ.....പോലീസില്‍ സ്റ്റേഷനില്‍ വിളിച്ചാലോ.......വാതില്‍ തുറന്നു തനിച്ചു താഴത്തെ നിലയിലുള്ള റിസപ്ഷനില്‍ പോയി പറയാമെന്നു വെച്ചാല്‍ വിക്ടോറിയയെ തനിച്ചാക്കി പോകാനും മടി ..ഇനി അവളെ വിളിച്ചുണര്‍ത്തിയാല്‍ അവളെ കൂടി പേടിപ്പിക്കലാവില്ലേ......കാട് കയറിയ ഭ്രാന്ത്‌ പിടിച്ച ചിന്തകള്ക്കൊടുവില്‍ എനിക്ക് സംഗതി മനസ്സിലായി.കേവലം ഇരുന്നൂറു മീറ്റര്‍ മാത്രം അകലെയുള്ള മൃഗശാലയിലെ പേരറിയാത്ത ഏതോ മൃഗത്തിന്റെ  കരച്ചിലാണ് ഞാന്‍ ഊര്‍ധ്വം വലിയായി തെറ്റി ധരിച്ചത് .... പിന്നീട് കൂടുതല്‍ ഉറക്കമൊന്നും നടന്നില്ല .പുലര്‍ച്ചെ അഞ്ച് മണിക്ക് വിക്ടോറിയയെയുംവിളിച്ചുണര്‍ത്തി ആറു മണിയോടെ ഞങ്ങള്‍  റൂം വെക്കേറ്റ്  ചെയ്തു..പിന്നീടുള്ള യാത്രയിലായിരുന്നു എന്റെ കാളരാത്രിയുടെ കഥ ഞാന്‍ അവളോട്‌ പറഞ്ഞത്..
വഴിയിലെ ചെറിയൊരു തട്ടുകടയില്‍ നിന്ന് പ്രഭാത ഭക്ഷണവും കഴിഞ്ഞ് ഞങ്ങളുടെ ബൈക്ക് സോമനാഥപുരയിലേക്ക്‌ കുതിച്ചു. റോഡിനിരുവശവും ഫലപൂയിഷ്ഠമായ പ്രദേശങ്ങള്‍ ആയിരുന്നു. വിശാലമായ  നെല്പാടങ്ങളും തെങ്ങിന്‍ തോപ്പുകളും ......ചെണ്ടുമല്ലികള്‍ പൂത്തുനില്ക്കുന്ന ഒരു പൂപ്പാടം കണ്ടിട്ടാണ് ഞാന്‍ വണ്ടി നിര്‍ത്തിയത് . ക്യാമറയുമായി അതിനകത്ത് കടന്നപ്പോള്‍ തൊട്ടടുത്ത വയലില്‍ ഒരാള്‍ കരിമ്പ് വെട്ടുന്നു. വിക്ടോറിയക്ക് കരിമ്പ്‌ കണ്ട് കൊതി കേറി.. പിന്നെ ആവശ്യക്കാരന് ഔചിത്യം നോക്കെണ്ടാതില്ലല്ലോ...മലയാളവും കന്നഡയും , തമിഴും സമം ചേര്‍ത്ത് ഞാനയാളോട് കരിമ്പിനു ചോദിച്ചു. പകരം
കാശ് വാങ്ങാത്ത ആ ഗ്രാമീണതയ്ക്ക് നന്ദി പറയാന്‍ എനിക്ക് ആംഗ്യങ്ങളെ ആശ്രയിക്കേണ്ടിവന്നു.
മുട്ടന്‍കരിമ്പിന്‍ തണ്ടുകള്‍ മുറിച്ചു കഷ്ണങ്ങളാക്കി ബൈക്കിന്റെ ക്യാരീ ബോക്സില്‍ അടുക്കി വെച്ച് ഞങ്ങള്‍ വീണ്ടും യാത്ര തുടങ്ങി..
ബൈക്കിന് പുറകില്‍ നിന്നും വന്ന  അസാധാരണ ശബ്ദമായിരുന്നു പിന്നീട് ബൈക്ക് നിര്‍ത്തിച്ചത് .ക്യാരീ ബോക്സും പുറകിലത്തെ ഫൂട്ട്റെസ്റ്റും ഫിക്സ് ചെയ്ത നട്ടും, ബോള്‍ട്ടും പോയിരിക്കുന്നു. ഇനിയെന്ത് ചെയ്യും ?  മുന്‍പ്  “മോട്ടോര്‍ സൈക്കിള്‍ ഡയറി" എന്ന പുസ്തകത്തില്‍  ചെഗുവേരയും ആല്ബെര്ടോ ഗ്രനെടയും  ചേര്‍ന്ന്  നടത്തിയ യാത്രയില്‍ തകരാറുകള്‍ പരിഹരിക്കാന്‍ കൈയില്‍ ഉണ്ടായിരുന്ന രണ്ട് സംഗതികളെ കുറിച്ച് എഴുതിയത് വായിച്ചിരുന്നു. കെട്ടുകമ്പിയും പ്ലെയറുമായിരുന്നു അത്.ഇവിടെ അതുപോലെ ഞങ്ങള്‍ക്ക് തുണയായത് ബാഗ്‌ വെച്ച്  കെട്ടാന്‍ എടുത്ത പ്ലാസ്ടിക് കയറായിരുന്നു..തല്‍ക്കാലം ആ കയറുപയോഗിച്ച് ഇളകിയ ബന്ധങ്ങളെ കെട്ടിമുറുക്കി അടുത്ത വര്‍ക്ക്‌ഷോപ്പ് വരെ  ഞങ്ങള്‍ യാത്ര തുടര്‍ന്നു..
Add caption
ചിലരങ്ങനെയാണ്!... യാത്രയോടും യാത്രക്കരോടുമുള്ള ഭ്രമം മൂത്തതുകൊണ്ടായിരിക്കണം വഴിയിലെ ചെറിയ ചായക്കടയില്‍ ചൂടുള്ള ചായക്കൊപ്പം ഊഷ്മളമായ ഒരു സൌഹൃദം കൂടി ഞങ്ങള്‍ക്ക് കിട്ടി.. "സുബ്രഹ്മണ്യന്‍" തമിഴ് നാട്ടില്‍ നിന്നും എന്തോ ജോലിയുമായി അവിടെ എത്തിച്ചേര്‍ന്നയാളാണ് .. പിരിയും വരെ യാത്രയെക്കുറിച്ച് വാതോരാതെ സംസാരിച്ചു അദ്ദേഹം...ചായക്കാശു കൊടുക്കാനും ഞങ്ങളെ വിട്ടില്ല.പട്ടാളക്കാരുടെയും ഡ്രൈവര്‍മാരുടേയും യാത്രാകഥകള്‍ക്ക് കാതുകൂര്‍പ്പിച്ചിരിക്കുന്ന നാട്ടുമ്പുറത്തെ പഴയകാലചായക്കട പോലെ തോന്നിപ്പിച്ചിരുന്നു അത്. അപ്പോള്‍ ഞങ്ങള്‍ക്ക് ഞങ്ങളെക്കുറിച്ച് ചെറുതല്ലാത്ത മതിപ്പ് തോന്നി ......

സോമനാഥപുരയില്‍ എട്ടു മണിക്കെത്തി.ഞങ്ങളായിരുന്നു അന്നത്തെ ആദ്യ സന്ദര്‍ശകര്‍ .
ഇനിയും തുറക്കാത്ത ഗേറ്റിനു മുന്‍പില്‍ ഞങ്ങള്‍ക്ക് കുറെ നേരമിരിക്കേണ്ടി വന്നു. ഒരര്‍ഥത്തില്‍ അത് നന്നായി.ക്ഷേത്രത്തിനു ചുറ്റും ഞങ്ങള്‍ക്ക് നടന്നു കാണാന്‍പറ്റി.
എണ്ണൂറോളം വര്‍ഷങ്ങള്‍ക്കു മുമ്പ് ചിലപ്പോള്‍ പശ്ചിമഘട്ടത്തിനിപ്പുറത്ത് കേരളത്തിലെ  എന്റെയൊക്കെ പൂര്‍വ്വികര്‍ പ്രാകൃതരായിരുന്ന കാലത്ത് സമ്പല്‍സമൃദ്ധവും അത്യന്താധുനികവും ആയിരുന്നു ഈ പ്രദേശങ്ങള്‍ എന്ന് കാലത്തെ അതിജീവിച്ച കനത്ത ശിലാനിര്‍മ്മിതികള്‍ നിശബ്ദമായി വിളിച്ചോതുന്നുണ്ടായിരുന്നു.പക്ഷെ കാലത്തിനിപ്പുറം ദരിദ്ര നാരായണന്‍മാരെ മാത്രമേ അവിടെ കാണാനുള്ളു. തോട്ടരികില്‍ ഒരു സ്കൂള്‍ .... വൃത്തിയില്ലാത്ത അന്തരീക്ഷം... യുനിഫോമിട്ട കുട്ടികള്‍ ജിജ്ഞാസയോടെ ഞങ്ങള്‍ക്ക് മുന്നില്‍ തിളങ്ങുന്ന കണ്ണുകളുമായി വന്നു. എവിടെ നിന്ന്? എന്തിനു? അതും ഒരു ബയ്ക്കില്‍..? പരിമിതമായ ഭാഷയില്‍
അവിശ്വാസത്തോടെയെങ്കിലും ആത്മാര്‍ത്ഥതയോടെ കുട്ടികള്‍  പലതും  സംസാരിച്ചു.ദരിദ്രരുടെ കുട്ടികളായിരുന്നു അവര്‍.  കര്‍ഷക തൊഴിലാളികളുടെ....കാലി വളര്ത്തുകാരുടെ....കാള വണ്ടിക്കാരുടെ ...ഒരു നീണ്ട ബെല്ലിനോടുവില്‍ കുട്ടികള്‍ സ്കൂളിലേക്ക് ഓടി. വീണ്ടും ഞങ്ങള്‍ തനിച്ചായി....അപ്പോഴേക്കും ആര്‍ക്കിയോളജി ഡിപ്പാര്‍ട്ട്മെന്റ് ഗേറ്റ് തുറന്നിരുന്നു

ക്ഷേത്രത്തില്‍ ആദ്യമായി എത്തുന്ന ഏതൊരാളും ആദ്യം അത്ഭുതപ്പെടുന്നത് ക്ഷേത്രമുറ്റത്തെ മൂന്നുനില കെട്ടിടത്തോളം ഉയരം വരുന്ന സ്തൂപമാണ് .. നൂറ്റാണ്ടുകളായി അതങ്ങനെ തലയുയര്‍ത്തി നില്‍ക്കുന്നു ..മനുഷ്യന്റെ സമസ്ത പുരോഗതിക്കും നിദാനമായ സംഗതി അവന്റെ സഹജമായ ഒരു കുട്ടിയുടേത് പോലുള്ള കൌതുകമാണെന്ന് എവിടെയോ വായിച്ചതോര്‍ത്തു .കൌതുകത്തോടെ....ജിജ്ഞാസ തുളുമ്പുന്ന മനസ്സോടെ...കണ്ണോടെയല്ലാതെ ക്ഷേത്രത്തിനകത്ത് ഒരടി നീങ്ങാന്‍ പറ്റില്ല .അത്ര മനോഹരമാണ് ...സമഗ്രമാണ് ശില്‍പങ്ങളുടെ നിര്‍മ്മിതി.

1268ല്‍ നരസിംഹ മൂന്നാമന്റെ പടനായകനായ സോമനാഥ് ആണ് ഈ ക്ഷേത്ര നിര്‍മ്മിതി നടത്തിയത്. രുവാരി മല്ലതമ്മ എന്നാ രാജശില്‍പിയാണ് ക്ഷേത്രനിര്‍മ്മാണ മേല്‍നോട്ടം വഹിച്ചതെന്ന് അനുമാനിക്കുന്നു. നാല്പതോളം ശില്പങ്ങള്‍ക്ക് താഴെ “മല്ലി” എന്നും ചിലതില്‍ “മ”  എന്നും കൊത്തി വെച്ചിട്ടുണ്ട് .വിശദവും സങ്കീര്‍ണ്ണവും സൂക്ഷ്മവുമായ ചില കൊത്തുപണികള്‍ മരമാണോ കല്ലാണോ എന്ന് ആരെയും സംശയിപ്പിച്ചേക്കും ....ദേവീദേവന്മാരുടെ ശില്പങ്ങളിലെ ആഭരണ സമൃദ്ധി അതിമനോഹരം തന്നെ ..അരഞ്ഞാണം ,കണ്ണ്ടാഭാരണങ്ങള്‍  മുതലായവ അക്കാലത്തു നിലനിന്നിരുന്ന ആഭരണസങ്കല്പങ്ങളെയും വിശദമാക്കുന്നു.
നൂറ്റാണ്ടുകളുടെ വെയിലിനെ ,കാറ്റിനെ, മഴയെ, സ്പര്‍ശനങ്ങളെ, അക്രമങ്ങളെ അതിജീവിച്ച ശിലാകാവ്യങ്ങളെ ഒരു ദിവസം കൊണ്ട് അനുഭവിച്ചു തീര്‍ക്കല്‍ അസാധ്യമാണ്. തൊട്ടടുത്ത സ്കൂളിലെ ബെല്‍ വീണ്ടും മുഴങ്ങി .കുസൃതികളായ കുട്ടികള്‍ ക്ഷേത്രാങ്കണത്തില്‍ ഓടി കളിക്കുന്നു.എനിക്കവരോട് അസൂയ തോന്നി തൊട്ടടുത്ത നിമിഷം എന്റെ അസൂയ മാറി .ഓടിക്കളിക്കുന്ന മുറ്റത്തിന്റെ പ്രൌഡിയോ ഗാംഭീര്യമോ മഹത്വമോ മനസ്സിലാകാതെ ഒളിച്ചും പാത്തും കളി നടത്തുന്ന ആ കുട്ടികള്‍ എന്നെ പോലെ മറ്റൊരുവന്‍ തന്നെയല്ലേ.ഭാരതമെന്ന ഗാംഭീര്യമാര്‍ന്ന മഹത്തായ പ്രൌഡമായ ഈ രാജ്യത്തിന്റെ സംസ്കൃതികളെ പറ്റി ,പാരമ്പര്യത്തെ പറ്റി മനസ്സിലാക്കാതെ പ്രാദേശികത്വതിന്റെ ഇടുങ്ങിയ പരിമിതത്വത്തില്‍ ഇതാണ് ഇന്ത്യ ഇതാണെന്റെ രാജ്യം എന്ന് പറയുന്ന ജനകൊടികളില്‍ ഒരുവന്‍ ?

സോമനാഥ ക്ഷേത്രത്തില്‍; മൂന്നു പ്രതിഷ്ഠകളുണ്ട് ചെന്നകേശവന്‍ , വേണു ഗോപാലന്‍ ,ജനാര്‍ദ്ദനന്‍  എന്നിവയാണവ. സുന്ദരനായ കേശവന്‍ എന്നര്‍ഥം വരുന്ന ചെന്ന കേശവന്‍ പ്രതിഷ്ഠ നഷ്ടപ്പെട്ട് പോയിരിക്കുന്നു.ചിലപ്പോള്‍ ഏതെങ്കിലും സ്വകാര്യ മ്യുസിയത്തിലോ ക്ഷേത്രത്തിലോ ആ അമൂല്യ സുന്ദര ശില്പം ഉണ്ടായിരിക്കാം.
Add caption
കടഞ്ഞെടുത്ത കല്‍ത്തൂണുകള്‍ കൊണ്ട് തീര്‍ത്ത അറുപത്തിനാല് തളങ്ങളുള്ള മണ്ഡപം ചുറ്റുമതിലിനോട്‌ ചേര്‍ന്നു പണിതിരിക്കുന്നു.അതിനു നടുവിലുള്ള വിശാലമായ തളത്തിനു
നടുവില്‍ ആനകളെക്കൊണ്ട് താങ്ങി നിര്‍ത്തിയതെന്ന പോലെ നക്ഷത്രാകൃതിയില്‍ പണിത തറക്ക് മുകളിലാണ് ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. ശില്‍പങ്ങളുടെ നിരീക്ഷണം അന്നത്തെ രാജാക്കന്മാരെ പറ്റിയും ദേവീദേവ സങ്കല്പങ്ങളെ പറ്റിയുമെല്ലാം വിശദമായി മനസ്സിലാക്കാന്‍ സഹായകരമാവും.
ആനകള്‍ താങ്ങി നില്കുന്നതെന്ന് തോനിപ്പിക്കുന്ന ഒരു വരി കൊത്തു പണികള്‍ക്ക് മുകളിലേക്ക് ക്രമമായി കുതിരപ്പുറത്ത്‌ ഏറിയ പോരാളികള്‍ മുകളില്‍ ഭാവനയുടെ പാരമ്യത്തില്‍ കൊത്തിയെടുത്ത ലതാ നിരകള്‍ അതിനും മീതെ വാളും പരിചയും കയിലെന്തിയ കാലാള്‍ ,മുകളില്‍ വ്യാളികള്‍ മീതെയായി മയിലുകള്‍.....
കനത്ത  കല്‍ത്തൂണുകള്‍ കടഞ്ഞെടുത്ത് മിനുക്കിയെടുത്തത് എന്തൊക്കെ
ഉപകരണങ്ങള്‍ ഉപയോഗിച്ച് ആയിരിക്കാം...കൂറ്റന്‍ ശിലാപാളികളെ ഇത്ര കണിശതയോടെ കൂട്ടിയോജിപ്പിക്കാന്‍ അക്കാലത്തെ ആള്‍ക്കാരെ സഹായിച്ച അറിവുകള്‍ സങ്കീര്‍ണമായ കണക്കുകള്‍
എന്തോക്കെയായിരിക്കാം.? മ്യുറല്‍ പെയിന്റിംഗുകളില്‍ കാണുന്ന തരം സങ്കീര്‍ണമായ 
ആടയാഭരണ സമൃദ്ധി കല്ലില്‍ പ്രകടമാകുമ്പോള്‍ എങ്ങനെ അത്ഭുതം തോന്നാതിരിക്കും .അമൃതകുംഭവുമായി നില്ക്കുന്ന മോഹിനി ,ഐരാവതത്തിലേറിയ ഇന്ദ്രന്‍ , ശ്രീകൃഷ്ണന്റെ ശില്പം എന്നിവ ആസ്വാദകനെ പിടിച്ചു നിര്ത്തുന്നവയാണ് .

കല്ല്‌ പതിച്ച ക്ഷേത്രമുറ്റം ചുട്ടു പൊള്ളാന്‍ തുടങ്ങിയിരിക്കുന്നു . ഞങ്ങളുടെ ബൈക്കിന് വീണ്ടും ജീവന്‍വെച്ചു.  ശ്രീരംഗപട്ടണം അടുത്ത ലക്‌ഷ്യം. നാഗരികത തീണ്ടാത്ത ഫ്ലക്സ് ബോര്‍ഡുകള്‍ ഇല്ലാത്ത നാട്ടിന്‍പുറങ്ങളിലൂടെയാണ് ഞങ്ങള്‍ കടന്നു പോയത്. വഴിയിലെ ചെറിയ ഹോട്ടലില്‍ നിന്ന് ശാപ്പാടും നടത്തി വീണ്ടുമൊരു നഗരത്തിരക്കിലെക്ക് ഞങ്ങള്‍ ചെന്ന് കയറി.
ശ്രീരംഗപട്ടണം ...കാവേരി തീരത്തെ ടിപ്പുവിന്റെ ആസ്ഥാനം .
.രണ്ടു ഭാഗവും കാവേരി നദിയാല്‍ ചുറ്റപ്പെട്ട വളരെ തന്ത്രപ്രധാനമായ ഒരിടമാണ് കൊട്ടാരം നിന്നിരുന്ന സ്ഥലം
.ടിപ്പുവിന്റെ പതനത്തോടെ ഇവിടം മുഴുവനും കൊള്ളയടിച്ചും തകര്‍ത്തും നശിപ്പിക്കപ്പെട്ടത്രേ.കൊള്ളക്കാരും അക്രമികളും തകര്‍ത്തിട്ടും പതിറ്റാണ്ടുകളുടെ മഴയും വെയിലും കൊണ്ടിട്ടും ബാക്കിയായ എടുപ്പുകള്‍ കണ്ടാലറിയാം എത്ര കരുത്തോടെ പണിതതാണവയെന്ന് .ഇന്നുണ്ടായിരുന്നെങ്കില്‍ ചെങ്കോട്ടയോളം പ്രൌഡി ഉണ്ടായിരുന്നേനെ ആ കൊട്ടാരസമുച്ചയത്തിന്!.  ടിപ്പു വെടിയേറ്റു വീണ സ്ഥലം പ്രത്യേകം സംരക്ഷിക്കപെട്ടിട്ടുണ്ട്. കോട്ടക്കകത്ത് കൂടിയാണ് റെയില്‍വേ ലൈന്‍ കടന്നു പോകുന്നത്. ടിപ്പു നിര്‍മിച്ച റോഡുകളെ പറ്റി പറയാതിരിക്കാന്‍ സാധിക്കില്ല നൂറ്റാണ്ടുകളെ മുന്നില്‍ കണ്ടു കൊണ്ട് നിര്‍മിച്ച ആ രാജപാതകള്‍ തന്നെയാണ് ഇന്നും അവിടത്തെ ദേശീയ പാതകള്‍ മിക്കതും. അത്തിയും ആലും അതിരിട്ട ആ റോഡുകള്‍ മാത്രം മതി ദീര്‍ഘ ദര്ശിയായ ആ ഭരണാധികാരിയെ മനസ്സിലാക്കാന്‍ ..

വീണ്ടും കുറെ കുട്ടികള്‍ ഞങ്ങളെ പൊതിഞ്ഞു.മുന്പെയുള്ളത് പോലെയല്ല ഇവര്‍ക്ക് അത്യാവശ്യം ഇംഗ്ലീഷ് അറിയാം.ഞങ്ങള്‍ അവരുടെ മുന്നില്‍ ഒരു ഹീറോ ആയി.കേരളം അവര്‍ക്ക് മുന്നില്‍ ക്ലാസ്സ് റൂമിന്റെ ഭിത്തിയില്‍ വരച്ചുവെച്ച വാഴയില പോലെ നീണ്ട ഒരു പ്രദേശം
 മാത്രമായിരിക്കുമല്ലോ!. സഞ്ചാരികളോടുള്ള ആരാധനയും ബഹുമാനവും എന്നെക്കാള്‍ കൂടുതല്‍ ആ കുട്ടികള്‍ക്കുണ്ടായിരുന്നു എന്ന് തോന്നുന്നു  അതുകൊണ്ടാവാം കൂടെയിരുന്നൊരു ഫോട്ടോയെടുക്കാന്‍ അവര്‍ തിരക്ക് കൂട്ടിയത്.ടിപ്പുവിന്റെ സാമ്രാജ്യത്തില്‍ ഞങ്ങള്‍ രണ്ടുപേരും കുറച്ചു നേരം രാജാവും രാജ്ഞിയുമായി.

തകര്‍ക്കാന്‍ ശ്രമിക്കുക പോലും ചെയ്യാത്തതായി തോന്നിയ രണ്ടു കെട്ടിടങ്ങള്‍ ഒന്നു പള്ളിയും മറ്റൊന്ന് ഒരു അമ്പലവും ആയിരുന്നു.  ഒരൊറ്റ സമുച്ചയത്തിനുള്ളില്‍ രണ്ടും തലയുയര്‍ത്തി നില്‍ക്കുന്നു .ശേഷം ഞങ്ങള്‍ എത്തിപെട്ടത് ടിപ്പുവിന്റെ ജയിലറ അല്ലെങ്കില്‍ കൊലയറയിലേക്കായിരുന്നു. പഴയ കാലത്തെ ദണ്ടന മുറകള്‍ വ്യത്യസ്തവും ഭീകരവും തന്നെയാണ്. അതുകൊണ്ട് തന്നെ ആയിരിക്കാം നൂറ്റാണ്ടുകള്‍ മുമ്പ് ഇവിടം സന്ദര്‍ശിച്ച പലരും ഈ നാടിന്റെ  ധര്‍മിഷ്ഠതായയെ വാനോളം പുകഴ്ത്തി
രേഖപെടുത്തിയത്.കുറ്റവാളികള്‍ക്കും രാജ്യദ്രോഹികള്‍ക്കും കനത്ത ശിക്ഷ തന്നെ കൊടുക്കണം എന്നതിന് എനിക്ക് എതിരഭിപ്രായമില്ല.
പക്ഷെ നാല്പത്തിരണ്ടു പേരെ ഒന്നിച്ചു ബന്ധിക്കാനുള്ള സൌകര്യത്തോടു കൂടിയ കൂറ്റന്‍ ജയിലറ കവെരീതീരത്താണ് .നദിയോളം താഴ്ത്തിയാണ് ഇത് പണിതിരിക്കുന്നത് .കാവേരീനദിയിലെ വെള്ളത്തിന്റെ നിരപ്പ് കുറ്റവാളികളുടെ വിധി നിശ്ചയിക്കുന്നു.നദിയില്‍ വെള്ളം പൊങ്ങിയാല്‍ പ്രത്യേകം തയ്യാറാക്കിയ ദ്വാരങ്ങളില്‍കൂടെ അകത്തേക്ക് വെള്ളം കയറുകയുംകുറ്റവാളികള്‍ വെള്ളത്തില്‍ മുങ്ങി മരിക്കുകയും ചെയ്യുന്നു സാവധാനം പൊങ്ങിവരുന്ന ജലം കനത്ത കല്ലുകളില്‍ ബന്ധിപ്പിക്കപ്പെട്ട കൈകള്‍... സുനിശ്ചിതമായ മരണം...! എനിക്കും ശ്വാസം മുട്ടുന്നുണ്ടായിരുന്നു  ... .ബ്രിട്ടീഷ്കാര്‍ കീഴടക്കിയതിനു ശേഷം ഇത് തകര്‍ക്കാനുള്ള ശ്രമമായി ജയിലിനകത്ത്
സ്ഥാപിച്ചിരുന്നകൂറ്റന്‍ പീരങ്കിക്ക് മുകളില്‍ ഡയനാമിറ്റുസ്ഥാപിച്ചു സ്ഫോടനം നടത്തിയത്രേ. ആ സ്ഫോടനത്തില്‍ ഉരുക്കില്‍ നിര്‍മ്മിച്ച പീരങ്കിയുടെ മുകള്‍ഭാഗം മാത്രം അല്പം ഉരുകിപോയി. പീരങ്കിക്ക് നേരെ മുകളില്‍ മേല്കുരക്ക് ചെറിയൊരു ദ്വാരവും വന്നു. കരിങ്കല്ലില്‍ കൊത്തിയ രാജശാസനം പോലെ ജയിലറ ഇന്നും നിലനില്‍ക്കുന്നു.
പഴയ രാജവീഥിയിലൂടെഞങ്ങളുടെ ബൈക്ക് പതിയെ എത്തിയത് കാവേരി നദിക്ക് കുറുകെ പണിത ഒരു പാലത്തിലായിരുന്നു.കൈവരികളില്ലാത്ത വീതികുറഞ്ഞ പാലത്തിലൂടെ ഞങ്ങള്‍ മറുവശം കടന്നുഅപകടം പിടിച്ചതാണോ എന്നറിയില്ല.ഒരു കുഗ്രാമത്തിലെക്കെന്നു തോന്നിക്കുന്ന വഴിയിലൂടെ ഞങ്ങള്‍ ഒരുപാട് മുന്നോട്ടു പോയിതികച്ചും ഗ്രാമാന്തരീക്ഷം.ചാണകം , ആട്ടിന്കാട്ടം എന്നിവയുടെ ഗന്ധം . കരിമ്പിന്‍ തോട്ടങ്ങളും  , നെല്‍വയലുകളും  വഴിയരികിലെ ഓറഞ്ചു മരത്തില്‍ നിന്നും ഞാന്‍ ഓറഞ്ചു പറിച്ചു. വല്ലാതെ പുളിക്കുന്നു.ചെറിയൊരു കടക്കു മുന്‍പില്‍ വണ്ടിയെതിയതും ഒരു സ്ത്രീ ചാടിയിറങ്ങി വന്നു. കൊരിക്കാനെന്തെങ്കിലും ആവശ്യപെട്ട എന്നോട് അവര്ക് പറയാന്‍ കാലങ്ങളോളം ഓര്‍മയില്‍ നില്ക്കുന്ന ഒരു കഥകൂട്ടുണ്ടായിരുന്നു .എഞ്ചിനീയറിംഗ് പഠനത്തിനായി പറഞ്ഞു വിട്ട അവരുടെ സഹോദരന്റെ മകള്‍ വിക്ടോറിയെ പോലെ തന്നെയാണത്രേ  .ബയ്ക്കില്‍ ഏതോ പയ്യന്റെ കൂടെ വരുന്നത് അവളാണെന്ന് ധരിച്ചുവശായിട്ടാണ് പുള്ളിക്കാരി കടയില്‍ നിന്നും ചാടിയിറങ്ങിയത്. ഭാഗ്യം അവര്‍ക്ക് അവളല്ലെന്നു തിരിച്ചറിയാന്‍ അധികസമയം വേണ്ടിവരാതിരുന്നത്. അല്ലേല്‍ ഞാന്‍ ഈ വരത്തന്‍ പയ്യന്‍ കുടകന്റെ കൈയ്യാല്‍ തീര്‍ന്നുപോകുമായിരുന്നു.  ഗ്രാമാന്തരങ്ങളിലേക്കുള്ള  യാത്ര ഞങ്ങള്‍ അതോടെ നിര്‍ത്തി.സ്നേഹത്തോടെയും വാല്‍സല്യത്തോടെയും ആ ചേച്ചി ഞങ്ങളെ യാത്രയാക്കി.
ത്രിവേണീസംഗമത്തിലേക്കാണ് അടുത്ത യാത്ര. ആ
വഴിയിലായിരുന്നു ടിപ്പുവിന്റെ വേനല്‍ക്കാല വസതി.. സമയക്കുറവ് കൊണ്ട് അധികം വിസ്തരിച്ചു കാണാതെ ഞങ്ങള്‍ മടങ്ങി. ത്രിവേണി സംഗമത്തില്‍ നല്ല കുത്തൊഴുക്കായിരുന്നു .വട്ടതോണികള്‍ തീരത്ത് വിശ്രമിക്കുന്നുണ്ടായിരുന്നു. പാറക്കെട്ടുകളും ചുഴികളും നിറഞ്ഞ ഇവിടെ നമ്മുട്ടെ നാട്ടിലെ തോണികള്‍ ഇല്ലെന്നു തന്നെ പറയാം. കൂടുതലായും വട്ടതോണികലാണ് .
പാറയിലിടിച്ചാല്‍ തകരില്ലെന്നതും വിസ്ഥാപന ശേഷി കൂടുതലായതിനാല്‍ മറിയാനുള്ള സാധ്യത കുറവാണെന്നതും ദിശാമാറ്റം എളുപ്പമാണെന്നുള്ളതുമൊക്കെ കാരണമാവാം. ചൂണ്ടയിട്ട് മീന്‍ പിടിക്കുന്നവരുണ്ട്. നല്ല മീന്‍ കിട്ടുന്നുമുണ്ട്. എന്റെ ബാല്യകാലത്തെ ഇഷ്ടവിനോദമായ ചൂണ്ടയിടല്‍ കുറച്ചുനേരം നോകി ആസ്വദിച്ചു.
ഞങ്ങള്‍ക്ക് മടങ്ങാനുള്ള നേരമായിരുന്നു.ഇപ്പോള്‍ മടങ്ങിയാല്‍ രാത്രി ഒരു ഒന്‍പതു പത്തു മണിയോടെ വീട്ടിലെത്താം .മൈസൂരിലേ കാണാക്കാഴ്ചകള്‍ വീണ്ടുമൊരിക്കല്‍ വന്നു കാണുമെന്ന തീരുമാനത്തോടെ ഞങ്ങള്‍ വണ്ടി തിരിച്ചു.

മൈസൂരില്‍ നിന്നും വലിയൊരു ഷോപ്പര്‍ നിറയെ പച്ചക്കറികളും പഴങ്ങളും വാങ്ങി വണ്ടിടുടെ സൈഡില്‍ വെച്ചുകെട്ടി
. രാത്രിയോടെ ഞങ്ങള്‍ ചുരമിറങ്ങി കേരളത്തിന്റെ മണ്ണിലേക്കിറങ്ങി.മഴ അപ്പോഴും പെയ്യുന്നുണ്ടായിരുന്നു.വീണ്ടും മഴക്കോട്ടിലെക്ക് അഭയം പ്രാപിച്ചു.ഏറെക്കുറെ കൃത്യസമയത്തിന് ഞങ്ങള്‍ വീട്ടിലെത്തി.അറുന്നൂറോളം കിലോമീറ്റര്‍....പണ്ടൊരിക്കല്‍ ഇതുപോലൊരു യാത്രക്കൊടുവില്‍ .ഒരു കൂട്ടുകാരന്‍ പകുതി തമാശയും പകുതി കാര്യമായും പറഞ്ഞ വാക്കുകള്‍ ഞാനോര്‍ത്  വിക്ടോരിയയോടു പറഞ്ഞു. പുള്ളിക്കാരന്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു  . “അനിയെട്ടാ  ഈ ലാപ്ടോപിനൊക്കെ അടിയില്‍ വെക്കുന്ന പോലൊരു ഫാന്‍ ആസനത്തില്‍ ഫിറ്റ്‌ ചെയ്താല്‍ അല്പം ആശ്വാസം കിട്ടുമായിരുന്നു അല്ലേ” എന്ന് .........അത് ശരിയാണെന്ന്  അവള്‍  പറഞ്ഞത് ആ അവസ്ഥയെ ശരി വെച്ച് തന്നെയായിരുന്നു.....